2017-02-02 14:17:00

ഡുക്യാറ്റ് - 5: ദൈവം മനുഷ്യനു നല്കിയ സ്വാതന്ത്ര്യത്തിന്‍റെ വിനിയോഗം


കഴിഞ്ഞ സഭാദ൪ശനം പരിപാടിയിൽ ഡുക്യാറ്റ് എന്ന, സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള അനുരൂപണമായ ഗ്രന്ഥത്തിന്‍റെ നാലും അഞ്ചും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് വിചിന്തനത്തിനെടുത്തത്. മറ്റു സൃഷ്ടികളില്‍നിന്നു വ്യത്യസ്തമായി മനുഷ്യനു ദൈവത്തെ അനുഭവിക്കാന്‍ കഴിയും എന്നും ദൈവത്തിനുവേണ്ടിയുള്ള ഒരു ദാഹം നമ്മില്‍ അന്തര്‍ലീനമാണെന്നും അതിനാല്‍ ഏതു മതത്തിലും സംസ്ക്കാരത്തിലും ഈ ഒരു ദാഹം, അതായത് അപരിമേയനും പരമവുമായ ദൈവത്തിനുവേണ്ടിയുള്ള ദാഹം, എന്നേയ്ക്കും നിലനില്‍ക്കുന്നതിനുവേണ്ടിയുള്ള ഒരു ദാഹം വളരെ വ്യക്തമാണെന്നും നാം കണ്ടു. ദൈവം ഈ ലോകത്തെ സൃഷ്ടിച്ചത് അവിടുത്തെ കവിഞ്ഞൊഴുകുന്ന സ്നേഹത്തില്‍ നിന്നാണ്. അവിടുന്ന് നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്, അവിടുന്നു നമ്മെ സ്നേഹിക്കുന്നതുപോലെ, നാമും അവിടുത്തെ സ്നേഹിക്കണമെന്നാണ്.

ഡുക്യാറ്റ് എന്ന സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള അനുരൂപണമായ ഗ്രന്ഥത്തിലെ 5 മുതല്‍ 10 വരെയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും വിശകലനവുമാണ് ഇതിലുള്ളത്.  രണ്ടു കാര്യങ്ങളാണ് ഇവയില്‍ ചര്‍ച്ച ചെയ്യുക: ദൈവം മനുഷ്യനു നല്‍കിയ സ്വാതന്ത്ര്യമുപയോഗിച്ച് അവന്‍  തിന്മ തെരഞ്ഞെടുത്തതിനെക്കുറിച്ചും മനുഷ്യന്‍ തിന്മയ്ക്കു വിധേയനായിട്ടും അവനെ ഉപേക്ഷിക്കാതെ സ്വീകരിക്കുകയും തന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചും. 

ആറാമത്തെ ചോദ്യമിതാണ്:

ദൈവം സ്നേഹത്താലാണ് ഈ ലോകം സൃഷ്ടിച്ചതെങ്കില്‍ പിന്നെങ്ങനെയാണ് ലോകം അനീതിയും അടിച്ചമര്‍ത്തലും സഹനങ്ങളും നിറഞ്ഞതായിരിക്കുന്നത്?

