2017-01-30 18:56:00

പാപ്പാ മെത്രാനായിരിക്കുന്ന റോമാരൂപതയില്‍ ലോകസമാധാനദിനം


ജനുവരി 29-Ɔ൦ തിയതി ഞായറാഴ്ചയാണ് വിശ്വശാന്തിദിനമായി പാപ്പായുടെ രൂപത ആചരിച്ചത്. റോമിലെ ഇടവകകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക യുവജനസംഘടനയായ “കത്തോലിക്കാ പ്രവര്‍ത്തന സഖ്യ”ത്തിന്‍റെ (Catholic Action) നേതൃത്വത്തിലാണ് സമാധാന ദിനാചരണം നടന്നത്.

അംഹിംസയാണ് ലോകസമാധാനത്തിനുള്ള മാര്‍ഗ്ഗമെന്ന പാപ്പായുടെ സന്ദേശത്തിന് പ്രചാരണം നല്കിയ ദിനമായിരുന്നു. റോമിലെ ഇടവകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും 15,000-ത്തില്‍ അധികം യുവജനങ്ങളാണ് ഞായറാഴ്ച രാവിലെ വത്തിക്കാനിലേയ്ക്ക് ഘോഷയാത്രയായി എത്തിച്ചേര്‍ന്നത്. ‘സമാധാനത്തിന്‍റെ സഞ്ചാര’മെന്ന് (Caravan of Peace) അവര്‍ അതിനു പേരിട്ടു. സമാധാന ദൗത്യവുമായി പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. റോമാരൂപതയുടെ വികാരി ജനറള്‍, കര്‍ദ്ദിനാള്‍ ആഗസ്തീനോ വലീനിയുടെ നേതൃത്വത്തിലാണ് സമാധാന ഘോഷയാത്ര വത്തിക്കാനില്‍ എത്തിയത്.  നമുക്കു സമാധാനത്താല്‍ നിറയാം! (Circondati di Pace Let’s be surrounded by peace!) എന്ന മുദ്രാവാക്യവുമായിട്ടാണ് റോരൂപതയിലെ യുവജനങ്ങള്‍ സമാധന റാലിയായി പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്.

യുവാക്കളില്‍ രണ്ടുപേര്‍, മുകളില്‍ അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പാപ്പായുടെ ഇരുഭാഗത്തും നിന്നുകൊണ്ട് ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും, പാപ്പായുടെ പ്രഭാഷണാനന്തരം അവരില്‍ ഒരാള്‍ ഹ്രസ്വമായ സമാധാനസന്ദേശം വായിക്കുകയുംചെയ്തു. പാപ്പായുടെ ആഹ്വാനത്തില്‍ ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ യുവജനങ്ങള്‍ ആകാശത്തിലേയ്ക്കു പറത്തിയ വര്‍ണ്ണബലൂണുകള്‍ ലോക സമാധാനത്തിനായുള്ള ജനങ്ങളുടെ പ്രാര്‍ത്ഥനയായി ഉയരങ്ങളിലേയ്ക്ക് ഉയര്‍ന്നു. ജനാവലി ഹസ്താവരവം മുഴക്കി.

റോമാരൂപതയുടെ വിശ്വാശാന്തി ദിനത്തോടനുബന്ധിച്ചുള്ള ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ 25,000-ല്‍ അധികം വിശ്വാസികളും തീര്‍ത്ഥാടകരും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായിരുന്നുവെന്ന് വത്തിക്കാന്‍റെ സുരക്ഷാവിഭാഗം (La Gendarmeria Vaticana) പ്രസിദ്ധപ്പെടുത്തിയ പ്രസ്താവന വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.