2017-02-01 09:06:00

ക്യുബെക്കിലെ അക്രമസംഭവത്തില്‍ അതിയായി ദുഃഖിക്കുന്നു: ഫ്രാന്‍സീസ് പാപ്പായുടെ ടെലഗ്രാം


ക്യുബെക്കിലെ മോസ്ക്കിനുനേരെ നടന്ന അക്രമത്തില്‍ അതീവദുഃഖം അറിയിച്ചുകൊണ്ട് ക്യൂബെക് സിറ്റി ആര്‍ച്ചു ബിഷപ്പ്, കര്‍ദിനാള്‍ ഴെരാള്‍ഡ് സിപ്രിയന്‍ ലക്രോവാ (Card. Gérald Cyprien Lacroix) യ്ക്ക് ഫ്രാന്‍സീസ് പാപ്പായുടെ ടെലഗ്രാം ചെയ്തു.

കാനഡയുടെ തലസ്ഥാനമായ ക്യുബെക് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പിനിരയായവരുടെ വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട്  പിറ്റേന്ന്, തിങ്കളാഴ്ച പാപ്പാ ടെലഗ്രാം ചെയ്തു .  ഈ ആക്രമണത്തില്‍ മരണത്തിനിരയായവരെ ദൈവികകരുണയ്ക്കു സമര്‍പ്പിക്കുന്നുവെന്നും അവരുടെ സ്വന്തജനങ്ങളുടെ വേദനയില്‍ പ്രാര്‍ഥനാപൂര്‍വം പങ്കുചേരുന്നുവെന്നും പാപ്പാ അറിയിച്ചു.  അക്രമത്തെ പരിശുദ്ധപിതാവ് ശക്തമായി അപലപിക്കുന്നു. ദൈവദാനങ്ങളായ പരസ്പരബഹുമാനവും സമാധാനവും പ്രാര്‍ഥിക്കുന്നു. പരിക്കേറ്റവരെയും അവരുടെ കുടുംബാംഗങ്ങളുടെയും, അവര്‍ക്കു വിവിധ തരത്തില്‍ സഹായം നല്‍കിയവരെയും പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും ദൈവത്തിന്‍റെ സമാശ്വാസത്തിന് അവരെ ഭരമേല്‍പ്പിക്കുകയും ചെയ്തുകൊണ്ടുള്ള ഈ സന്ദേശം വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വഴി ക്യൂബെക് സിറ്റി ആര്‍ച്ചു ബിഷപ്പ്, കര്‍ദിനാള്‍ ഴെരാള്‍ഡ് സിപ്രിയന്‍ ലക്രോവാ (Card. Gérald Cyprien Lacroix) യെ ആണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

അമ്പതിലധികം ആള്‍ക്കാരാണാ ഈ സെന്‍ററിലുണ്ടായിരുന്നത്.  ഇവരില്‍ ആറുപേര്‍ മരിക്കുകയും പതിനെട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ ഭീകരാക്രമണത്തെക്കുറിച്ച് അറിയുമ്പോള്‍ കര്‍ദിനാള്‍ ഴെരാള്‍ഡ് റോമിലുണ്ടായിരുന്നു.  പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തായിലെ ദിവ്യബലിക്കുശേഷം പാപ്പാ കര്‍ദിനാള്‍ ഴെരാള്‍ഡുമായി സംസാരിക്കുകയും ഈ ദുരന്തത്തില്‍ തന്‍റെ അഗാധമായ ദുഃഖം അറിയിക്കുകയും ചെയ്തിരുന്നു.  ഈ നിമിഷങ്ങളില്‍ ക്രൈസ്തവരും മുസ്ലീമുകളും പ്രാര്‍ഥനയില്‍ ഒന്നായിരിക്കേണ്ട തിന്‍റെ പ്രാധാന്യം പാപ്പാ ഊന്നിപ്പറഞ്ഞു. വാര്‍ത്തയറിഞ്ഞ് കര്‍ദിനാള്‍ റോമിലെ തന്‍റെ സന്ദര്‍ശനം  അവസാനിപ്പിച്ച് ഉടന്‍തന്നെ ക്യുബെക്കിലേക്കു മടങ്ങുകയായിരുന്നു.

 








All the contents on this site are copyrighted ©.