2017-01-14 15:17:00

പലസ്തീന്‍റെ പ്രസിഡന്‍റ് വത്തിക്കാനില്‍


പലസ്തീന്‍റെ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന് പാപ്പാ ദര്‍ശനം അനുവദിച്ചു.

ശനിയാഴ്ച(14/01/17) ആണ് ഫ്രാന്‍സീസ് പാപ്പാ പ്രസിഡന്‍റ് അബ്ബാസിനെയും അനുചരരെയും വത്തിക്കാനില്‍ സ്വീകരിച്ചത്.

പലസ്തീനിലെ സഭയുടെ ജീവിതത്തെയും അവിടത്തെ പ്രവര്‍ത്തനങ്ങളെയും അധികരിച്ച് പരിശുദ്ധസിംഹാസനവും പലസ്തീനും 2015ല്‍ ഒപ്പുവച്ച ഉടമ്പടി സ്ഥിരീകരണമേകുന്ന  ഇരു വിഭാഗവും തമ്മിലുള്ള നല്ല ബന്ധം, മാനവാന്തസ്സ് പരിപോഷിപ്പിക്കുന്നതിനും വിദ്യഭ്യാസ ആരോഗ്യസേവന മേഖലകളിലും കത്തോലിക്കര്‍ ഏകിയിട്ടുള്ള സംഭാവനകള്‍ തുടങ്ങിയവ സസന്തോഷം അനുസ്മരിക്കപ്പെട്ടുവെന്ന് ഈ കൂടിക്കാഴ്ചയെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം (പ്രസ്സ് ഓഫീസ്) പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കാണുന്നു.

മദ്ധ്യപൂര്‍വ്വദേശത്ത് പൗരജനത്തിന് അസ്വീകാര്യങ്ങളായ സഹനങ്ങളേകുന്ന അക്രമങ്ങള്‍ക്കറുതിവരുത്തുന്നതിന് നീണ്ടുനില്ക്കുന്നതും നീതിപൂര്‍വ്വകവുമായ പരിഹാരമുണ്ടാകുമെന്ന പ്രത്യാശ പാപ്പായും പ്രസിഡന്‍റും പ്രകടിപ്പിച്ചു.

ആ ലക്ഷ്യപ്രാപ്തിക്കായി പരസ്പരവിശ്വാസം സൃഷ്ടിക്കാനും സമാധാനസംസ്ഥാപനത്തിന് അനുകൂലമായ ധീരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനനുയോജ്യമായ ഒരന്തരീക്ഷം സംജാതമാക്കുന്നതിന് സംഭാവനയേകാനും ഉതകുന്ന നടപടികള്‍  അന്താരാഷ്ട്രസമൂഹത്തിന്‍റെ പിന്തുണയോടെ സ്വീകരിക്കുമെന്ന പ്രത്യാശയും ഈ കൂടിക്കാഴ്ചാവേളയില്‍ പ്രകടിപ്പിക്കപ്പെട്ടു.

ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്ന പുണ്യസ്ഥലങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതിന്‍റെ   ആവശ്യകതയും പാപ്പായും പലസ്തീന്‍റെ പ്രസിഡന്‍റ് അബ്ബാസും എടുത്തുകാട്ടി.








All the contents on this site are copyrighted ©.