2017-01-25 13:01:00

യൂദിത്ത്: പ്രത്യാശയുടെ വഴികാട്ടുന്ന മഹിള


 

ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ച പതിവുപോലെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ അരങ്ങേറി ഈ ബുധനാഴ്ചയും(25/01/17). പാപ്പായെ ഒരു നോക്കു കാണാനും സന്ദേശം കേള്‍ക്കാനും ആശീര്‍വ്വാദം സ്വീകരിക്കാനും വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ അതിവിശാലമായ ഈ ശാലയില്‍ സന്നിഹിതരായിരുന്നു. പാപ്പായെ ദര്‍ശിച്ച മാത്രയില്‍ അവരുടെ ആനന്ദാരവങ്ങളുയര്‍ന്നു.ശാലയിലേക്കു കടന്ന പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും ഇടയ്ക്കിടെ നിന്ന് ഹ്രസ്വ സൗഹൃദസംഭാഷണത്തിലേര്‍പ്പെട്ടും മുന്നോട്ടു നീങ്ങി. കുഞ്ഞുങ്ങളോടു സവിശേഷ വാത്സല്യം കാട്ടുന്ന പാപ്പാ. സൗകര്യപ്പെട്ടതനുസരിച്ച് ചില കുഞ്ഞുങ്ങളെ  തലോടുകയും  ആശീര്‍വ്വദിക്കുകയും സ്നേഹചുംബനങ്ങളേകുകയും ചെയ്തു. ചിലര്‍ പാപ്പായ്ക്ക് ചെറുസമ്മാനങ്ങളേകി. മറ്റുചിലരാകട്ടെ തങ്ങള്‍ കൊണ്ടുവന്ന സാധാനങ്ങള്‍ പാപ്പായെക്കൊണ്ടാശീര്‍വദിപ്പിക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു. പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

അസീറിയന്‍ രാജാവായിരുന്ന നബുക്കദ്നോസറിന്‍റെ ആക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ രക്ഷിക്കാന്‍ കര്‍ത്താവ് നിയോഗിക്കുന്ന യഹൂദയുവതി യൂദിത്തില്‍ കേന്ദ്രീകൃതമായിരുന്നു ഫ്രാന്‍സീസ് പാപ്പാ ക്രിസ്തീയ പ്രത്യാശയെക്കുറിച്ചു പൊതുകൂടിക്കാഴ്ചാവേളയില്‍ ഇപ്പോള്‍ നടത്തിപ്പോരുന്ന പ്രബോധനപരമ്പരയില്‍ ഈയാഴ്ചത്തെ പരിചിന്തനം. എല്ലാവര്‍ക്കും ശുഭദിനം ആശംസിച്ചുകൊണ്ടു  പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ ആരംഭിച്ച പ്രസ്തുത പ്രഭാഷണം ഇപ്രകാരം സംഗ്രഹിക്കാം:

പഴയനിയമത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന മഹിളകളില്‍ മിന്നി നില്ക്കുന്ന ഒരു വ്യക്തിയാണ് ജനങ്ങള്‍ക്കിടയില്‍ ധീരവനിതയായ യൂദിത്ത്. ഈ വനിതയുടെ പേരിലുള്ളതാണ്, ബൈബിളില്‍, നബുക്കദ്നോസറിന്‍റെ ശക്തമായ സൈനികനടപടികളെക്കുറിച്ചു വിവരിക്കുന്ന ഗ്രന്ഥം. നിനിവെ ഭരിച്ചിരുന്ന നബുക്ദ്നോസര്‍ തന്‍റെ സാമ്രാജ്യത്തിന്‍റെ സീമകള്‍ അയല്‍ ജനതകളെ കീഴടക്കിയും അടിമകളാക്കിയും വിസ്തൃതമാക്കിക്കൊണ്ടിരുന്നു. മരണവും നാശവും വിതയ്ക്കുകയും ഇസ്രായേല്‍ മക്കളുടെ ജീവനെ അപകടത്തിലാക്കിക്കൊണ്ട് വാഗ്ദത്ത ദേശം വരെ എത്തുകയും ചെയ്തിരിക്കുന്ന അജയ്യനായ ഒരു വന്‍ ശത്രുവിന്‍റെ മുന്നിലാണ് എത്തിയിരിക്കുന്നതെന്ന് അനുവാചകന്‍ മനസ്സിലാക്കുന്നു. സൈനികമേധാവി ഹോളോഫര്‍ണസിന്‍റെ നേതൃത്വത്തില്‍ നബുക്കദ്നോസറിന്‍റെ സൈന്യം വാസ്തവത്തില്‍ യൂദയായിലെ ഒരു രാജ്യം വളഞ്ഞിരിക്കയാണ്. കുടിവെള്ളം തടഞ്ഞ് ജനത്തെ തളര്‍ത്തിക്കൊണ്ട് സൈന്യം അവരുടെ ചെറുത്തുനില്പിനെ നേരിട്ടു.