മനുഷ്യന്‍റെ എക്കാലത്തെയും ചോദ്യമാണിത്. ചിന്തകന്മാരും എല്ലാ മതങ്ങളും ഈ ചോദ്യത്തിനുത്തരം നല്‍കാന്‍ ശ്രമിക്കുന്നുമുണ്ട് എന്നു നമുക്കറിയാം.  സാധാരണക്കാരായ നാം ചിലപ്പോഴൊക്കെ തിന്മ വിജയിക്കുന്നതും പാവങ്ങളും നീതിയുള്ളവരും സ്നേഹജീവിതം നയിക്കുന്നവരും മറ്റുള്ള വരുടെ തിന്മയെ ഏറ്റുവാങ്ങേണ്ടിവരുന്നതും പല വിധത്തിലുള്ള കെടുതികള്‍ക്കി രയാകുന്നതും നാം കാണുന്നു.  അപ്പോള്‍ തിന്മയെക്കുറിച്ചും, സഹനത്തെക്കുറിച്ചും ഉത്തരമില്ലാത്ത ഒട്ടേറെ സംശയങ്ങളുമു ണ്ടാകുന്നു.  എന്തിന്, ദൈവമുണ്ടോ എന്നുപോലും സഹിക്കുന്ന നീതിമാന്‍ ചോദിക്കുന്നത് നാം കേള്‍ക്കുന്നു, നാം തന്നെ അങ്ങനെ ചോദിക്കുകയും ചെയ്യുന്നു.  ഡുക്യാറ്റ് നല്‍കുന്ന ഉത്തരമിതാണ്.

ദൈവം ഈ ലോകം സൃഷ്ടിച്ചത് അതില്‍ത്തന്നെ നന്മയായിട്ടാണ്.  എന്നാല്‍ മനുഷ്യന്‍ ദൈവത്തില്‍ നിന്നകന്നുപോയി, ദൈവസ്നേഹത്തിനു എതിരായി തീരുമാനമെടുത്ത് തിന്മയെ ലോകത്തില്‍ കൊണ്ടു വന്നു. ബൈബിള്‍ അതിനെക്കുറിച്ചു പറയുന്ന കഥയാണ് ആദ്യപാപ്വും ആദത്തിന്‍റെയും ഹവ്വയുടെ യും പതനവും.  ബാബേല്‍ ഗോപുരനിര്‍മിതിയുടെ കഥ വിശദീകരിക്കുന്നതുപോലെ, മനുഷ്യന്‍ ദൈവത്തെപ്പോലെയാകുന്നതിന് ആഗ്രഹിച്ചു. അതില്‍പ്പിന്നെ നാശത്തിന്‍റെ ഒരു തത്വം ലോകനിര്‍മിതിയില്‍ വിള്ളല്‍ തീര്‍ത്തു. അതിനുശേഷം ഒന്നും ദൈവത്തിന്‍റെ പദ്ധതിപോലെ ആയിരുന്നില്ല.  നമ്മുടെ ആനുകാലിക തീരുമാനങ്ങളും ലോകത്തില്‍ അനീതിയും അടിച്ചമര്‍ത്തലും സഹനങ്ങളും ഉണ്ടെന്ന വസ്തുതയ്ക്കു ആക്കം കൂട്ടുന്നുണ്ട്. തെറ്റായ നിരവധി തീരുമാനങ്ങള്‍ തിന്മയുടെയും പാപത്തി ന്‍റെയും ഘടനകളിലേയ്ക്ക് ഒന്നിച്ചു ചേരുന്നുണ്ട്. അതുകൊണ്ട് വ്യക്തികള്‍ക്ക് നിര്‍ബന്ധമായും സാകല്യതിന്മയുടെയും അനീതിയുടെയും ഈ വ്യവസ്ഥിതിയില്‍നിന്നു വേറിട്ടു നില്‍ക്കുന്നത് ഒട്ടും എളുപ്പമല്ല.  ഒരു നീതിരഹിതയുദ്ധത്തില്‍ ഒരു ഭടന്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതനാകുന്നു എന്നത് ഇതിനു ദാഹരണമാണ്.

പലവിധത്തിലാണ് തിന്മകളും സഹനങ്ങളും. പുറപ്പാടിന്‍റെ പുസ്തകത്തില്‍ നിന്ന് ഇവിടെ ഉദ്ധരിക്കുന്നുണ്ട്.

ഈജിപ്തിലുള്ള എന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരതകാരണം അവരില്‍നിന്നുയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യയാതനകള്‍ ഞാന്‍ അറിയുന്നു. ഈജിപ്തുകാരുടെ കൈയില്‍നിന്ന് അവരെ രക്ഷിക്കാന്‍... ഞാനിറങ്ങിവന്നിരിക്കുന്നു (പുറ 3,7-8). 

