2017-01-14 13:42:00

കുട്ടികള്‍ കുടിയേറ്റത്തിലെ നിരാലംബരും പരിത്യക്തരും


ജനുവരി 15 ഞായര്‍  ആഗോള കുടിയേറ്റദിനം -  പാപ്പാ ഫ്രാന്‍സിസ് നല്കുന്ന   പ്രത്യേക സന്ദേശം :

1. ദുര്‍ബലരോടു കാണിക്കേണ്ട സാമീപ്യം

ദൈവം നമ്മില്‍ ഒരുവനായി അവതരിച്ചു. യേശുവില്‍ അവിടുന്നൊരു ശിശുവായി അവതരിച്ചു. അവിടുന്ന് കുടിയേറ്റത്തിന്‍റെ തിക്തഫലങ്ങള്‍ ബാലനായിരുന്നപ്പോള്‍ത്തന്നെ അനുഭവിച്ചെന്ന് ഈജിപ്തിലേയ്ക്കുള്ള പലായനം വ്യക്തമാക്കുന്നു. പ്രത്യാശ വളര്‍ത്തുന്നതും തുറവുള്ളതുമായ വിശ്വാസം അനുദിന ജീവിതത്തില്‍ പ്രതിഫലിപ്പിക്കേണ്ടത് എളയവരോടും ദുര്‍ബലരോടുമുള്ള സാമീപ്യത്തിലാണ്. ക്രിസ്തു നമ്മെ അതു പഠിപ്പിക്കുന്നു.

“ഇതുപോലുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ സ്വീകരിക്കുന്നവര്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവര്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്” (മര്‍ക്കോസ് 9, 37... മത്തായി 18, 5... ലൂക്കാ 9, 48... യോഹ. 13, 20). ക്രിസ്തുവിന്‍റെ ഈ വാക്കുകളാല്‍ സുവിശേഷകന്മാര്‍ ക്രൈസ്തവ സമൂഹത്തെ പ്രബോധിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും, വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നത്. ഈ വചനം നന്മയിലേയ്ക്കും ദൈവിക ജീവനിലേയ്ക്കുമുള്ള ഉറപ്പായ പാതയാണ്. രക്ഷകനായ ക്രിസ്തുവിന്‍റെ നാമത്തില്‍ കുട്ടികളെ, വിശിഷ്യാ പാവങ്ങളായ കുട്ടികളെ സ്വീകരിക്കുകയും തുണയ്ക്കുകയും ചെയ്യുന്ന ശീലത്തിലേയ്ക്ക് ഈ വചനം നമ്മെ വളര്‍ത്തട്ടെ! നമ്മുടെ ജീവിതയാത്ര യാഥാര്‍ത്ഥ്യമാക്കുന്നതിന് അനിവാര്യമായ വ്യവസ്ഥയാണ് അന്യരോടു കാണിക്കേണ്ട ആതിഥ്യവും മാന്യമായ പെരുമാറ്റവും:    താഴ്മയില്‍ മനുഷ്യനായി നമ്മോടൊത്തു വസിച്ച, നമ്മില്‍ ഒരുവനായ ദൈവത്തെയാണ് ക്രിസ്തുമസ്സ് നമ്മില്‍ പുനരാവിഷ്ക്കരിക്കുന്നത്. അതിനാല്‍ പ്രത്യാശയുള്ളതും തുറവുള്ളതുമായ വിശ്വാസം അനുദിന ജീവിതത്തില്‍ പ്രതിഫലിപ്പിക്കേണ്ടത് പാവങ്ങളോടും നിരാലംബരോടുമുള്ള ക്രിയാത്മകവും സാഹോദര്യപൂര്‍ണ്ണവുമായ സമീപനത്തിലാണ്.

