2017-01-23 13:59:00

നമ്മുടെ ജീവിതം പരസ്പരവിരുദ്ധങ്ങളായ രണ്ടു രംഗങ്ങളിലൂടെ


നമ്മുടെ ജീവിതം കടന്നു പോകുന്നത് പരസ്പരവിരുദ്ധങ്ങളായ രണ്ടു രംഗങ്ങളിലൂടെയാണെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (21/01/17) വൈകുന്നേരം റോമില്‍, വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍, ഡോമിനിക്കന്‍ സഭയുടെ 800-Ɔ൦ വാര്‍ഷികാചരണത്തിന്‍റെ സമാപന സമൂഹദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച ഫ്രാന്‍സീസ് പാപ്പാ തദ്ദവസരത്തില്‍ നടത്തിയ വചനവിശകലനത്തിലാണ് ഈ അവസ്ഥയെക്കുറിച്ചു പറഞ്ഞത്.

പരസ്പരവിരുദ്ധങ്ങളായ ഈ രണ്ടവസ്ഥകളില്‍ ഒന്ന് ലൗകികമായ ആഹ്ലാദോത്സവങ്ങളും മറ്റൊന്ന് സ്വര്‍ഗ്ഗീയ പിതാവിനെ മഹത്വപ്പെടുത്തുന്ന സത്പ്രവര്‍ത്തികളും ആണെന്ന് വിശദീകരിച്ച പാപ്പാ ഡൊമീനിക്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡോമിനിക്കും അദ്ദേഹത്തിന്‍റെ സമൂഹത്തിലെ ആദ്യസഹോദരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചത്  ഈ രണ്ട് രംഗങ്ങള്‍ക്കുമിടയിലൂടെയാണെന്ന് അനുസ്മരിച്ചു.

പുതിയ ഗുരുനാഥന്മാരെയും കെട്ടുകഥകളും വിഭിന്നങ്ങളായ പ്രബോധനങ്ങളും പുത്തന്‍ ആശയങ്ങളുമൊക്കെ ജനങ്ങള്‍ അന്വേഷിച്ചിറങ്ങുന്നതിനെക്കുറിച്ച്  പൗലോസപ്പസ്തോലന്‍ തിമോത്തേയോസിനുള്ള രണ്ടാം ലേഖനം നാലാം അദ്ധ്യായം 1 മുതല്‍ 5 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ടത് സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഈ ഒരു ചുറ്റുപാടില്‍ സുവിശേഷം പ്രസംഗിക്കാന്‍ തിമോത്തേയോസിനോടു അപ്പസ്തോലന്‍ നിര്‍ദ്ദേശിക്കുന്നതും 2 സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു അപ്പസ്തോലന്മാര്‍ ഇത്തരം ഒരവസ്ഥയില്‍ ആയിരുന്നു എന്നതും അനുസ്മരിക്കുകയും ചെയ്തു.

പുതുമ തേടുന്ന മാനുഷിക പ്രവണത നമ്മുടെ ഇക്കാലത്ത് ഏറെ വര്‍ദ്ധമാനമാകുകയും ആഗോളമാനം കൈവരിക്കുകയും ചെയ്തിട്ടുണ്ടെന്നും പഴയവയെ ആകര്‍ഷകമാക്കി പുതിയവ പോലെ അവതരിപ്പിക്കുന്ന ബാഹ്യമോടിയ്ക്കും ഉപഭോഗത്തിനും പ്രാധാന്യകല്പിക്കപ്പെടുന്ന സമൂഹത്തില്‍ ഈ പ്രവണത വളക്കൂറുള്ള മണ്ണു കണ്ടെത്തുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

പ്രാപഞ്ചികമായ ആഹ്ലാദോത്സവങ്ങളുടെ ഈ രംഗത്തിനു നേര്‍ വിപരീതം തെളിഞ്ഞു നില്ക്കുന്നതാണ് ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലെ 16Ͻ-൦ വാക്യം സൂചിപ്പിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തല്‍ എന്നും ഇത് സല്‍പ്രവര്‍ത്തികള്‍ വഴിയാണ് സംഭവിക്കുകയെന്നും പാപ്പാ പറഞ്ഞു.

മനുഷ്യര്‍ നിങ്ങളുടെ സത്പ്രവര്‍ത്തികള്‍ കണ്ട് സ്വര്‍ഗ്ഗസ്ഥാനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തുന്നതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ എന്ന ക്രിസ്തുവചനം പാപ്പാ ഉദ്ധരിച്ചു.

ഉപ്പ് ഉറകെട്ടുപോകാതെയും വെളിച്ചം മറച്ചുവയ്ക്കപ്പെടാതെയും സൂക്ഷിക്കേണ്ടതിന്‍റെ  പ്രാധാന്യം സുവിശേഷവായനയുടെ അടിസ്ഥാനത്തില്‍ ഊന്നിപ്പറഞ്ഞ പാപ്പാ ഉറകെട്ടുപോകുന്ന സഭയ്ക്കും വൈദികനും, സമര്‍പ്പിതനും സമര്‍പ്പിതജീവിത സമൂഹത്തിനും എല്ലാം ദുരിതം എന്ന് പാപ്പാ താക്കീതു നല്കുകയും ചെയ്തു.

വചന പ്രഘോഷണം എന്ന ലക്ഷ്യത്തോടെ 13-Ɔ൦ നൂറ്റാണ്ടില്‍ വിശുദ്ധ ഡോമിനിക്ക് സ്ഥാപിച്ചതാണ് സന്ന്യാസിമാരും, സന്ന്യാസിനികളും സഹോദരങ്ങളും, അല്‍മായരും ഉള്‍പ്പെടുന്ന ഡൊമീനിക്കന്‍ സമൂഹം (Order of Preachers of St. Dominic- OP)  

ഹൊണോറിയസ് മൂന്നാമന്‍ പാപ്പാ 1216 ഡിസമ്പര്‍ 22 ന് ഈ സമൂഹത്തിന് അംഗീകാരം നല്കി.

 








All the contents on this site are copyrighted ©.