2017-01-24 16:24:00

ക്രിസ്തീയ ജീവിതം,''ഇതാ ഞാന്‍'' എന്ന നിരന്തരപ്രത്യുത്തരം: ഫ്രാന്‍സീസ് പാപ്പാ


ദൈവഹിതത്തോടുള്ള ''ഇതാ ഞാന്‍'' എന്ന നിരന്തരപ്രത്യുത്തരമാണ്, ഒരു ക്രിസ്ത്യാനിയുടെ ജീവിതം: ഫ്രാന്‍സീസ് പാപ്പാ.

2017 ജനുവരി ഇരുപത്തിനാല്, ചൊവ്വാഴ്ച കാസാ സാന്താ മാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലൂടെ വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയായിരുന്നു പാപ്പാ.  കര്‍ത്താവ്, ,''ഇതാ ഞാന്‍''  എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ വഴിയെ നടക്കാനുള്ള ക്ഷണം സ്വീകരിക്കുന്നവരുമായി  എപ്പോഴും സംവാദത്തിലാണ്. കര്‍ത്താവിന്‍റെ ക്ഷമ അപാരമാണ്.  ജോബിന്‍റെ പുസ്തകം വായിക്കുമ്പോള്‍ നമുക്കതു മനസ്സിലാകും. ദൈവത്തിന്‍റെ വഴികള്‍ ജോബിനു മനസ്സിലാകുന്നില്ല.  ജോബ് ദൈവത്തോടു പ്രതികരിക്കുന്നു.  ദൈവം അദ്ദേഹത്തോടു വീണ്ടും പറയുന്നു, തിരുത്തുന്നു. അവസാനം ജോബ് പറയുന്നു: ''കര്‍ത്താവേ, അങ്ങാണു ശരി.  അങ്ങയെക്കുറിച്ചു ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ അങ്ങയെ കാണുന്നു'' (ജോബ് 42:5).

ഒരു പിടി ചോദ്യങ്ങളുമായി പാപ്പാ സന്ദേശം തുടര്‍ന്നു: ദൈവത്തോടു മറുപടി പറയാനാകാതെ, ഒളിച്ച ആദത്തെപ്പോലെയാണോ ഞാന്‍?  അതോ ദൈവം വിളിക്കുമ്പോള്‍, ,''ഇതാ ഞാന്‍'' എന്നു പറയാതെ, ''എന്നില്‍നിന്ന് എന്താണങ്ങ് ആവശ്യപ്പെടുന്നത്'' എന്നാണോ ഞാന്‍ ചോദിക്കുന്നത്? അതോ യോനായെപ്പോലെ, ദൈവം ആവശ്യപ്പെടുന്നതു ചെയ്യാതെ ഓടിയകലുകയാണോ ഞാന്‍?  അതോ നിയമജ്ഞരെപ്പോലെ, ദൈവഹിതം നിറവേറ്റുന്നുവെന്ന കപടഭാവം കാണിക്കുന്ന ആളാണോ ഞാന്‍?  അതോ മുറിവേറ്റ മനുഷ്യനെ കണ്ടിട്ട് മറുവശത്തുകൂടെ കടന്നുപോയ ലേവായനെയും പുരോഹിതനെയും പോലെയോ?.

''ഇതാ ഞാന്‍'' എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ഹിതം എങ്ങനെയാണ് ഞാന്‍ എന്‍റെ ജീവിതത്തില്‍ നിറവേറ്റുന്നതെന്നു പറയാന്‍ നമുക്കു കഴിയണം.  ഉത്തരം കണ്ടുപിടിക്കാന്‍ പരിശുദ്ധാത്മാവ് കൃപ നല്കട്ടെ എന്ന പ്രാര്‍ഥനാശംസയോടെയാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.