2. അധര്‍മ്മത്തിനെതിരെയുള്ള താക്കീത്

ഉപവി, വിശ്വാസം, പ്രത്യാശ എന്നീ പുണ്യങ്ങള്‍ ആത്മീയവും ശാരീരികവുമായ കാരുണ്യപ്രവൃത്തികളില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത്, കാരുണ്യത്തിന്‍റെ ഇക്കഴിഞ്ഞ അനിതരസാധാരണമായ ജൂബിലിവത്സരത്തില്‍ നാം പുനര്‍പരിശോധിച്ചതും, പുനരാവിഷ്ക്കരിക്കാന്‍ ശ്രമിച്ചതുമാണ്. എന്നാല്‍ എളിയവരോടു കരുണകാട്ടാത്തവര്‍ക്ക് സംഭവിച്ചേക്കാവുന്ന വിനകളെക്കുറിച്ചു സുവിശേഷകന്മാര്‍ പരാമര്‍ശിക്കുന്നുണ്ട്: “എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്‍റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും” (മത്തായി 18, 6).  (മര്‍ക്കോസ് 9, 42). (ലൂക്കാ 17, 2). മനസ്സാക്ഷിക്കുത്തില്ലാത്തവരുടെ ചൂഷണകൃത്യങ്ങള്‍ക്കു മുന്നില്‍ യേശുവിന്‍റെ ഈ താക്കീതു മറക്കാനാകുമോ?

3. കുട്ടികള്വ്രണിതാക്കളും നിരാലംബരും

വേശ്യാവൃത്തി അശ്ലീലപ്രവൃത്തികള്‍ എന്നിവയിലേയ്ക്ക് വലിച്ചിഴക്കപ്പെടുന്നവരും, ബാലവേല, കുട്ടികളുടെ സൈനികസേവനം എന്നിവയില്‍ അടിമകളാക്കപ്പെടുന്നവരും, മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും, അഭ്യന്തരകലാപവും പീഡനങ്ങളും ഭയന്ന് ഓടി രക്ഷപ്പെടാന്‍ നിര്‍ബന്ധിതരാകുകയും, അതുമൂലം ഒറ്റപ്പെടലും പരിത്യക്തതയും അനുഭവിക്കേണ്ടി വരുന്നവരുമായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇന്നിന്‍റെ ചൂഷിതരാണ്. ഇക്കാരണത്താലാണ്, വിപ്രവാസത്തിന്‍റെ പ്രകൃയയില്‍ അനാഥരാക്കപ്പെട്ട കുട്ടികളെ കേന്ദ്രീകരിച്ച് ഈ വര്‍ഷത്തെ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദിനത്തില്‍ ഈ സന്ദേശം പങ്കുവയ്ക്കുന്നത്.

കുട്ടികളോട് നാം പ്രത്യേക പരിഗണനയുള്ളവരായിരിക്കണം. കാരണം, മൂന്നു വിധത്തില്‍ അവര്‍ പ്രതിരോധ ശേഷിയില്ലാത്തവരാണ് :  ആദ്യമായി അവര്‍ കുട്ടികളാണ്, രണ്ടാമതായി അവര്‍ കുടിയേറ്റക്കാരാകയാല്‍ പരദേശികളാണ്. മൂന്നാമതായി ജീവിക്കാന്‍ വകയില്ലാത്തവരുമാണവര്‍! വിവിധ കാരണങ്ങളാലുള്ള കുടിയേറ്റംവഴി സ്വന്തം നാടും വീടും വിട്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന കുഞ്ഞുങ്ങളെ തുണയ്ക്കാന്‍ ആഗോളസമൂഹത്തിന് ഉത്തരവാദിത്വമുണ്ട്.