ശത്രുക്കള്‍ക്ക് കീഴടങ്ങാന്‍ മുതിര്‍ന്നവരോടു ജനങ്ങള്‍ അഭ്യര്‍ത്ഥിക്കും വിധം അത്ര പരിതാപകരമായിത്തീര്‍ന്നു അവസ്ഥ. അവരുടെ വാക്കുകള്‍ അത്രമാത്രം നിരാശനിറഞ്ഞതായിരുന്നു. “ഇപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല. ദാഹത്താലും കൊടിയ നാശത്താലും അവരുടെ മുന്നില്‍ നിലത്തു ചിതറാന്‍ ദൈവം ഞങ്ങളെ അവര്‍ക്ക് വിറ്റിരിക്കയാണ്. ഉ‌ടനെ ഹോളോഫര്‍ണസിനെയും സൈന്യം മുഴുവനെയും വിളിച്ചുവരുത്തി നഗരം അടിയറവയ്ക്കുക; അവര്‍ കൊള്ളയടിക്കട്ടെ.” യൂദിത്തിന്‍റെ  പുസ്തകം, അദ്ധ്യായം 7, 25,26 വാക്യങ്ങള്‍. ദൈവം ഞങ്ങളെ വിറ്റു ​എന്നുപറയത്തക്ക ഒരവസ്ഥയില്‍ അവരെത്തി. ആ ജനതയുടെ അവസ്ഥ അത്രമാത്രം പരിതാപകരമായിരുന്നു. അന്ത്യം ദയനീയമാണെന്ന തോന്നല്‍, ദൈവത്തിലുള്ള പ്രത്യാശയ്ക്ക് ക്ഷയം സംഭവിച്ചിരിക്കുന്നു. ഇനി കര്‍ത്താവില്‍ പ്രത്യാശവച്ചിട്ട് കാര്യമില്ല എന്നു ചിന്തിക്കുന്ന ഒരവസ്ഥയില്‍ നാം എത്ര തവണ എത്തിയിരിക്കുന്നു. അത് ദോഷകരമായ ഒരു പ്രലോഭനമാണ്. മരണത്തില്‍ നിന്നു രക്ഷപ്പെടുന്നതിന് കൊലയാളിയായ ശത്രുവിന്‍റെ കരങ്ങളില്‍ സ്വയമേല്പിക്കുകയെന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല എന്ന വൈരുദ്ധ്യം. കാരണം, നഗരം കൊള്ളയടിക്കാനും സ്ത്രീകളെ അടിമകളാക്കാനും മറ്റുള്ളവരെയെല്ലാം വധിക്കാനുമാണ് ശത്രുക്കള്‍ എത്തുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു.

ഈ കൊടും നിരാശയുടെ വേളയില്‍ ജനങ്ങളുടെ തലവന്‍ പ്രത്യാശയുടെ ഒരു പിടിവള്ളി ഇട്ടുകൊടുക്കുന്നു; ദൈവത്തിന്‍റെ രക്ഷാകര ഇടപെടലിനായി അഞ്ചുദിനം കൂടി കാത്തിരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഭയത്തിനുമുന്നില്‍ പ്രത്യാശ ആടിയുലഞ്ഞ അവസ്ഥയിലേക്ക് യൂദിത് കടന്നുവരുന്നു. സുന്ദരിയും വിവേകമതിയും ആയ ആ വിധവ ജനങ്ങളോടു വിശ്വാസത്തിന്‍റെ ഭാഷ സംസാരിക്കുന്നു. “സര്‍വ്വശക്തനായ കര്‍ത്താവിനെ നിങ്ങള്‍ പരീക്ഷിക്കുന്നു... എന്‍റെ സഹോദരരേ, പാടില്ല, നമ്മുടെ ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിക്കരുത്. ഈ 5 ദിവസത്തിനകം നമ്മെ രക്ഷിക്കാന്‍ അവിടത്തേക്കിഷ്ടമില്ലെങ്കില്‍ത്തന്നെയും തനിക്കിഷ്ടമുള്ള ഏതു സമയത്തും നമ്മെ രക്ഷിക്കാനോ ശത്രുക്കളുടെ മുന്‍പാകെ നമ്മെ നശിപ്പിക്കാനോ അവിടത്തേക്കു കഴിയും. അതിനാല്‍ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുമ്പോള്‍ നമുക്ക് അവിടത്തെ വിളിച്ചു സഹായം അപേക്ഷിക്കാം; അവിടന്ന് പ്രസാദിക്കുന്നെങ്കില്‍ നമ്മുടെ സ്വരം ശ്രവിക്കും”.യൂദിത്തിന്‍റെ പുസ്തകം, അദ്ധ്യായം 8 , 13 മുതല്‍ 17 വരെയുള്ള വാക്യങ്ങളില്‍ നിന്ന്.

