2017-01-16 17:46:00

കുടിയേറ്റക്കാരുടെ മദ്ധ്യസ്ഥ : വിശുദ്ധ കബ്രീനി


ജനുവരി 15-Ɔ൦ തിയതി ഞായറാഴ്ച, കുടിയേറ്റക്കാരുടെ ആഗോളദിനത്തില്‍ വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ കുടിയേറ്റക്കാരുടെ മദ്ധ്യസ്ഥയായ വിശുദ്ധ  കബ്രീനിയുടെ  ചരമശതാബ്ദി വര്‍ഷമാണിതെന്ന് (1850-1917) അവിടെ സമ്മേളിച്ച ആയിരങ്ങളെയും ലോകത്തെയും പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. വിശുദ്ധയുടെ ജീവിതമാതൃക അനുകരിച്ച് കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും സഹാനുഭാവമുള്ളവര്‍ ആയിരിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.

1. ആദ്യകാലം

ഇറ്റലിയില്‍നിന്നും അമേരിക്കയിലേയ്ക്കു കുടിയേറിയ സന്ന്യാസിനി.  തിരുഹൃദയത്തിന്‍റെ മിഷണറിമാര്‍ (Missionaries of Sacred Heart) എന്ന സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയുമാണ് വിശുദ്ധ കബ്രീനി. കുടിയേറ്റക്കാരുടെ സ്വര്‍ഗ്ഗിയ മദ്ധ്യസ്ഥയും!

ഇറ്റലിയുടെ വടക്കു പടിഞ്ഞാറന്‍ ലൊമ്പാര്‍ദിയ പ്രദേശത്തെ ലോഡിയില്‍ 1850-ല്‍ കബ്രീനി ജനിച്ചു. ലോഡി പ്രദേശം അന്ന് ഓസ്ട്രിയയുടെ ഭാഗമായിരുന്നു. ആപ്പിളും ചെറിപ്പഴങ്ങളും ധാരാളം കൃഷിചെയ്തിരുന്ന കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. അഗസ്തീനോ-സ്റ്റേല കബ്രീനി ദമ്പതികളുടെ നാലു മക്കളില്‍ ആരോഗ്യപരമായി ഏറ്റവും ലോലയായിരുന്നു മകള്‍ കബ്രീനി. ചെറുപ്പകാലത്ത്  കടലാസുകൊണ്ട് കപ്പലുണ്ടി, അതില്‍ ചെറിയ പൂക്കള്‍ വിതറി വെള്ളത്തില്‍ ഒഴുക്കിയിട്ട് അവള്‍  പറയും, “ഞാന്‍ മിഷണറിയായി ചൈനയിലും ഇന്ത്യയിലേയ്ക്കും പോകും!”

2. ജീവിതതിരഞ്ഞെടുപ്പ്

തിരുഹൃദയത്തിന്‍റെ പുത്രിമാര്‍ എന്ന സന്ന്യാസിനികളുടെ ലോഡിയിലുള്ള സ്ക്കൂളില്‍ കബ്രീനി പ്രാഥമിക വിദ്യാഭ്യാസം നടത്തി. ഏറെ ഉയര്‍ന്ന നിലവരാത്തില്‍ പഠനം പൂര്‍ത്തിയാക്കി. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് 1870-ല്‍ അവള്‍ തിരുഹൃദയത്തിന്‍റെ പുത്രിമാരുടെ സഭയില്‍ അംഗമാകാന്‍ ആഗ്രഹിച്ചു. തന്നെ പഠിപ്പിക്കുകയും അടുത്തറിയുകയും ചെയ്ത സഹോദരിമാരുടെ സഭയില്‍ ചേരാന്‍ ആഗ്രഹിച്ചു ചെന്നെങ്കിലും, ശുഷ്ക്കിച്ചും ശോഷിച്ചുമിരുന്ന കബ്രീനിക്ക് ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് അവര്‍ പ്രവേശനം നല്കിയില്ല.

ആ വര്‍ഷംതന്നെ വളരെ അടുത്തുള്ള ‘കൊതേഞ്ഞോ' എന്ന സ്ഥലത്തെ ദൈവപരിപാലനയുടെ ഭവനം, എന്ന അനാഥാലയത്തിലെ കുട്ടികള്‍ക്കായുള്ള സ്കൂളിലെ പ്രധാന അദ്ധ്യാപികയായി നിയമിതയായി. അവിടെ കബ്രീനി പഠിപ്പിക്കുക മാത്രമല്ല, പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന യുവതികളുടെ ഒരു കൂട്ടായ്മ മെല്ലെ വളര്‍ത്തിയെടുത്തു. ഈ പ്രാര്‍ത്ഥനാസമൂഹമാണ് ഒരു സന്ന്യാസിനീസമൂഹമായി കാലക്രമത്തില്‍ കബ്രീനി വളര്‍ത്തിയെടുത്തത്.