 4. കുടേയേറ്റം – ഒരാഗോള പ്രതിഭാസം

കുടിയേറ്റം ലോകത്തെ ചിലയിടങ്ങളിലെ പ്രശ്നമാണെന്നു ചിന്തിക്കരുത്. അത് എല്ലാ ഭൂഖണ്ഡങ്ങളെയും ബാധിക്കുന്ന ആഗോളപ്രതിഭാസമായി വ്യാപിച്ചിട്ടുണ്ട്. ജീവിതാന്തസ്സ് മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്നവരെയും, അന്തസ്സുള്ള ജോലി തേടി നടക്കുന്നവരെയും മാത്രം ബാധിക്കുന്നതല്ല കൂടിയേറ്റം. സുരക്ഷയും സംരക്ഷണവും സമാധാനവും തേടി തങ്ങളുടെ ജീവിത ചുറ്റുപാടുകളില്‍നിന്ന്, നാടും വീടും വിട്ടിറങ്ങി പുറപ്പെടേണ്ടിവരുന്ന സ്ത്രീ-പുരുഷന്മാര്‍, പ്രായമായവര്‍, കുട്ടികള്‍ എല്ലാം കുടിയേറ്റക്കാരാണ്. എന്നാല്‍ അതിക്രമങ്ങള്‍, ദാരിദ്ര്യം, പാരിസ്ഥിതിക വിനാശം, ആഗോളവത്ക്കരണത്തിന്‍റെ നിഷേധാത്മകമായ ഫലങ്ങള്‍ എന്നിവ കാരണമാക്കുന്ന കുടിയേറ്റത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്. അവര്‍ അഭയാര്‍ത്ഥികളാണ്, അഭയം തേടിയെത്തുന്നവരാണ്.

എവിടെയും എങ്ങിനെയും ലാഭംകൊയ്യാനുള്ള അനിയന്ത്രിതമായ പരക്കംപാച്ചില്‍ ഇന്ന് കുട്ടികളുടെ മനുഷ്യക്കടത്ത്, ചൂഷണം, പീഡനം എന്നിവയക്ക് കാരണമാകുന്നുണ്ട്. ലോകരാഷ്ട്രങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുള്ള കുഞ്ഞുങ്ങളുടെ മൗലിക അവകാശങ്ങള്‍ ഇവിടെല്ലാം നിഷേധിക്കപ്പെടുകയുമാണ്.  കുട്ടിക്കാലത്തിന്‍റെ ലാളിത്യമാര്‍ന്ന പെരുമാറ്റം കണക്കിലെടുത്താല്‍ ഏറെ അന്യൂനവും അനിഷേധ്യവുമായ അവകാശമാണ് അവര്‍ക്കുള്ളത് എന്നു മനസ്സിലാകും.

5. കുടിയേറ്റക്കാരായ കുട്ടികള്‍

ആദ്യമായി, അച്ഛന്‍റെയും അമ്മയുടെയും പരിലാളനയില്‍ ലഭിക്കേണ്ട ആരോഗ്യകരവും സുരക്ഷവുമായ കുടുംബാന്തരീക്ഷം കുട്ടികള്‍ക്ക് അവകാശപ്പെട്ടതാണ്. കുടുംബങ്ങളിലും പിന്നെ വിദ്യാലയങ്ങളിലും ലഭിക്കേണ്ട അടിസ്ഥാന രൂപീകരണവും, അറിവും കുട്ടികളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. അങ്ങനെ മാത്രമേ, അവര്‍ ഓരോ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും ഭാവിയുടെ പ്രതീക്ഷകളായി വളരുകയുള്ളൂ.  എന്നാല്‍ എഴുതാനും വായിക്കാനും, അറിവുള്ളവരാകാനുമുള്ള അടിസ്ഥാന സാദ്ധ്യത ഇന്നു ലോകത്തിന്‍റെ പല ഭാഗങ്ങളിലും ചിലരുടെ, കഴിവുള്ളവരുടെ കുത്തകയായി മാറുന്നുണ്ട്. അതുപോലെ ഉല്ലാസത്തിനുള്ള അവകാശവും എല്ലാ കുട്ടികളുടേതുമാണ്. ചുരുക്കത്തില്‍ കുട്ടികള്‍ ആയിരിക്കാനുള്ള അവകാശം അവര്‍ക്ക് എവിടെയും എപ്പോഴുമുണ്ട്.  കുടിയേറ്റക്കാരായ കുട്ടികളാണ് ഏറെ ക്ലേശിക്കുന്നത്. കാരണം അറിയപ്പെടാതെ വലിയ കൂട്ടത്തില്‍ ജീവിക്കേണ്ടി വരുന്നവര്‍, തങ്ങളുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് പറഞ്ഞറിയിക്കാന്‍ കെല്പില്ലാത്തവരായി മാറുന്നു:

