2017-01-14 14:58:00

മനുഷ്യവ്യക്തിയെ തള്ളിക്കളയുന്ന സമ്പദ് വ്യവസ്ഥ അസ്വീകാര്യം


വ്യവസായസംരംഭങ്ങളുടെയൊ സംഘടനകളുടെയൊ മാനദണ്ഡമനുസരിച്ച് ഉപയോഗശൂന്യരായി കണക്കാക്കി മനുഷ്യവ്യക്തിളെ പാഴ്വസ്തുവായി തള്ളിക്കളയുന്ന ആഗോള സമ്പദ് വ്യവസ്ഥയെ ഒരിക്കലും അംഗീകരിക്കാനാകില്ലയെന്ന് മാര്‍പ്പാപ്പാ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.

1998ല്‍ ആസ്ത്രേലിയയില്‍, അന്നാടിന്‍റെ അന്നത്തെ പ്രധാനമന്ത്രി ജോണ്‍ ഹവ്വാഡും അന്താരാഷ്ട്ര നാണ്യനിധിയുടെ മുന്‍ മേധാവിയും സാമ്പത്തികവിദഗ്ദനുമായ മിഷേല്‍ കമദെസ്യൂവും (MICHAEL CAMDESUS) ചേര്‍ന്ന്  ആരംഭിച്ച ഗ്ലോബല്‍ ഫൗണ്ടേഷന്‍റെ  റോമില്‍ ചേര്‍ന്ന വട്ടമേശസമ്മളനത്തില്‍ സംബന്ധിക്കുന്ന എണ്‍പത്തിയഞ്ചോളം പ്രതിനിധികളെ വത്തിക്കാനില്‍ ശനിയാഴ്ച(14/01/17) സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ഇപ്രകാരം പാഴ്വസ്തുകണക്കെ വലിച്ചെറിയുന്നത് ഏതൊരു രാഷ്ട്രീയസാമ്പത്തിക വ്യവസ്ഥയുടെയും അധ:പതനത്തിന്‍റെയും മനുഷ്യത്വരാഹിത്യത്തിന്‍റയും അ‌ടയാളമാണെന്ന് പാപ്പാ പറഞ്ഞു.

1991ല്‍ സ്വേച്ഛാധിപത്യഭരണകൂടങ്ങളുടെ പതനത്തോടും ഇന്ന് ആഗോളവത്ക്കരണം എന്ന് പരക്കെ അറിയപ്പെടുന്ന കമ്പോളോദ്ഗ്രഥനത്തോടും പ്രതികരിക്കവെ വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ മുതലാളിത്ത വ്യവസ്ഥിതി വ്യാപകമാകുന്ന അപകടസൂചന നല്കിയിരുന്നത് അനുസ്മരിച്ച ഫ്രാന്‍സീസ് പാപ്പാ, അന്ന് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായെ അലട്ടിയിരുന്ന ആശങ്കകളില്‍ ഏറെയും ഇന്ന് സംഭവിച്ചിരിക്കുന്നുവെന്നു ഖേദം പ്രകടിപ്പിച്ചു.

അതോടൊപ്പംതന്നെ, നിരുത്തരവാദിത്വപരമായ ആഗോളവത്ക്കരണത്തിന്‍റെ   ദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള യത്നങ്ങള്‍ വ്യക്തികളുടെയും സംഘടനകളുടെയും തലത്തില്‍ വര്‍ദ്ധമാനമായിട്ടുണ്ടെന്ന് പാപ്പാ ആശ്വാസം പ്രകടിപ്പിച്ചു.

താന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് വിശുദ്ധയായി പ്രഖ്യാപിച്ച മദര്‍തെരേസയെ പാപ്പാ ഇത്തരം പരിശ്രമങ്ങളെ പ്രതിനിധാനം ചെയ്യുകയും സംഗ്രഹിക്കുകയും ചെയ്യുന്ന ഒരു പ്രതീകവും രൂപവുമായി അവതരിപ്പിച്ചു.     

നിര്‍ദ്ധനരുടെയും തെരുവോരങ്ങളില്‍ മരണാസന്നരായികിടന്നവരുടെയും മേല്‍ കുനിയുകയും അജാതശിശുക്കളുടെയും പരിത്യക്തരുടെയും എന്നല്ല സകലരുടെയും ജീവനെ സ്വീകരിക്കുകയും ചെയ്ത വിശുദ്ധ മദര്‍ തെരേസയുടെ ആ മനോഭാവമാണ് സാഹോദര്യ-സഹകരണ ഭാവങ്ങള്‍ ആവശ്യമായിരിക്കുന്ന ഒരു ആഗോളവത്ക്കരണത്തിന് ആദ്യം വേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. 








All the contents on this site are copyrighted ©.