2017-01-30 18:23:00

പീഡിതരായ ക്രൈസ്തവര്‍ സഭയുടെ കരുത്തെന്ന് പാപ്പാ ഫ്രാന്‍സിസ്


ജനുവരി 30-Ɔ൦ തിയതി തിങ്കളാഴ്ച പേപ്പല്‍ വസതി, സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ രക്തസാക്ഷികളും പീഡിതരുമായ ക്രൈസ്തവരെക്കുറിച്ച് ചിന്തകള്‍ പങ്കുവച്ചത്.

1. സഭയെ നയിക്കുന്ന ഇന്നത്തെ രക്തസാക്ഷികള്‍

സഭയെ നയിക്കുന്നത് ഇന്നിന്‍റെ രക്തസാക്ഷികളാണ്. സഭയെ പിന്‍തുണച്ചിട്ടുള്ളതും, ഇനിയും പിന്‍തുണയ്ക്കുന്നതും അവര്‍തന്നെ. ആദ്യ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നതിലും അധികം രക്തസാക്ഷികളും പീഡനങ്ങള്‍ സഹിക്കുന്നവരും ഇന്ന് സഭയിലുണ്ട്. ഇന്നത്തെ ക്രൈസ്തവപീഡനത്തിന്‍റെ സത്യം മാധ്യമങ്ങള്‍ അധികം പുറത്തുവിടാറില്ല. അവര്‍ക്കതു വാര്‍ത്തയല്ല. എന്നാല്‍ പീഡിതരും അപമാനിതരും, തടവറയിലാക്കപ്പെട്ടവരുമായ ക്രൈസ്തസഹോദരങ്ങള്‍ അനുഗൃഹീതരാണ്. കാരണം അവര്‍ നിശ്ശബ്ദരായി കുരിശിനെ ധ്യാനിക്കുകയും, തങ്ങളുടെ സഹനങ്ങളില്‍ ക്രൂശിതനെ പ്രഘോഷിക്കുകയുംചെയ്യുന്നു. അവര്‍ ക്രിസ്തുവിന്‍റെ അനുഗൃഹീതരായ ദുഃഖിതരും പീഡിതരുമാണ്!

പീഡനങ്ങള്‍ സഭയുടെ പിന്‍ബലവും മഹത്വവുമാണ്. ഒപ്പം അത് മാനുഷികമായ അപമാനവുമാണ്. മറിച്ച്, സഹനങ്ങളെക്കുറിച്ച് ആവലാതിയും, സഹനങ്ങള്‍ ഏറ്റെടുക്കാനുള്ള അലസതയും ക്രൈസ്തവ ജീവിതത്തിന്‍റെ മാറ്റുകുറയ്ക്കുന്ന വസ്തുതകളുമാണ്. ഹെബ്രായര്‍ക്കുള്ള ലേഖനഭാഗത്തെ ആധാരമാക്കിയാണ് ജീവിതത്തില്‍ സഹനത്തിനുള്ള പ്രസക്തിയെയും പ്രാധാന്യത്തെയുംകുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത് (ഹെബ്രായര്‍ 11, 32-40). ആദിമ നൂറ്റാണ്ടിനെ വെല്ലുന്ന വിധത്തിലാണ് ഇന്ന് ക്രൈസ്തവര്‍ ലോകമെമ്പാടും പീഡനങ്ങള്‍ സഹിക്കുന്നതും രക്തസാക്ഷിത്വം വരിക്കുന്നതും.

2. ക്രിസ്തുസാക്ഷ്യത്തിന്‍റെ ചെറുഗണങ്ങള്‍

ക്രിസ്തീയ കൂട്ടായ്മയുടെ വന്‍പദ്ധതികളിലും പരിപാടികളിലും നാമിന്ന് അഭിമാനംകൊള്ളുന്നുണ്ട്.  അവ പലപ്പോഴും വന്‍നേട്ടങ്ങളും വിജയങ്ങളുമാണ്. ക്രൈസ്തവാഘോഷങ്ങള്‍ മഹത്തായ സംഭവങ്ങളുമാണ്! അവ മനോഹരവും സഭയുടെ കരുത്തും ശക്തിയും പ്രകടമാക്കാന്‍ പോരുന്നവയുമാണ്!? എന്നാല്‍ ഓര്‍ക്കുക, സഭയുടെ ശക്തിയും കരുത്തും ഇന്ന് ലോകത്ത് തെളിയിക്കുന്നതും അടങ്ങിയിരിക്കുന്നതും ചെറിയ ക്രൈസ്തവസമൂഹങ്ങളിലാണ്! നമ്മുടെ ‘ചെറുഗണ’ങ്ങളിലാണ്. ക്രൈസ്തവ ജീവിത ലാളിത്യത്തിന്‍റെ ചെറുമയിലാണ് അത് അടങ്ങിയിരിക്കുന്നത്. തങ്ങളുടെ മെത്രാനോടൊപ്പം പീഡിപ്പിക്കപ്പെടുകയും ഏകാന്തതയും പരത്യക്തതയും അനുഭവിക്കുന്ന ചെറുഗണങ്ങള്‍ സഭയില്‍ ധാരാളമുണ്ട്. ഇന്ന് സഭയുടെ ശക്തിയും മനോഹാരിതയും അടങ്ങിയിരിക്കുന്നത് ഇവരിലാണ്. ഈ ചെറുസമൂഹങ്ങള്‍ നമ്മുടെ മഹത്വവും, നമുക്ക് കരുത്തുപകരുന്ന ഘടകങ്ങളുമാണ്. നമുക്കു ചുറ്റും നടമാടുന്ന ക്രൈസ്തവ പീഡനങ്ങളും രക്തസാക്ഷിത്വവും, ജീവസമര്‍പ്പണവും, ഇന്നു കത്തോലിക്കരില്‍ മാത്രമല്ല, ഇതര സഭകളിലും സംഭവിക്കുന്നുണ്ട്. അവരും പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ സഹനത്തില്‍ അവരും പങ്കുചേരുന്നുണ്ട്.

3. പീഡിതര്‍ക്കായി പ്രത്യേക നിയോഗം

തിങ്കളാഴ്ചത്തെ പ്രഭാതബലി ലോകത്തുള്ള പീഡിതരായ ക്രൈസ്തവര്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് സമര്‍പ്പിച്ചു. ബന്ധനങ്ങളിലും ക്ലേശങ്ങളിലും കഴിഞ്ഞുകൂടുന്ന ക്രൈസ്തവര്‍ക്കുവേണ്ടിയായിരുന്നു പാപ്പായുടെ ദിവ്യബലിയുടെ നിയോഗം. ദൈവാരൂപിയുടെ കൃപയും കരുത്തും പീഡിതരായ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് ഇനിയും ധൈര്യമേകട്ടെ! അങ്ങനെ അവര്‍ ക്രിസ്തുവിന്‍റെ കുരിശിനും അവിടുത്തെ സുവിശേഷത്തിനും സാക്ഷികളാകാന്‍ ഇടവരട്ടെ! പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വചനസമീക്ഷ ഉപസംഹരിച്ചത്.
 








All the contents on this site are copyrighted ©.