തിന്മയുടെ സ്വാധീനം ഓരോരുത്തരിലും ഓരോതരത്തിലാണ് എങ്കിലും നാമെല്ലാവരും തിന്മയ്ക്കടിമപ്പെട്ടവരാണ് എന്നത് സത്യമാണ്. ഈശോസഭാസ്ഥാപകനായ വി. ഇഗ്നേഷ്യസ് ലൊയോള ഇപ്രകാരം പറയുന്നുണ്ട്: 'പാപത്തിന്‍റെ തടവറയിലാണ് നാമെല്ലാവരും ജനിച്ചുവീണത്'. പാപത്തിനു നമ്മുടെമേലുള്ള സ്വാധീനത്തെക്കുറിച്ച്, 'ഞാന്‍ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്' എന്നു പറഞ്ഞുകൊണ്ട്  റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ഏഴാമധ്യായത്തില്‍ പൗലോസ് ശ്ലീഹാ നല്‍കുന്ന പ്രബോധനം ഇവിടെ ധ്യാനവിഷയമാക്കേണ്ടതാണ്.

സഭയുടെ സാമൂഹ്യപ്രബോധന സംക്ഷേപം ഖണ്ഡിക 27-ല്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. അതിന്‍റെ അവസാനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു.

മനുഷ്യരുടെ പരസ്പരബന്ധത്തെ അലോസരപ്പെടുത്തുകയും, സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ സാഹചര്യങ്ങളിലും നീതി, ഐക്യം എന്നിവയെ എതിര്‍ക്കുകയും മാനവാന്തസ്സിനെ ആക്രമിക്കുകയും ചെയ്യുന്ന എല്ലാ തിന്മകളുടെയും അടിവേര് അന്വേഷിക്കേണ്ടത് സൃഷ്ടിയുടെ തുടക്കത്തില്‍ത്തന്നെ ദൈവവും മനുഷ്യനും, മനുഷ്യര്‍ തമ്മിലുമുണ്ടായ ഈ അകല്‍ച്ചയിലാണ്.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 385 മുതലുള്ള ഖണ്ഡികകളില്‍ ഇക്കാര്യത്തെക്കുറിച്ചു വ്യക്തമായ പ്രബോധനം നല്കുന്നുണ്ട്. നന്മയായ ദൈവം സൃഷ്ടിച്ച ഈ ഭൂമിയില്‍ എങ്ങനെ തിന്മ കട ന്നുവന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണം മാനുഷികമായ പരിധിയില്‍പെടുന്നതല്ല. അത് ക്രിസ്തു വിലൂടെ അന്വേഷിക്കേണ്ടതാണ്.  കാരണം,

ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹം പാപത്തിന്‍റെ വ്യാപ്തിയെയും അതേസമയം ദൈവകൃപയുടെ അതിസമൃദ്ധിയെയും വെളിപ്പെടുത്തി... അതിനാല്‍ അവിടുന്നില്‍ നമ്മുടെ വിശ്വാസ ദൃഷ്ടികള്‍ ഉറപ്പിച്ചുകൊണ്ടായിരിക്കണം തിന്മയുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള പ്രശ്നത്തെ സമീപിക്കേണ്ടത് (No.385).

ദൈവം മനുഷ്യനെ തന്‍റെ നന്മയിലും സ്വാതന്ത്ര്യത്തിലും പങ്കുചേര്‍ത്തുകൊണ്ടാണ് സൃഷ്ടിച്ചത്.  ആ സ്വാതന്ത്ര്യം മനുഷ്യന്‍ തിന്മ തെരഞ്ഞെടുക്കുന്നതിനുപയോഗിച്ചു. ഇക്കാര്യം വ്യക്തമായി അവതരിപ്പിക്കുന്നതാണ് ഏഴാമത്തെ ചോദ്യവും അതിനുള്ള ഉത്തരവും.