3. സന്ന്യാസ  സഭാസ്ഥാപനം

അവര്‍ക്കൊപ്പം സന്ന്യാസവ്രതമെടുത്ത കബ്രീനി ഭാരതത്തിന്‍റ ‘ദ്വിതീയാപ്പസ്തോലന്‍’ എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ മദ്ധ്യസ്ഥനായി സ്വീകരിച്ച് ഫ്രാന്‍ചേസ്ക്കാ സവേരിയോ കബ്രീനി എന്നറിയപ്പെടാന്‍ തുടങ്ങി. വിശുദ്ധ ഫ്രാന്‍സിസിസ് സേവ്യറിന്‍റെ പ്രേഷിതധീരതയാണ് കബ്രീനി മാതൃകയും പ്രചോദനവുമാക്കിയത്. തന്‍റെകൂടെ വ്രതമെടുത്ത മറ്റ് 6 സഹോദരിമാരും കബ്രീനിയും ചേര്‍ന്ന് ഈശോയുടെ തിരുഹൃദയത്തിന്‍റെ മിഷണറിമാരുടെ സഭ (Missionary Sisters of Sacred Heart of Jesus M.S.C) രൂപീകരിച്ചു. ഇത് 1880-ലായിരുന്നു. തുടര്‍ന്ന് മരണംവരെ അവള്‍ അതിന്‍റെ സുപ്പീരിയര്‍ ജനറലായിരുന്നു. പാവങ്ങള്‍ക്കായി അനാഥാലയവും ഒപ്പം വിദ്യാലയവും തുറന്നു പ്രവര്‍ത്തിച്ചു. തൊഴില്‍ പരിശീലനകേന്ദ്രം, നഴ്സി, തയ്യല്‍ പരിശീലനകേന്ദ്രം എന്നിങ്ങനെ വിവിധ തരത്തിലും തലത്തിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കാന്‍ ചുങ്ങിയ സമയത്തില്‍ കബ്രീനിക്ക് ദൈവപരിപാലന തുണയായി.

4. കിഴക്കോട്ടല്ല പടിഞ്ഞാറോട്ട്…”

1877-ല്‍ കബ്രിനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്കി, നിയമാവലി ​​അംഗീകരിച്ചു. കിഴക്കന്‍ രാജ്യങ്ങളിലേയ്ക്ക് വിശിശ്യ ചൈന, ഇന്ത്യ എന്നിവിടങ്ങളിലേയ്ക്ക് വിശുദ്ധ ഫ്രാന്‍സിസ് സേവറിനെപ്പോലെ പോകണമെന്ന് ആഗ്രഹിച്ച് അനുമതി തേടിയ കബ്രീനിക്കും കൂട്ടുകാര്‍ക്കും വാഴ്ത്തപ്പെട്ട ലിയോ 13-Ɔമന്‍ പാപ്പാ നിര്‍ദ്ദേശം നല്കിയത്, “കിഴക്കോട്ടല്ല, പടിഞ്ഞാറോട്ടു പോവുക,” എന്നായിരുന്നു.  ലോകമഹായുദ്ധങ്ങളെ തുടര്‍ന്ന് ഇറ്റലിയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും കരുതലുകളൊന്നുമില്ലാതെ അമേരിക്ക ഭൂഖണ്ഡത്തിലേയ്ക്ക് കുടിയേറിയിരിക്കുന്ന ആയിരങ്ങളുടെ പക്കലേയ്ക്ക് പോകാനായിരുന്നു ലിയോ 13-Ɔമന്‍ പാപ്പാ നല്കിയ നിര്‍ദ്ദേശം.

5.  പുറപ്പാടും  പ്രേഷിത പ്രവര്‍ത്തനങ്ങളും

കബ്രീനിയും തിരുഹൃദയത്തിന്‍റെ മിഷണറിമാരായ ആറു സഹോദരിമാരും 1889 മാര്‍ച്ച് 31-ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലേയ്ക്ക് കപ്പല്‍ കയറി. ആരംഭഘട്ടത്തിലെ തടസ്സങ്ങള്‍ നിരവധിയായിരുന്നെങ്കിലും ദൈവപരിപാലനയില്‍ ആശ്രയിച്ച് തീക്ഷ്ണതയോടെ അവര്‍ പ്രവര്‍ത്തിച്ചു. സ്ഥലത്തെ മെത്രാന്‍റെ സഹായത്തോടെ ന്യൂയോര്‍ക്കിലെ വെസ്റ്റ് പാര്‍ക്കില്‍ ഒരു അനാഥാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ആദ്യം ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ ഇടയിലും പിന്നീട് മറ്റുള്ളവരിലേയ്ക്കും കബ്രീനിയും സോഹദരിമാരും തങ്ങളുടെ പ്രേഷിതമേഖല മെല്ലെ വ്യാപിപ്പിച്ചു. മതബോധനം, വിദ്യാഭ്യാം, അതുരശുശ്രൂഷ എന്നിങ്ങനെ തുടക്കമിട്ട പദ്ധതികള്‍ കാലത്തിന്‍റെ ആവശ്യമായിരുന്നു – പ്രത്യേകിച്ച് പാവങ്ങളായ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും! സമൂഹത്തിന്‍റെയും കബ്രീനിയുടെയും ത്യാഗസമര്‍പ്പണത്തില്‍ സംതൃപ്തരായ സഭാധികാരികളും വിശ്വാസികളും അവരെ പിന്‍തുണച്ചു. ന്യൂയോര്‍ക്കിലെ കൊളംമ്പസ് ആശുപത്രി, ഇറ്റാലിയന്‍ ആശുപത്രി എന്നിവ കുടിയേറ്റക്കാര്‍ക്കും അതുപോലെ തദ്ദേശജനതയ്ക്കും ഒരുപോലെ അനുഗ്രഹമായി. കബ്രീനിയുടെ ജീവിതകാലത്തുതന്നെ 67 സ്ഥാപനങ്ങള്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി തുറന്നിരുന്നു. തെക്കെ അമേരിക്കയിലേയ്ക്കും തിരുഹൃദയത്തിന്‍റെ സഹോദരിമാരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. 1909-ല്‍ കബ്രീനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമെന്നോണം അവര്‍ക്ക് അമേരിക്കന്‍‍ പൗരത്വം നല്കപ്പെട്ടു.

