2017-01-25 18:08:00

“വേദനിക്കുന്ന മനുഷ്യന് ആത്മധൈര്യം പകരേണ്ടത് മാധ്യമധര്‍മ്മം”


2017-ല്‍ പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സന്ദേശത്തിന്‍റെ ശീര്‍ഷകം :   ആശയവിനിമയത്തിലൂടെ പ്രത്യാശയും ആത്മവിശ്വാസവും പങ്കുവയ്ക്കാം!  “ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെകൂടെയുണ്ട്!” (ഏശയാ 43, 3).

2017-Ɔമാണ്ടിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച ആഗോള മാധ്യമദിന സന്ദേശം കാലികമായ സുവിശേഷമാണ്. വത്തിക്കാന്‍റെ ആശയവിനിമയ കാര്യാലയത്തിലെ ദൈവശാസ്ത്രപണ്ഡിത, നതാഷാ ഗൊവേകര്‍ ജനുവരി 25-­Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ പ്രസ്താവിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ ജനുവരി 24-ന് സഭ ആചരിച്ച അനുസ്മരണ നാളിലാണ്  പാപ്പാ ഫ്രാന്‍സിസ് നല്കിയ  സന്ദേശം വത്തിക്കാന്‍ പരസ്യപ്പെടുത്തിയത്.

പീഡനങ്ങളും ക്ലേശങ്ങളുമുള്ള ഇന്നത്തെ ലോകത്ത് ഭയപ്പെടാതെ ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കാന്‍ മനുഷ്യകുലത്തിന് പ്രത്യാശയും ആത്മവിശ്വാസവും പകര്‍ന്നുനല്കുന്ന പ്രചോദനമാണ് സന്ദേശത്തിലെ സദ്വാര്‍ത്ത. രക്ഷയുടെയും സമാധാനത്തിന്‍റെയും സുവിശേഷം ജീവനുള്ള വചനമാണ്. ജീവിക്കുന്ന വചനവും, മാംസംധരിച്ച നിത്യവചനവും ക്രിസ്തുവാണ്.! യോഹന്നാന്‍റെ സുവിശേഷം മുഖവുരയായി പറയുന്ന ‘ലോകത്തിന്‍റെ ശക്തികള്‍ക്ക് കീഴ്പ്പെടുത്താനാത്ത, അനാദിമുതല്‍ തെളിഞ്ഞു നില്ക്കുന്ന വിശ്വപ്രകാശം ക്രിസ്തുതന്നെ! ചരിത്രസംഭവങ്ങള്‍ തിന്മയായും വേദനയായും പരിണമിക്കുമ്പോഴും ക്രിസ്തുവിന്‍റെ വെളിച്ചം സ്വീകരിച്ചിട്ടുള്ളവര്‍, ദൈവത്തില്‍ ആശ്രയിച്ച് പ്രത്യാശയോടും ആത്മവിശ്വാസത്തോടുംകൂടെ അവയെ കാണുകയും, അവയെ മറികടക്കുകയും  വേണം.

തിന്മയില്‍ മാത്രമല്ല, മരണഗര്‍ത്തത്തിലും മുളപൊട്ടുന്ന നവജീവന്‍റെ പ്രത്യാശയും ആത്മവിശ്വാസവും മനുഷ്യര്‍ക്ക് പകര്‍ന്നുനല്കുകയും, ആശയവിനിമയംചെയ്യുകയും ചെയ്യേണ്ടത് മാധ്യമധര്‍മ്മമാണ്. അത് ക്രൈസ്തവര്‍ ഉള്‍ക്കൊള്ളേണ്ട മൗലികമായ ധ്യാനാത്മകരീതിയുമാണ്.  ഇന്നിന്‍റെ പച്ചയായ മാനവിക പരിസരങ്ങളില്‍ ദൈവ-മനുഷ്യബന്ധത്തിന്‍റെ ആഴമായ ആത്മീയത ധ്യാനിക്കാനും, അത് സ്വാംശീകരിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്ക്കാനും കരുത്തുള്ളൊരു ആശയവിനിമയ ശൃംഖല ഇന്നിന്‍റെ ആവശ്യമാണ്.

നാം ഒറ്റയ്ക്കല്ല. എല്ലാം അന്യമാകുമ്പോഴും ‘ദൈവം എന്‍റെ പിതാവാണ്’ എന്ന ബോധ്യം നമ്മെ നയിക്കണം. ദൈവത്തെക്കുറിച്ചുള്ള പിതൃസാന്നിദ്ധ്യബോധമാണ് എല്ലാം നഷ്ടമാകുമ്പോഴും  ഓറ്റയ്ക്കല്ലെന്ന ആത്മവിശ്വാസം നിലനിറുത്താന്‍ ജീവിതത്തില്‍ നമ്മെ സഹായിക്കേണ്ടത്! നാം ക്രിസ്തുവില്‍ ആര്‍ജ്ജിക്കുന്ന ദൈവികൈക്യമാണിത്. അതിനാല്‍ ജീവിതത്തില്‍ നേരിടുന്ന ദാരുണമായ കെടുതികളിലും ദൈവാരൂപിയില്‍നിന്നു നാം ആര്‍ജ്ജിച്ചെടുക്കേണ്ട പ്രത്യാശപൂര്‍ണ്ണമായ ക്രിയാത്മകതയാണ് സന്ദേശത്തില്‍ പാപ്പാ ചുരുളഴിയിക്കുന്നത്.  ക്രിസ്തു പങ്കുവച്ച സുവിശേഷം ദൈവരാജ്യത്തിന്‍റെ മനോഹാരിതയും സൗന്ദര്യവുമാണ്. വചനവും മനുഷ്യാവതാരവും തമ്മിലുള്ള ബന്ധമാണിത്. ക്രിസ്തുവും അവിടുന്നിലെ മനുഷ്യരൂപത്തിലും പ്രതിഫലിക്കുന്നത് ദൈവരാജ്യത്തിന്‍റെ നന്മയുടെ പൂര്‍ണ്ണിമയാണ്.

ഡിജിറ്റല്‍ മാധ്യമലോകത്തു കാണുന്ന വികാരത്തള്ളിച്ചയുള്ളതും കാമാതുരവുമായ ദൃശ്യബിംബങ്ങളുടെ പ്രളയത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് സുവിശേഷ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രശാന്തതയുളള ബിംബങ്ങള്‍ പങ്കുവയ്ക്കാനും, ആശയവിനിമയും ചെയ്യാനുമുള്ള പ്രചോദനമാണ് ഈ മാധ്യമദിനസന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് പകര്‍ന്നുതരുന്നത്. അത് താല്‍ക്കാലികവും പൊള്ളയുമായ ശാരീരിക മോഡിയെയും പ്രൗഢിയെയും വെല്ലുന്ന ദൈവരാജ്യത്തിന്‍റെ മനോഹാരിതയാണ്. അത് സത്യത്തിന്‍റെയും നീതിയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രതിബിംബവുമാണ്.

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന ഈ വര്‍ഷത്തെ ആശയവിനിമയ സന്ദേശത്തെ വത്തിക്കാന്‍ മാധ്യമവിഭാഗത്തിലെ പ്രവര്‍ത്തകയും ദൈവശാസ്ത്രവിദഗ്ദ്ധയുമായ നതാഷാ ഗൊവേകര്‍ ഇങ്ങനെയാണ് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യാഖ്യാനിച്ചത്.

Interview was taken by Alexander Gissiotti of Radio Vatican on 25th Jan. 2017.








All the contents on this site are copyrighted ©.