എന്തുകൊണ്ടാണ് ദൈവം തിന്മ തെരഞ്ഞെടുക്കാനുള്ള അവകാശം നമുക്കു നല്‍കിയിരിക്കുന്നത്?  
ഉത്തരം. സ്നേഹിക്കാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. ​എന്നാല്‍, ഒരാളെ സ്നേഹത്തിനു നിര്‍ബ ന്ധിക്കാനാവില്ല.  പരപ്രേരണയാലല്ല, സ്വേച്ഛയാല്‍ മാത്രമാണ് സ്നേഹിക്കാനാവുക.  ഒരു മനുഷ്യന് സ്നേഹിക്കാന്‍ കഴിയണമെങ്കില്‍ അയാള്‍ സ്വതന്ത്രനായിരിക്കണം.  യഥാര്‍ഥസ്വാതന്ത്ര്യമുണ്ടെങ്കില്‍, അടിസ്ഥാനപരമായി തിന്മയായിരിക്കുന്ന ഒരു വഴി തീരുമാനിക്കാനുള്ള സാധ്യതയുമുണ്ടായിരിക്കണം. നമ്മള്‍, മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കാന്‍ കഴിയും.

ഇതുതന്നെ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും പഠിപ്പിക്കുന്നു (311).

ബുദ്ധിശക്തിയും സ്വാതന്ത്ര്യവുമുള്ള സൃഷ്ടികള്‍ എന്ന നിലയ്ക്കു മനുഷ്യരും മാലാഖമാരും തങ്ങ ളുടെ സ്വതന്ത്രതീരുമാനത്താലും വിശിഷ്ടസ്നേഹത്താലും തങ്ങളുടെ പരമാന്ത്യത്തിലേക്കു യാത്ര ചെ യ്യണം.  അതിനാല്‍ അവര്‍ക്കു മാര്‍ഗഭ്രംശം സാധ്യമാണ്... തന്‍റെ സൃഷ്ടികളുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് ദൈവം തിന്മ അനുവദിക്കുന്നു.  അതേസമയം നിഗൂഢാത്മകമായി തിന്മയില്‍നിന്ന് എങ്ങനെ നന്മ പുറപ്പെടുവിക്കാനാകുമെന്ന് അവിടുന്ന് അറിയുന്നു.

സിയെന്നയിലെ വി. കത്രീന മനുഷ്യനു ദൈവം നല്കിയ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നതി ങ്ങനെയാണ്:  'പാപം ചെയ്യാനുള്ള അധികാരമല്ല, സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍.  സ്വതന്ത്രമായ തീരു മാനം എന്നത് സൃഷ്ടിയ്ക്കുള്ള ആശ്രയമില്ലായ്മയല്ല, മറിച്ച്, സ്രഷ്ടാവിനെ ആശ്രയിച്ചുനിന്നു കൊണ്ടു ള്ള ആത്മസാക്ഷാത്ക്കാരമാണ്'.

അതുകൊണ്ട്, സ്രഷ്ടാവിനോടത്തല്ലാതെ സൃഷ്ടിക്കു നിലനില്‍പ്പില്ലെന്ന് നാം തിരിച്ചറിയുകയാണ്.  നമ്മുടെ സ്വാതന്ത്ര്യമുപയോഗിച്ച് സ്രഷ്ടാവിനോടു ചേര്‍ന്നുനിന്നുകൊണ്ട് ആത്മസാക്ഷാത്ക്കാരം പ്രാപിക്കുമ്പോള്‍ നമുക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ശരിയായി വിനിയോഗിച്ചുവെന്നു നമുക്കു പറയാം.