6. ജീവിതസായാഹ്നം

ഫോര്‍ട്ട് വാഷിങ്ടണ്‍, മാന്‍ഹറ്റന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ കബ്രീനി സ്ഥാപിച്ച വിദ്യാലയങ്ങള്‍ ആയിരങ്ങള്‍ക്ക്, വിശിഷ്യാ അക്കാലഘട്ടത്തിലെ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായവര്‍ക്ക് ആലംബമായിരുന്നു. കബ്രീനിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം, മരിക്കുന്നതിനുമുന്‍പ് തന്‍റെ സഹോദരിമാരെ ചൈനയിലേയ്ക്ക് മിഷണറിമാരായി അയയ്ക്കുവാനും ഭാഗ്യമുണ്ടായി.

1917-ലെ ക്രിസ്തുനസ്സില്‍ പാവങ്ങള്‍ക്കായി പലഹാരങ്ങള്‍ തയ്യാറാക്കുന്നതിനിടയില്‍ അനുഭവപ്പെട്ട ശാരീരികാലസ്യങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 22-ന്  കുടിയേറ്റത്തിന്‍റെ ക്ലേശഭൂമിയില്‍ വിരിഞ്ഞ പ്രേഷിതസൂനം, ഫ്രാന്‍സിസ് സേവ്യര്‍ കബ്രീനി (Francis Xavier Cabrini)  കൊഴിഞ്ഞുപോയി! ന്യൂയോര്‍ക്കില്‍ വെസ്റ്റ് പാര്‍ക്കിലാണ് സിസ്റ്റര്‍ കബ്രീനിയുടെ ഭൗതികശരീരം അടക്കംചെയ്തത്. 1931-നാമകരണ നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഈശോയുടെ തിരുഹൃദയത്തിന്‍റെ മിഷണറിമാരുടെ റോമിലുള്ള രാജ്യാന്തര ഭവനത്തിലും ദൈവദാസി കബ്രീനിയുടെ പൂജ്യശേഷിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1938-ലെ നവംബര്‍ 13-ന് പതിനൊന്നാം പിയൂസ് പാപ്പാ കബ്രീനിയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തി. അന്ധനായിരുന്ന പീറ്റര്‍ സ്മിത്ത് എന്ന കുഞ്ഞിന് കാഴ്ച ലഭിച്ചതാണ് കബ്രീനിയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്താന്‍ കാരണമായ അത്ഭുതം! ദൈവദാസിയുടെ മദ്ധ്യസ്ഥ്യത്താല്‍ കാഴ്ചനേടിയ പീറ്റര്‍ സ്മിത്ത് ഒരു വൈദികനായി. 1946-ല്‍ ജൂലൈ 7-ന് പന്ത്രണ്ടാം പിയൂസ് പാപ്പാ കബ്രീനിയെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി. അന്നത്തെ നാമകരണനടപടിക്രമങ്ങളില്‍ ഫാദര്‍ പീറ്റര്‍ സ്മിത്ത് പങ്കെടുത്തു.

7. കുടിയേറ്റക്കാര്‍ക്കൊരു സ്വര്‍ഗ്ഗീയമദ്ധ്യസ്ഥ

കുടിയേറ്റക്കാരും അഭയാര്‍ത്ഥിക്കളുമായവരെ തുണയ്ക്കാന്‍ അമേരിക്ക ഭൂഖണ്ഡത്തിലേയ്ക്ക് കുടിയേറുകയും, അവര്‍ക്കായി സ്വയാര്‍പ്പണംചെയ്യുകയും ചെയ്ത വിശുദ്ധ കബ്രീനിയെ സഭ കുടിയേറ്റക്കാരുടെ മദ്ധ്യസ്ഥയായി വണങ്ങുന്നു! കുടിയേറ്റത്തിലും വിപ്രവാസത്തിലും ആഗോള പ്രതിഭാസത്തില്‍ കേഴുന്ന കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള ബഹുസഹസ്രങ്ങള്‍ക്ക് വിശുദ്ധ കബ്രീനി തുണയാവട്ടെ!

വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കബ്രീനിയുടെ തിരുനാള്‍ - നവംബര്‍ 13.








All the contents on this site are copyrighted ©.