പ്രത്യാശയുടെ ഭാഷയാണിത്. ദൈവത്തിന്‍റെ ഹൃദയവാതിലില്‍ നാം മുട്ടുകയാണ്. നമ്മെ രക്ഷിക്കാന്‍ അവിടത്തേക്കു കഴിയും. വിധവയായ യൂദിത്തിന് അഭിമാനക്ഷതം സംഭവിക്കുന്ന ഒരപകടം ഉണ്ടെങ്കിലും ധീരയായ അവള്‍ മുന്നോട്ടുവരുന്നു.കര്‍ത്താവ് രക്ഷിക്കുന്ന ദൈവമാണ്. യൂദിത്തിന് ആ വിശ്വാസമുണ്ട്. വിശ്വാസത്തിന്‍റെ  മഹിളയായ അവള്‍ക്ക് അതറിയാം. അവസാനം എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാമല്ലോ,. ദൈവം രക്ഷിക്കുന്നു

പ്രിയ സഹോദരീസഹോദരന്മാരേ, ദൈവത്തിനുമുന്നില്‍ നമ്മള്‍ വ്യവസ്ഥകള്‍ വയ്ക്കരുത്, പ്രത്യുത നമ്മുടെ ഭീതികളെ ജിയിക്കാന്‍ പ്രത്യാശയെ നാം അനുവദിക്കണം. ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയെന്നാല്‍ യാതൊന്നും പ്രതീക്ഷിക്കാതെ അവിടത്തെ പദ്ധതികളില്‍ പ്രവേശിക്കുകയെന്നാണര്‍ത്ഥം. നമ്മുടെ പ്രതീക്ഷകളില്‍ നിന്നെല്ലാം ഭിന്നമായ രീതിയിലായിരിക്കും അവി‌‍ടത്തെ സഹായം എത്തുക.

യൂദിത്ത് കാട്ടിത്തരുന്ന സഞ്ചാരസരണി വിശ്വാസത്തിന്‍റെയും സമാധാനത്തിലുള്ള കാത്തിരിപ്പിന്‍റെയും പ്രാര്‍ത്ഥനയുടെയും വിധേയത്വത്തിന്‍റെയുമാണ്. ഇത് പ്രത്യാശയുടെ യാത്രയാണ്. ദൈവകരങ്ങളില്‍ നിന്ന് സകലവും സ്വീകരിക്കുകയും അവി‌ടത്തെ നന്മയില്‍ ഉറച്ചുവിശ്വസിക്കകയും ചെയ്യുന്ന മനോഭാവം സദാപുലര്‍ത്തിയ യൂദിത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു. അത് സാക്ഷാത്കരിക്കുന്നതില്‍ അവള്‍ വിജയിക്കുകയും ആ ജനതയെ വിജയത്തിലേക്കു നയിക്കുകയും ചെയ്യുന്നു.

അങ്ങനെ വിശ്വാസവും ധൈര്യവും നിറഞ്ഞ ഒരു സ്ത്രീ മരണഭീതിയിലായിരുന്ന സ്വന്തം ജനത്തിന് ശക്തി വീണ്ടും പകരുകയും പ്രത്യാശയുടെ വഴികളിലേക്കു അവരെ നയിക്കുകയും ചെയ്തു. അവള്‍ ആ പാത നമുക്കും കാണിച്ചുതരുന്നു. “പിതാവേ, അങ്ങേക്കിഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റണമേ. എങ്കിലും എന്‍റെ ഹിതമല്ല, അവിടത്തെ ഹിതം നിറവേറട്ടെ”. ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 22, വാക്യം 42. യേശുവിന്‍റെ ഈ വാക്കുകളിലൂടെ ദൈവത്തിന് സ്വയം അര്‍പ്പിക്കുമ്പോള്‍ ആനന്ദവും പെസഹാവെളിച്ചവുമുണ്ടാകും. ഇതാണ് വിവേകത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയുമായ പ്രാര്‍ത്ഥന.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.ആംഗലഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ പാപ്പാ ഈ മാസം 18 മുതല്‍ 25 വരെ ആചരിക്കപ്പട്ട ക്രൈസ്തവൈക്യപ്രാര്‍ത്ഥനാവാരത്തോടനുബന്ധിച്ച്  റോമില്‍ എത്തിയ ബൊസ്സെ എക്യുമെനിക്കല്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകം അനുസ്മരിക്കുകയും ഈ കൂടിക്കാഴ്ചാവേളയില്‍ ഗാനമാലാപിച്ച വെസ്റ്റ്മിനിസ്റ്റര്‍ ആബി ഗായകസ്ഘത്തിന് നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.പതിവുപോലെ, പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത്, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ ജനവരി 25 ന് തിരുസഭ വിശുദ്ധ പൗലോസിന്‍റെ മാനസാന്തരത്തിരുന്നാള്‍ ആചരിക്കുന്നത് അനുസ്മരിക്കുകയും പ്രേഷിതപരമായ ശിഷ്യത്വത്തിനു യുവജനത്തിന് മാതൃകയായിരിക്കട്ടെ പൗലോസ് അപ്പസ്തോലന്‍ എന്ന് ആശംസിക്കുകയും ചെയ്തു.പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം ഫ്രാന്‍സീസ് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി 








All the contents on this site are copyrighted ©.