അങ്ങനെ തന്‍റെ സ്വാതന്ത്ര്യമുപയോഗിച്ച് ദൈവത്തെ വേണ്ടെന്നുവച്ച മനുഷ്യനെ ദൈവവും വേണ്ടെന്നു വച്ചോ എന്നതാണ് അടുത്തുവരുന്ന ചോദ്യം.

ദൈവത്തില്‍ നിന്നകന്നുപോയ മനുഷ്യനെ ഒറ്റയ്ക്കാക്കി ദൈവം ഉപേക്ഷിച്ചുകളഞ്ഞോ?
ഉത്തരം.  ഇല്ല.  ദൈവത്തിന്‍റെ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല (1 കോറി 13,8).  ദൈവം നമ്മെ പിന്തുടരുകയാണ് നാം ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളിലും ഗുഹകളിലും നമ്മോടു ബന്ധപ്പെടു ന്നതിനാഗ്രഹിച്ചുകൊണ്ട് ദൈവം കടന്നുവരുന്നു. അവിടുന്ന് ആരാണെന്നു നമുക്കു കാണിച്ചുതരുന്നതി നാഗ്രഹിക്കുന്നു.

പാപം ചെയ്ത മനുഷ്യനെ ദൈവം തള്ളിക്കളഞ്ഞില്ല മതബോധനഗ്രന്ഥം എന്നു  ഖണ്ഡിക 27-ല്‍ പഠിപ്പിക്കുന്നു.

തന്നിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്നതില്‍നിന്ന് ദൈവം ഒരിക്കലും വിരമിക്കുന്നില്ല. അതെ സ്നേഹ മായ ദൈവത്തിന് തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ഒരിക്കലും തള്ളിക്കളയാനാവില്ല. വെറുപ്പ് ദൈവത്തിനില്ല.  മനുഷ്യന്‍ പിശാചിനു കീഴ്പ്പെടുമ്പോഴാണ് വെറുപ്പി നടിമയാകുക.  മനുഷ്യന്‍ അങ്ങനെയായിരിക്കുമ്പോഴും  ദൈവം താന്‍ സ്നേഹമാണെന്ന് അവനു വെളിപ്പെടുത്തിക്കൊണ്ട് അവനെ സ്നേഹിക്കുകയാണ്, അവനെ തന്നിലേക്ക് ആകര്‍ഷിക്കുകയാണ്.

വി. ജോണ്‍ വിയാനിയുടെ വാക്കുകള്‍ എത്ര മനോഹരമായിട്ടാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്ന തെന്നു നോക്കുക. ''ചിലര്‍ ഇങ്ങനെ പറയാറുണ്ട്. നല്ലവനായ കര്‍ത്താവിനു ക്ഷമിക്കാനാവാത്തവിധം ഞാനൊരുപാടു പാപങ്ങള്‍ ചെയ്തു. ഇതൊരു വലിയ ദൈവദൂഷണമാണ്. ഇത് ദൈവത്തിന്‍റെ, പരി ധിയില്ലാത്ത കരുണയ്ക്ക് നാം പരിധി വയ്ക്കുന്നതിനു തുല്യമാണ്. ദൈവത്തിന്‍റെ കരുണയെ സംശയിക്കുക എന്നതിനെക്കാള്‍ അവിടുത്തെ ഇത്രമാത്രം നിന്ദിക്കുന്ന മറ്റൊന്നില്ല''. അവിടുന്നു പാപത്തെ വെറുക്കുമ്പോഴും പാപിയെ സ്നേഹിക്കുന്നു.  കാരണം പാപിയും അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആ സാദൃശ്യവും ഛായയും വീണ്ടെടുക്കുവാനാണ് ദൈവം ശ്രമിക്കുക.  തന്‍റേതായതിനെ സ്നേഹിക്കുന്നവനാണ് മനുഷ്യന്‍ പോലും. താന്‍ സൃഷ്ടിച്ച്, പരിപാലിക്കുന്ന മനുഷ്യനെ രക്ഷിക്കുക എന്നതാണ് ദൈവഹിതമെന്നറിയാന്‍ മനുഷ്യന്‍റെ ബുദ്ധിക്കു കഴിയും.  ഒമ്പതാമത്തെ ചോദ്യം ഇതിന്‍റെ തുടര്‍ച്ചയാണ്: 

