2017-01-18 17:29:00

ക്രിസ്തുവിന്‍റെ കല്ലറിയിലെ കല്ല് പ്രസിഡന്‍റ് അബാസിന്‍റെ സ്നേഹോപഹാരം


ക്രിസ്തുവിന്‍റെ കല്ലറയില്‍നിന്നുമുള്ള ഒരു കല്ല് പലസ്തീനിയന്‍ പ്രസി‍ഡന്‍റ്, മഹമൂദ് അബാസ് പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചു.

പാപ്പാ ഫ്രാന്‍സിസും പലസ്തീനിയന്‍ പ്രസിഡന്‍റ് മഹമൂദ് അബാസുമായി ജനുവരി 14-Ɔ൦ തിയതി ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് പഴയ ജരൂസേലേമിലുള്ളതും, ഒരു കാലത്ത് പലസ്തീനിയന്‍ ജനതയുടെ അധീനത്തിലുമായിരുന്ന ക്രിസ്തുവിന്‍റെ കല്ലറയുടെ ദേവാലയത്തില്‍നിന്നും എടുത്ത ചെറിയ വെണ്ണക്കല്ല് പാപ്പായ്ക്കു സമ്മാനിച്ചത്. അലങ്കരിച്ച ഒരു പേടകത്തിലാണ് കല്ലറയിലെ പൂജ്യമായ കല്ല് പ്രസിഡന്‍റ് അബാസ് പാപ്പായ്ക്കു സമ്മാനിച്ചത്. ജനുവരി 17-Ɔ൦ തിയതി ചൊവ്വാഴ്ച റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലാണ് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

വത്തിക്കാനിലേയ്ക്കുള്ള പലസ്തീനിയന്‍ സ്ഥാനപതിയുടെ പുതിയ മന്ദരത്തിന്‍റെ ശനിയാഴ്ച റോമില്‍ നടന്ന ഉത്ഘാടനത്തിനു തൊട്ടുമുന്‍പാണ് പ്രസിഡന്‍റ് അബാസ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയതും, ക്രിസ്തുവിന്‍റെ കല്ലറയിലെ ചെറിയകല്ല് പാപ്പായ്ക്കു സമ്മാനിച്ചതും.

പുണ്യസ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുരാതന ജരൂസലേം പട്ടണം പലസ്തീനയുടെ ആസ്ഥാനമായിരുന്നെന്നും, ഇനിയും അപ്രകാരം ആകണമെന്നുമുള്ള പലസ്തീനിയന്‍ ജനതയുടെ സ്വപ്നമായിരിക്കാം പാപ്പായ്ക്ക് സ്നേഹോപഹാരമായി ചെറിയ വെണ്ണക്കല്ലില്‍ പ്രസിഡന്‍റ് അബാസ് സമര്‍പ്പിച്ചതെന്ന് ഗ്രേഗ് ബേര്‍ക്ക് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍-ഇസ്രായേല്‍ ഇരുരാഷ്ട്രങ്ങളുടെ വീക്ഷണം ആത്മന ഉള്‍ക്കൊള്ളുകയും, അതിനായി പരിശ്രമിക്കുകയുചെയ്യുന്ന ലോകനേതാക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. വത്തിക്കാന്‍-പലസ്തീന്‍ നയതന്ത്രബന്ധങ്ങള്‍ സുസ്ഥിരമാണെന്നും ഗ്രെഗ് ബേര്‍ക്ക് പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസും പ്രസിഡന്‍റ് മഹമൂദ് അബാസുമായി നടക്കുന്ന അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. 2013-ല്‍ ഒക്ടോബര്‍ 13-ന് നടന്ന സ്വകാര്യകൂടിക്കാഴ്ച കൂടാതെ, 2014 മെയ് 25-ന് പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു സന്ദര്‍ശനത്തിനിടെ ബെതലഹേമില്‍വച്ച് പലസ്തീനയുടെ പ്രസിഡന്‍റുമായി പാപ്പാ നേര്‍ക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് അതേവര്‍ഷം ജൂണ്‍ 8-ന് ഇസ്രായേല്‍-പലസ്തിന്‍ സമാധാനശ്രമത്തിന്‍റെ ഭാഗമായി പാപ്പാ ഫ്രാന്‍സിസിന്‍റെ ക്ഷണം സ്വീകരിച്ച് ഒരു പൊതുസമാധാന പ്രാര്‍ത്ഥനയ്ക്കായി പ്രസിഡന്‍റ് അബാസും ഇസ്രായേലിന്‍റെ പ്രസിഡന്‍റ് ഷീമോണ്‍ പേരസും വത്തിക്കാനിലെത്തി പാപ്പായ്ക്കൊപ്പമുള്ള കൂടിക്കാഴ്ചയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു. 2015 മെയ് 16-ന് വത്തിക്കാനില്‍ നടന്ന പലസ്തീനിയന്‍ കര്‍മ്മലീത്താ സന്ന്യാസിനിയുടെ വിശുദ്ധപദ പ്രഖ്യാപന കര്‍മ്മത്തില്‍ പങ്കെടുക്കാനും പ്രസിഡന്‍റ് അബാസ് വന്നിരുന്നു. തലേനാള്‍ പാപ്പാ ഫ്രാന്‍സിസുമായി അദ്ദേഹം ഒരു സ്വകാര്യകൂടിക്കാഴ്ചയും നടത്തി. 

 








All the contents on this site are copyrighted ©.