2017-01-19 19:09:00

ക്രിസ്തുവില്‍നിന്നും ഉള്‍ക്കൊള്ളേണ്ട തിന്മയ്ക്കെതിരായ പോരാട്ടം


ക്രൈസ്തവജീവിതം - ക്രിസ്തുവില്‍നിന്നും ഉള്‍ക്കൊള്ളേണ്ട തിന്മയ്ക്കെതിരായ പോരാട്ടമാണ്.   ക്രൈസ്തവജീവിതത്തെ സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. ജനുവരി 19-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയിലെ ദിവ്യബലിമദ്ധ്യേയായിരുന്നു പാപ്പായുടെ ഈ വചനചിന്ത (മര്‍ക്കോസ് 3, 7-12).

1. പിതാവു തെളിക്കുന്ന ക്രിസ്തുമാര്‍ഗ്ഗം

പ്രലോഭനങ്ങള്‍ നമ്മെ തിന്മയിലേയ്ക്ക് വലിച്ചിഴക്കുന്നു. ക്രിസ്തു വന്നത് നമ്മെ തിന്മയുടെ കരവലയത്തില്‍നിന്നും മോചിക്കാനാണ്. പിതാവാണ് പുത്രന്‍റെ പക്കലേയ്ക്ക് നമ്മെ അയക്കുന്നത്.  ധാരാളം ജനങ്ങള്‍ ക്രിസ്തുവിനെ അനുഗമിച്ചുവെന്ന് സുവിശേഷത്തില്‍ വായിക്കുന്നു (മര്‍ക്കോസ് 3, 7-12). രോഗശാന്തി ലഭിക്കാനാണ് കുറെപ്പേര്‍ അവിടുത്തെ അനുഗമിച്ചത്. എന്നാല്‍ മറ്റുപലരും അവിടുത്തെ ശ്രവിക്കാനെത്തിയത് അധികാരത്തോടെയുള്ള അവിടുത്തെ പ്രബോധനങ്ങള്‍ ശ്രവിക്കാനായിരുന്നു. അവര്‍ സ്വമേധയാ വിവിധ സ്ഥലങ്ങളില്‍നിന്നും അവിടുത്തെ അനുഗമിച്ചവരായിരുന്നു. അവിടുന്ന് തന്‍റെ പക്കല്‍ എത്തിയവരോട് നിര്‍വികാരനായിരുന്നില്ല. മറിച്ച് അവിടുത്തേയ്ക്ക് അവരോട് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു.

2. ക്രൈസ്തവ ജീവിതം തിന്മയുടെ ശക്തികള്‍ക്ക് എതിരായ പോരാട്ടം

എന്നാല്‍ സുവിശേഷകന്‍ മര്‍ക്കോസ് വിവിരിക്കുന്നതുപോലെ ജനക്കൂട്ടത്തിലെ അശുദ്ധാത്മാക്കള്‍ ക്രിസ്തുവിലെ ദൈവപുത്രനെ തിരിച്ചറിയുന്നു. എന്തിന് നീ ഞങ്ങളുടെ അടുത്തേയ്ക്കു വരുന്നു?  എന്തിന് ഞങ്ങളെ പീഡിപ്പിക്കുന്നു?  അങ്ങ് ദൈവപുത്രനാണ്! ഞങ്ങളില്‍നിന്നും അകന്നുപോവുക! അവര്‍ പുലമ്പുന്നു! ക്രിസ്തുവിനെ സമീപിക്കുമ്പോള്‍, തിന്മയുടെ ശക്തികള്‍ നമ്മെയും എതിര്‍ക്കും. നമുക്കെതിരെ യുദ്ധംചെയ്യും. നമ്മില്‍ പലരും അത് ന്യായീകരിച്ചു പറയും! എനിക്ക് ഒരു കുഴപ്പവുമില്ല, ഞാന്‍ പള്ളിയില്‍ പോകുന്നുണ്ട്. ധ്യാനിക്കുന്നുണ്ട്.  ധ്യാനംകൂടുന്നുണ്ട്. നീണ്ട  ആരാധന നടത്തുന്നുണ്ട് എന്നൊക്കെ! എന്നാല്‍ ഓര്‍ക്കുക ക്രൈസ്തവ ജീവിതത്തിന്‍റെ ഭാഗധേയമാണ് പ്രലോഭനങ്ങള്‍, പ്രതിസന്ധികളും എതിര്‍പ്പുകളും. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ ക്രൈസ്തവ ജീവിതത്തെ അനുദിനം നേരിടേണ്ട പോരാട്ടമെന്നും, യുദ്ധമെന്നും വിശേഷിപ്പിച്ചിട്ടുള്ളത്.

3. ക്രിസ്തുമാര്‍ഗ്ഗം വിവേചിച്ചെടുക്കാം

പിതാവ് അനേകരെ പുത്രനിലേയ്ക്ക് വിളിക്കുന്നു. ക്രിസ്തുവിലേയ് എത്തിച്ചേരുന്ന വന്‍ജനാവലി പിതാവിനാല്‍ വിളിക്കപ്പെട്ടവരായിട്ടാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. എന്നാല്‍ ദുഷ്ടാരൂപികള്‍ അവരെ എതിര്‍ക്കുകയും പിന്‍തിരിപ്പിക്കുകയും ചെയ്യുന്നു. വിജയിക്കണമെങ്കില്‍ നാം തിന്മയ്ക്ക് കീഴ്പ്പെടാതെ പ്രതിരോധിക്കണം. നമ്മുടെ ഹൃദയങ്ങളില്‍ സംഘട്ടനങ്ങള്‍ കൊടുമ്പിരിക്കൊള്ളുമെങ്കിലും, പരാജ്യപ്പെടുകയില്ല. ക്രിസ്തു ജയിക്കും!   പിതാവാണ് നമ്മെ വിളിക്കുന്നതും, അയയ്ക്കുന്നതും, നയിക്കുന്നതും. അതിനാല്‍ ക്രിസ്തുമാഗ്ഗേ ചരിക്കാം. ഹൃദയത്തില്‍ ക്രിസ്തുവിന്‍റെവഴി തിരഞ്ഞെടുക്കുന്നവര്‍ സന്തോഷം അനുഭവിക്കുന്നു!

അനുദിനജീവിത ചുറ്റുപാടുകളില്‍ സംഘട്ടനങ്ങള്‍ ഉറപ്പാണ്. തിന്മയുടെ ശക്തികള്‍ നമ്മെ സദാ പിന്‍തുടരും. നമ്മെ പിന്‍തിരിപ്പിക്കും.. സ്വയം ആത്മശോധനചെയ്യണം. എന്‍റെ മാര്‍ഗ്ഗം ശരിയാണോ? ഞാന്‍ ചരിക്കുന്നത് ക്രിസ്തുവിന്‍റെ ഹൃദയത്തിന് അനുയോജ്യമായിട്ടാണോ? ശരിയായത് വിവേചിക്കാനുള്ള കരുത്തുതരണേ, എന്നു പ്രാര്‍ത്ഥിക്കാം. അത് പുത്രനായ ക്രിസ്തുവിങ്കലേയ്ക്ക് പിതാവ് തുറന്നുതരുന്ന വഴിയാണ്!








All the contents on this site are copyrighted ©.