2017-01-26 19:37:00

അനുരഞ്ജനത്തിന് അടിസ്ഥാനം തുറവും എളിമയും : പാപ്പാ ഫ്രാന്‍സിസ്


ജനുവരി 25-Ɔ൦ തിയതി ബുധനാഴ്ച സഭൈക്യവാരത്തിന്‍റെ സമാപനത്തില്‍ പൗലോശ്ലീഹായുടെ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ നടത്തപ്പെട്ട സായാഹ്ന പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ നല്കിയ വചനപ്രഭാഷണത്തിലാണ് സഭകള്‍ ക്രിസ്തുവില്‍ ആര്‍ജ്ജിക്കേണ്ട അനുരഞ്ജനത്തെക്കുറിച്ച് പാപ്പാ ഇങ്ങനെ ആഹ്വാനംചെയ്തത്. (പ്രഭാഷണം മുഴുവനല്ല – പ്രസക്തഭാഗങ്ങള്‍ മാത്രം) :

ക്രിസ്തുവിലുള്ള അനുരഞ്ജനം ത്യാഗം ആവശ്യപ്പെടുന്നു. ക്രിസ്തു മനുഷ്യകുലവുമായി രമ്യപ്പെട്ടത് ജീവന്‍ സമര്‍പ്പിച്ചുകൊണ്ടാണ്. എങ്കില്‍ ക്രിസ്തുവില്‍ അനുരഞ്ജനത്തിന്‍റെ പ്രയോക്താക്കളാകേണ്ട നാം നമുക്കുവേണ്ടി മരിക്കുകയും ഉയിര്‍ക്കുകയുംചെയ്ത ക്രിസ്തുവിനെപ്രതി ജീവന്‍ സമര്‍പ്പിക്കേണ്ടിയിരിക്കുന്നു (2കൊറി. 5, 14-15). നല്കുമ്പോഴാണ് നമുക്ക് ലഭിക്കുന്നത് (ലൂക്ക 9, 24). ഇത് പൗലോശ്ലീഹ ജീവിതത്തില്‍ അനുഭവിച്ചതിനാല്‍, പറയാനായി..., “ഞാനല്ല, എന്നില്‍ ക്രിസ്തു ജീവിക്കുന്നു”.

യഥാര്‍ത്ഥമായ അനുരഞ്ജനം, അത് ക്രൈസ്തവര്‍ തമ്മിലായാലും, മാറ്റാരു തമ്മിലായാലും, അപരനെ അംഗീകരിക്കാനും മനസ്സിലാക്കാനുമുള്ള ആദ്യപടിയാകേണ്ടത് തുറവും എളിമയുമാണ്. അവ അടിസ്ഥാനവും അനിവാര്യവുമാണ്. എല്ലത്തരത്തിലുമുള്ള ഒറ്റപ്പെടലുകളും, താന്‍പോരിമയും മാറ്റിയെങ്കിലേ ദൈവാരൂപി പ്രവര്‍ത്തിക്കുന്ന സൗമ്യതയുടെ പരിസരം സൃഷ്ടിക്കാനും,  ആ പരിസരത്തു വ്യാപിക്കാനും നമുക്കു സാധിക്കുകയുള്ളൂ.

ക്രിസ്തുവിന്‍റെ ത്യാഗപതയിലും കുരിശിലുമാണ് അനുരഞ്ജനത്തിന്‍റെ മാതൃകയും പ്രചോദനവും നാം കാണേണ്ടത്. സഭയും ക്രൈസ്തവരും ലാഭത്തിന്‍റെയും നേട്ടത്തിന്‍റെയും പദ്ധതികള്‍ വിട്ടൊഴിഞ്ഞ് അനുരഞ്ജനത്തിന്‍റെ ക്രിസ്തുമാര്‍ഗ്ഗം ഏറ്റെടുക്കണം. ഇതാണ് പൗലോശ്ലീഹ പ്രബോധിപ്പിക്കുന്ന ക്രിസ്തുവിലുള്ള അനുരഞ്ജനം, ക്രിസ്തുവിലുള്ള മരണം!  “എനിക്കിനിമേല്‍ ജീവിതം ക്രിസ്തുവാണ്, മരണം നേട്ടമാണ്!”