ദൈവത്തെ എങ്ങനെയാണു കണ്ടെത്താനാവുക?
ദൈവം നമുക്കു തന്നെത്തന്നെ കാണിച്ചുതരുന്നില്ലെങ്കില്‍, അഥവാ വെളിപ്പെടുത്തുന്നില്ലെങ്കില്‍ നമുക്കവിടുത്തെ കണ്ടെത്താനാവില്ല. നമുക്കു സ്വാഭാവികമായ ഒരുള്‍ക്കാഴ്ചയിലൂടെ ദൈവത്തിന്‍റെ അ സ്തിത്വത്തെക്കുറിച്ച്  തിരിച്ചറിയാനാവും.  എന്നാല്‍ ദൈവം എങ്ങനെയാണെന്നും, അവിടുത്തെ ചിന്തകളും പദ്ധതികളും എന്താണെന്നും ഉള്ളതിനെക്കുറിച്ച് വ്യക്തമായി അറിയുക എന്നത് നമ്മുടെ പരിധിയ്ക്കപ്പുറമാണ്.  അതിനാല്‍, ദൈവം താനെങ്ങനെയാണ് എന്നതിനെക്കുറിച്ച് നമുക്കു വെളി പ്പെടുത്തിത്തരണം. ദൈവം അതു ചെയ്തത് ഏതെങ്കിലും ആശയങ്ങളോ, ഗ്രന്ഥങ്ങളോ, രാഷ്ട്രീയവ്യവ സ്ഥയോ അയച്ചുതന്നുകൊണ്ടല്ല, മറിച്ച്, താന്‍തന്നെ മനുഷ്യനായിത്തീര്‍ന്നുകൊണ്ടാണ്.  യേശുക്രിസ്തു വില്‍ ദൈവം തന്നെത്തന്നെ പൂര്‍ണമായി എന്നേയ്ക്കുമായി വെളിപ്പെടുത്തുന്നു.  ദൈവം ആരാ ണെന്നു മനുഷ്യന്‍ മനസ്സിലാക്കേണ്ടതിനുവേണ്ടി ദൈവം മനുഷ്യനായിത്തീരുകയായിരുന്നു.  അതിനു വേണ്ടിയുള്ള ദൈവത്തിന്‍റെ ഭാഷയാണ് യേശു.

ഏശയ്യാപ്രവാചകന്‍ ദൈവത്തെക്കുറിച്ചുള്ള തന്‍റെ ഉള്‍ക്കാഴ്ച പങ്കുവയ്ക്കുന്നതിങ്ങനെയാണ്: 

കര്‍ത്താവ് അരുളിച്ചെയ്യുന്നു, ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതുപോലെ, എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമാണ്. എന്തെന്നാല്‍ എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല, എന്‍റെ വഴികള്‍ നിങ്ങളുടേതുപോലെയുമല്ല (ഏശ 55, 8-9).

ഇക്കാര്യം, അതായത്, ദൈവത്തെപ്പറ്റിയുള്ള അറിവ് സഭയുടെ വീക്ഷണത്തില്‍ എങ്ങനെയാണെന്ന് മതബോധനഗ്രന്ഥം വിശദീകരിക്കുന്നുണ്ട് 36-38 ഖണ്ഡികകളില്‍. എല്ലാ വസ്തുക്കളുടെയും ആദികാരണവും പരമാന്തവുമായ ദൈവത്തെ, മനുഷ്യനു തന്‍െ സ്വാഭാവികബുദ്ധിപ്രകാശത്തില്‍, സൃഷ്ടവസ്തുക്കളെക്കുറി്ചുള്ള പരിചിന്തനംവഴി നിസ്സംശയം അറിയുന്നതിനു കഴിയും... ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ടവനായതുകൊണ്ടാണ് മനുഷ്യന്‍ ഈ കഴിവ് ഉണ്ടായിരിക്കുന്നത്.