പ്രത്യേക ജീവിതചുറ്റുപാടുകള്‍ മൂലം കുടിയേറ്റത്തിലെ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍, ഒരിടത്തും രേഖീകരിക്കപ്പെടുന്നില്ല. അവരെക്കുറിച്ച് പൊതുവെ ആര്‍ക്കും വലിയ അറിവില്ലാതെ പോകുന്നു. മാതാപിതാക്കളോ മുതിര്‍ന്നവരോ തുണയായി കൂടെയില്ലാത്തതിനാല്‍ അവരുടെ ആവശ്യങ്ങളും അവകാശങ്ങളും ഉന്നയിക്കപ്പെടാതെയും കേള്‍ക്കപ്പെടാതെയും പോവുകയാണ്. തുടര്‍ന്നുണ്ടാകുന്ന നിയമത്തിന്‍റെ അരാജകത്വവും അതിക്രമങ്ങളുംമൂലം ഭാവി നഷ്ടപ്പെടുന്ന കുട്ടികള്‍ ഇന്ന് നിരവധിയാണ്. കുട്ടികളെ ചൂഷണംചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരുടെ ശൃംഖലകളും, ബലപ്പെട്ടുവരികയും, വര്‍ദ്ധിച്ചുവരികയുമാണ്.

6. കുടിയേറ്റം കാലത്തിന്‍റെ കാലൊച്ച

യാഥാര്‍ത്ഥ്യങ്ങളോട് എങ്ങനെ പ്രതികരിക്കാം?  “നിങ്ങള്‍ പരദേശിയെ ഞെരുക്കുകയോ ദ്രോഹിക്കുകയോ അരുത്, കാരണം നിങ്ങള്‍തന്നെ ഈജിപ്തില്‍ പരദേശികളായിരുന്നില്ലേ!” (പുറപ്പാട് 22, 21). “അതിനാല്‍, പരദേശികളെയും പാവങ്ങളെയും സ്നേഹിക്കുക. നിങ്ങളും ഓരുനാള്‍ വിപ്രവാസികളായിരുന്നല്ലോ”  (നിയമാവര്‍ത്തം 10, 19). കുടിയേറ്റവുമായി ബന്ധപ്പെട്ട ഏറെ ശ്രദ്ധേയമായ ദൈവകല്പനകളില്‍ ഒന്നാണിത്. അതിനാല്‍, ആദ്യമായി കുടിയേറ്റം രക്ഷാകര ചരിത്രത്തിലെന്നപോലെ മനുഷ്യചരിത്രത്തിലെയും പ്രതിഭാസമാണെന്ന അവബോധം നമുക്ക് ഉണ്ടായിരിക്കണം.  കുടിയേറ്റമെന്ന പ്രതിഭാസം കാലത്തിന്‍റെ കാലൊച്ചയാണ്. ചരിത്രത്തിലും സമൂഹത്തിലും  ദൈവിക പരിപാലന പ്രകടമാക്കിക്കൊണ്ട് മാനവകുലത്തെ വിശ്വസാഹോദര്യത്തിലേയ്ക്കും കൂട്ടായ്മയിലേയ്ക്കും നയിക്കുന്നതിനുള്ള അടയാളമാണിത്. കുടിയേറ്റത്തിന്‍റെ യാതനകള്‍ക്കും ദുരന്തങ്ങള്‍ക്കും ഒപ്പം അവര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുന്ന അടിസ്ഥാന അന്തസ്സിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും ജീവിതചുറ്റുപാടുകളെ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍, അതില്‍ ദൈവത്തിന്‍റെ പദ്ധതി കാണുകയും അംഗീകരിക്കുകയുമാണ് വേണ്ടത്. കുടിയേറ്റത്തിന്‍റെ പ്രതിസന്ധികള്‍ക്കും, അതുമായി ബന്ധപ്പെട്ട നവമായ പ്രതിഭാസങ്ങള്‍ക്കും ഇടയില്‍ സഭ നമ്മെ ക്ഷണിക്കുന്നത് “സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലുംനിന്നുമുള്ളവരെ...” ആശ്ലേഷിക്കാനാണ് (വെളിപാട് 7, 9). ഓരോ വ്യക്തിയും എത്രയോ വിലപ്പെട്ടതാണ്. വസ്തുക്കളെക്കാള്‍ വിലപ്പെട്ടതാണ് വ്യക്തികള്‍. മനുഷ്യവ്യക്തിയുടെ അന്തസ്സും ജീവനും മാനിക്കുന്നതിന് ആനുപാതികമായിട്ടാണ് ഓരോ സ്ഥാപനത്തിന്‍റെയും പ്രസ്ഥാനത്തിന്‍റെയും മൂല്യം കണക്കാക്കേണ്ടത്, പ്രത്യേകിച്ച് അവര്‍ പാവങ്ങളും കുടിയേറ്റക്കാരുമായ കുഞ്ഞുങ്ങളാകുമ്പോള്‍!

