2017-01-27 11:16:00

“മതിലുകെട്ടരുതേ! പാലംപണിയാം!” അമേരിക്കയിലെ മെത്രാന്‍സംഘം


ജനുവരി 26-Ɔ൦ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ്  അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ കുടിയേറ്റക്കാരുടെ കാര്യങ്ങള്‍ക്കുള്ള കമ്മിഷന്‍ പ്രസിഡന്‍റ്, ബിഷപ്പ് ജോ വാസ്ക്വെസ് ഇങ്ങനെ പ്രതികരിച്ചത്.

അമേരിക്ക-മെക്സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റം തടയുന്നതിന് വന്‍മതിലുകെട്ടും എന്ന പ്രസിഡന്‍റ് ട്രംപിന്‍റെ പ്രസ്താവനയോടുള്ള അമേരിക്കയിലെ മെത്രാന്‍ സംഘത്തിന്‍റെ പ്രതികാരണമാണ് ഈ പ്രസ്താവന.  കുടിയേറ്റപ്രതിഭാസത്തെ നിഷേധിക്കുകയും, അയല്‍രാജ്യമായ മെക്സിക്കോയോട് ശത്രുതാഭാവം പ്രകടമാക്കുന്നതുമായ പ്രസ്താവന  വാഷിംഗ്ടണില്‍ ട്രംപ് ഇറക്കിയത് ജനുവരി 26-Ɔ൦ തിയതി വ്യാഴാഴ്ചയാണ്.   

അയല്‍രാജ്യമായ മെക്സിക്കോയെ വന്‍മതിലുകെട്ടി വേര്‍തിരിക്കാനുള്ള പ്രസിഡന്‍റ് ഡോനാള്‍ഡ് ട്രംപിന്‍റെ തീരുമാനം ലോകത്ത് ഇന്ന് അരങ്ങേറുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും പ്രശ്നങ്ങളോടുള്ള നിസ്സംഗതയും കണ്ണടയ്ക്കലുമാണ്. ടെക്സസ് രൂപതാദ്ധ്യക്ഷന്‍കൂടിയായ ബിഷപ്പ് ജോ വാസ്ക്വെസ് പ്രസ്താവിച്ചു. കുടിയേറ്റക്കാരും ഏറെ വ്രണിതാക്കളും നിരാലംബരുമായ കുട്ടികളോടും സ്ത്രീകളോടുംമുള്ള ഏറെ ക്രൂരമായ നിലപാടുമാണ് ട്രംപിന്‍റെ വന്‍മതിലിനു പിന്നിലെന്നും അദ്ദേഹം സംശയിക്കുന്നതായി പ്രസ്താവ അറിയിച്ചു.  കുടിയേറ്റം ആഗോളപ്രതിഭാസവും മനുഷ്യന്‍റെ ജീവിതഭാഗധേയവുമായിരിക്കുന്ന നവയുഗത്തില്‍ മതിലുകളല്ല, സൗഹൃദത്തിന്‍റെ പാലങ്ങളാണ് ഇന്ന് മാനവികതയുടെ ആവശ്യമെന്നും, മതിലുകെട്ടി മനുഷ്യരെ അകറ്റിനിറുത്തുന്ന മനോഭാവം ക്രിസ്തീയമല്ലെന്നു പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചിട്ടുള്ളതും ബിഷപ്പ് വാസ്ക്വെസ് പ്രസ്താവനയില്‍ അനുസ്മരിച്ചു.

മെക്സിക്കോ അഴിമതിയിലും തൊഴിലില്ലായ്മയിലും, ഏറെ ദാരിദ്ര്യത്തിലും മുറിപ്പെട്ടു ജീവിക്കുമ്പോള്‍, അയല്‍ക്കാരോട് പ്രസിഡന്‍റ് ട്രംപ് പ്രകടിപ്പിക്കുന്ന മനോഭാവം ഫെഡറല്‍ സ്റ്റേറ്റിന്‍റെ നിയമങ്ങള്‍ക്ക് അനുസൃതമാണെങ്കിലും, ഹൃദയകാഠിന്യത്തിന്‍റെയും മനുഷ്യത്വമില്ലായ്മയുടെയും പൊങ്ങച്ചമായി വന്‍മതിലെ ചരിത്രം കാണുമെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടിയുളള ബിഷപ്പ് വാസ്ക്വെസ് ഖേദപൂര്‍വ്വം ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.