ഡമാസ്ക്കസിലേയ്ക്കുള്ള യാത്രാമദ്ധ്യേ ക്രിസ്തുവിനെ കണ്ടുമുട്ടിയ പൗലോസ്ലീഹായുടെ ജീവിതം രൂപാന്തരപ്പെട്ടു. നിയമത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുന്നതിലും, അര്‍ഹിക്കാത്തതെങ്കിലും ഉത്ഥിതനായ ക്രിസ്തുവില്‍ ദൃശ്യമായ ദൈവത്തിന്‍റെ മഹത്തായ സ്നേഹത്തില്‍ മെനഞ്ഞെടുക്കുന്ന അനുരഞ്ജനത്തിന്‍റെ നവമായ ജീവിതമാണ് നല്ലതെന്ന് ശ്ലീഹായ്ക്കു മനസ്സിലായി. പൊട്ടിമുളച്ച ഒരു നവജീവന്‍റെ അനുഭവം അദ്ദേഹത്തിനുണ്ടായി. മാപ്പും, ആത്മവിശ്വാസവും, സമാശ്വാസവും അദ്ദേഹം ക്രിസ്തുവില്‍ കണ്ടെത്തി. എന്നാല്‍ ഈ പുതുമയുടെ ശക്തി ഉള്ളിലൊതുക്കി ജീവിക്കാന്‍ മാനസാന്തരപ്പെട്ട ആ മനുഷ്യനായില്ല. കിട്ടിയ സ്നേഹത്തിന്‍റെയും അനുരഞ്ജനത്തിന്‍റെ സന്ദേശവുമായി ലോകത്തിന്‍റെ നാനാദിശകളിലേയ്ക്ക്..., മനുഷ്യരുടെ ഇടയിലേയ്ക്ക്... പൗലോശ്ലീഹ ഇറങ്ങിപ്പുറപ്പെട്ടു. ജരുസലേമിലും യൂദയായിലും സമറിയായിലും മാത്രമല്ല, സമസ്ത ജനതകളുടെ ഇടയിലേയ്ക്കും പൗലോസ് പുറപ്പെട്ടു!

ദൈവവുമായുള്ള രമ്യതയുടെ പ്രേഷിതനാകാന്‍ വിളിക്കപ്പെട്ട ശ്ലീഹ, അത് ക്രിസ്തുവില്‍നിന്നും സ്വീകരിച്ച സമ്മാനമായി ഉള്‍ക്കൊണ്ടു. ക്രിസ്തുവിന്‍റെ സ്നേഹം നമ്മെ അനുരഞ്ജനത്തിനായി ഉത്തേജിപ്പിക്കുന്നു - എന്ന് അദ്ദേഹം പ്രബോധിപ്പിക്കുന്നത് അതുകൊണ്ടാണ് (2 കൊറി. 5, 14-20). ഇവിടെ ശ്ലീഹ വിവരിക്കുന്നത് നമുക്ക് ക്രിസ്തുവിനോടുള്ള സ്നേഹത്തെക്കുറിച്ചല്ല, മറിച്ചാണ് -ക്രിസ്തുവിന് നമ്മളോടുള്ള സ്നേഹത്തെക്കുറിച്ചാണ്! അതുപോലെ ക്രിസ്തുവഴി ദൈവം നമുക്കു നല്കുന്ന വരദാനമാണ് അനുരഞ്ജനം. അതിനാല്‍ രമ്യതപ്പെടാനുള്ള മനുഷിക ശ്രമങ്ങളെ ദൈവത്തിന്‍റെ ഔദാര്യവും ദാനവുമായി കാണേണ്ടതാണ്. അങ്ങനെ ദൈവത്താല്‍ സ്നേഹിക്കപ്പെടുകയും, ക്ഷമിക്കപ്പെടുകയും, അവിടുന്നില്‍ രമ്യതപ്പെടുകയും ചെയ്തിട്ടുള്ളവര്‍, വാക്കിലും പ്രവൃത്തിയിലും ‘രമ്യതപ്പെട്ട അനുരഞ്ജനത്തിന്‍റെ സാക്ഷികളാകാന്‍’ ക്ഷണിക്കപ്പെട്ടിരിക്കുന്നു. ...

 








All the contents on this site are copyrighted ©.