7. കുടിയേറ്റത്തിലെ വിപത്തുക്കള്‍

കൂടിയേറ്റക്കാരുടെ സംരക്ഷണയ്ക്കും, സമഗ്രതയ്ക്കും, അതിന്‍റെ ദീര്‍ഘകാല പ്രശ്നപരിഹാര മാര്‍ഗ്ഗങ്ങള്‍ക്കുമായി നാം പൂര്‍വ്വോപരി ശ്രദ്ധപതിക്കേണ്ടതാണ്. കുടിയേറ്റക്കാരായ കുട്ടികളുടെ സംരക്ഷയ്ക്കായി കരുതലുകള്‍ എടുക്കുകയും എല്ലാവിധത്തിലും അവരെ സംരക്ഷിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതുമാണ്. കാരണം, കുടിയേറുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഞെരുക്കത്തിന്‍റെ തെരുവിലേയ്ക്കാണ് എറിയപ്പെടുന്നത്. അവര്‍ ശാരീരികവും, ധാര്‍മ്മികവും, ഒപ്പം ലൈംഗികവുമായ ചൂഷണങ്ങള്‍ക്ക് അടിമകളാക്കപ്പെടുന്നുണ്ട് (Benedict XVI, Message for the World Day of Migrants and Refugees, 2008). കുടിയേറ്റത്തിന്‍റെ പ്രകൃയയില്‍ തലപൊക്കുന്ന മനുഷ്യക്കടത്തിന്‍റെ വിപത്തും പലപ്പോഴും തിരിച്ചറിയുക അത്ര എളുപ്പമല്ല.

കുടിയേറ്റക്കാരായ കുട്ടികളെ പ്രതിസന്ധിയില്‍ ആഴ്ത്തുന്ന ഘടകങ്ങള്‍ നിരവധിയാണ് ദാരിദ്ര്യം, ജീവനോപാധികളുടെ ആഭാവം – ഒപ്പം, അയാഥാര്‍ത്ഥ്യമായവ യാഥാര്‍ത്ഥ്യപോലെ മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുകയും, കെട്ടിചമച്ചു വിടുകയുംചെയ്യുന്നു. സത്യമെന്നു തോന്നുമാറ് അവ മിന്നിത്തിളങ്ങുമ്പോള്‍ പ്രേക്ഷകര്‍ക്ക്, വിശിഷ്യ കുടിയേറ്റത്തിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും അത് പ്രതീക്ഷനല്‍കുന്നു! ഇതിനെല്ലാം ഉപരിയായി, വിദ്യാഭ്യാസത്തിന്‍റെ കുറവ്, നിയമ വശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മാത്രമല്ല, കുടിയേറുന്ന രാജ്യത്തെ ഭാഷ, സംസ്ക്കാരം എന്നിവയെക്കുറിച്ചുള്ള അജ്ഞത എന്നീ കാരണങ്ങള്‍ കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ കെണിയില്‍ വീഴ്ത്തുന്നു. ഇങ്ങനെയുള്ള നിരവധിയായ പ്രേരണകളാണ് അവരെ ചൂഷണവലിയത്തില്‍ വീഴ്ത്തുന്നത്. ഇക്കാരണങ്ങളെല്ലാം തന്നെ കുടിയേറ്റക്കാരായ കുട്ടികളെ ശാരീരികമായും മാനസികമായും സാമൂഹ്യതിന്മകളോട് ഏറെ ആശ്രിതരാക്കുകയും, ബന്ധനത്തില്‍ ആഴ്ത്തുകയും ചെയ്യുന്നു.