യേശുക്രിസ്തുവില്‍ ദൈവം തന്നെത്തന്നെ പൂര്‍ണമായി എന്നേയ്ക്കുമായി വെളിപ്പെടുത്തിയെന്ന് പറയുന്ന ഒമ്പതാമത്തെ ഉത്തരത്തിന്‍റെ തുടര്‍ച്ചയായുള്ള ചോദ്യം ഇങ്ങനെയാണ്.

അങ്ങനെയെങ്കില്‍ ക്രിസ്തുവിനു മുമ്പ് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതെങ്ങനെ?
ദൈവത്തിന്‍റെ അസ്തിത്വത്തെക്കുറിച്ചുള്ള അറിവ് മനുഷ്യന്‍റെ ബുദ്ധിക്ക് അതീതമായതല്ല.  ഇസ്രായേല്‍ ചരിത്രത്തിലൂടെ ദൈവത്തിന്‍റെ ആന്തരികതയുടെ ചിലവശങ്ങളെക്കുറിച്ച് അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വെളിപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് തന്‍റെ ജനതയെ മോചിപ്പിക്കാന്‍ ദൈവം മോശയോടു കല്‍പ്പിച്ചു.  തന്‍റെ നാമത്തില്‍ സംസാരിക്കുന്നതിന് വീണ്ടും വീണ്ടും അവിടുന്ന് പ്രവാചകരെ വിളിക്കുകയും ചെയ്യുന്നു.

ഇക്കാര്യം, മതബോധനഗ്രന്ഥം 54 മുതലുള്ള ഖണ്ഡികകളില്‍ ഇങ്ങനെ നല്‍കുന്നു: 

ദൈവം ചിലരെ തെരഞ്ഞെടുത്തുകൊണ്ട് അവരുമായി ഉ‌ടമ്പടി സ്ഥാപിച്ചുകൊണ്ട്, ഉദാഹരണമായി നോഹയെ, അബ്രാഹത്തെ, മോശയെ, പ്രവാചകന്മാരെ. ഇസ്രായേലിനെ തെരഞ്ഞെടുത്തുകൊണ്ട്, അവരോട് ഉടമ്പടിചെയ്ത് തന്‍റെ സ്വന്തം ജനമായി ഉയര്‍ത്തിക്കൊണ്ട് അവര്‍ക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി.  രക്ഷയെപ്പറ്റിയുള്ള പ്രത്യാശയില്‍ നിലനിന്ന കാലഘട്ടമാണിത്.  ഈ പ്രത്യാശയുടെ ഏറ്റവും സംശുദ്ധമായ പ്രതീകമാണ് മറിയം (64).

അതെ, ''തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രയധികമായി സ്നേഹി ച്ചു'' (Jn. 3:16). ദൈവം നല്കിയ വെളിപ്പെടുത്തലുകളുടെ പൂര്‍ത്തീകരണമാണ് മറിയത്തിന്‍റെ മകനിലൂടെ നടന്ന മനുഷ്യാവതാരം.   ഒന്നാമധ്യായത്തില്‍ പതിനൊന്നുമുതലുള്ള ചോദ്യങ്ങള്‍ ക്രിസ്തുവിനുമുമ്പ് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതിന്‍റെ ചരിത്രമായ പഴയനിയമത്തെ, അതായത് ഇസ്രായേല്‍ ചരിത്രത്തെ വിശകലനം ചെയ്യുന്നു.  അതെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ അടുത്തു വരുന്ന ആഴ്ചകളില്‍. 








All the contents on this site are copyrighted ©.