8. നിരാലംബരെ തുണയ്ക്കുന്നവര്‍

ലാഭേച്ഛയോടെ നീങ്ങുന്ന ചൂഷകരുടെ പിടിയില്‍നിന്നും കൂട്ടികളെ മോചിക്കാന്‍ ഏറെ ഫലവത്തും കാര്‍ക്കശ്യവുമുള്ള നടപിടികള്‍ നാം സ്വീകരിച്ചെങ്കില്‍ മാത്രമേ അവരെ ഇരകളാക്കുന്നതും, വിവിധതലത്തില്‍ അവര്‍ക്കെതിരെ തലപൊക്കുന്നതുമായ അടിമത്വത്തില്‍നിന്നും അവരെ മോചിക്കാനാവൂ. കുട്ടികളെയും യുവജനങ്ങളെയും സ്വീകരിക്കുകയും, അവരുടെ നന്മയ്ക്കായി പരിശ്രമിക്കുകയുംചെയ്യുന്ന സമൂഹങ്ങളോട് അതിനാല്‍ നാം എപ്പോഴും സഹകരിക്കേണ്ടതാണ്.

കൂട്ടികളെ ചൂഷകരുടെ കെണികളില്‍നിന്നും മോചിക്കാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സഭാസമൂഹങ്ങളെയും സ്ഥാപനങ്ങളെയും ഇത്തരുണത്തില്‍ നന്ദിയോടെ ശ്ലാഘിക്കുന്നു. അങ്ങനെ കുടിയേറ്റത്തി‍ന്‍റെ നിഷേധാത്മകമായ ചുറ്റുപാടുകളെക്കുറിച്ച് അറിവു പങ്കുവയ്ക്കുന്നതു കൂടാതെ തക്കസമയത്ത് ഇടപെട്ട് തിന്മയെ പ്രതിരോധിക്കാന്‍ സഹായകമാകുന്ന ശൃംഖലകള്‍ രൂപീകരിച്ചുകൊണ്ട്, പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഫലവത്തും നിരന്തരവുമായ സഹകരണം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കാം. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയിക്കാന്‍ പ്രസ്ഥാനങ്ങള്‍ പ്രാര്‍ത്ഥനയിലും സാഹോദര്യത്തിലും എന്നും കൈകോര്‍ക്കണം, ഒന്നായിരിക്കണം!

9. കുടിയേറ്റം ക്രമപ്പെടുത്തണം

രണ്ടാമതായി, കുടിയേറ്റക്കാരായ കുട്ടികളെയും യുവജനങ്ങളെയും സമൂഹത്തില്‍ സമന്വയിപ്പിക്കുകയും ഉള്‍ക്കൊള്ളിക്കുകയും ചെയ്യുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം കുട്ടികളാകയാല്‍ അവര്‍ പൂര്‍ണ്ണമായും പ്രായപൂര്‍ത്തിയായവരെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ക്രിയാത്മകമായ കുടിയേറ്റ നയങ്ങള്‍ക്ക് വിഘാതമായി നില്കുന്നത് സാമ്പത്തിക പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ കുടിയേറ്റക്കാരായ കുട്ടിക്കളെ സമൂഹത്തില്‍ ഉള്‍ക്കൊള്ളിക്കാനോ, അവര്‍ക്ക് ആവശ്യമായ അടിസ്ഥാനകാര്യങ്ങള്‍ നടപ്പാക്കാനോ സാധിക്കാതെ വരുന്നു. ഈ ഘട്ടത്തിലാണ് അവര്‍ അനധികൃത ശൃംഖലകളില്‍ പെട്ടുപോകുന്നതെന്ന് നാം മനസ്സിലാക്കേണ്ടതാണ്. അതിനാല്‍ ക്രമമല്ലാത്തതും നിഷിദ്ധവുമായ കുടിയേറ്റ മേഖലയിലെ രീതികളില്‍ കുടുങ്ങി വളര്‍ന്നുവരുന്നതിലും നല്ലത്, സ്വന്തം രാജ്യങ്ങളിലേയ്ക്ക് കുട്ടികളെ തിരിച്ചയക്കുന്നതാണ്.

കുട്ടികളുടെ അവസ്ഥ വിപ്രവാസത്തില്‍ മോശമാകുന്നത് അവരുടെ കുടിയേറ്റം ക്രമീകരിക്കാതെയും, അവരെ അനാഥരാക്കിയും സാമൂഹികവിരുദ്ധരാക്കിയും, മുദ്രകുത്തി കുറ്റവാളി സംഘടനകള്‍ക്ക് വിട്ടുകൊടുക്കുമ്പോഴാണ്. അല്ലെങ്കില്‍, കുടിയേറ്റത്തിന്‍റെ നിയമലംഘനം അവരുടെമേല്‍ ചുമത്തപ്പെടുകയും, ഉപജീവിനത്തിനു വകയില്ലാതാകുകയും ചെയ്യുമ്പോള്‍ അവര്‍ ദുര്‍ഗുണപാഠശാലകളിലോ ജയിലുകളിലോ അടയ്ക്കപ്പെടുകയും ചെയ്യുന്നു. പിന്നെ അവര്‍ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കീഴ്പ്പെടേണ്ടി വരികയുംചെയ്യുന്നു. എന്നാല്‍ രാഷ്ട്രങ്ങള്‍ മനസ്സുവച്ച് കുട്ടികളുടെ കുടിയേറ്റം ക്രമപ്പെടുത്തിയാല്‍ അവരെ സംരക്ഷിക്കാനും അവരുടെ കുടുംബങ്ങളുമായി പുനരൈക്യപ്പെടാനും പുനരധിവസിപ്പിക്കപ്പെടുനുമുള്ള സാധ്യതകള്‍ വളര്‍ന്നുവരും. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ കുടിയേറ്റവും, അതിനുള്ള കാരണങ്ങളും തടയാന്‍, അവര്‍ പുറപ്പെടുന്ന രാജ്യങ്ങളും, എത്തിച്ചേരുന്ന രാഷ്ട്രങ്ങളും ഏറെ ശ്രദ്ധിക്കേണ്ടതാണ്.

10. യുദ്ധം ഒഴിവാക്കാം കുടിയേറ്റം ഇല്ലാതാക്കാം

മൂന്നാമതായി കുടിയേറ്റക്കാരായ കുട്ടികളെ തുണയ്ക്കാനുള്ള ഒരു ദീര്‍ഘകാല പ്രതിവിധിയാണ് ഹൃദയപൂര്‍വ്വം നിര്‍ദ്ദേശിക്കുന്നത്. ഇതൊരു സങ്കീര്‍ണ്ണമായ പ്രശ്നമാകയാല്‍ കുട്ടികളുടെ കുടിയേറ്റം അതിന്‍റെ പ്രഭവസ്ഥാനത്തുതന്നെ, ഉത്ഭവസ്ഥാനത്തുതന്നെ പരിഹരിക്കപ്പെടേണ്ടതാണ്. യുദ്ധം, മനുഷ്യാവകാശ ലംഘനം, അഴിമതി, ദാരിദ്ര്യം, പാരിസ്ഥിതികമായ അസന്തുലിതാവസ്ഥ, പ്രകൃതിവിനാശങ്ങള്‍ എന്നിവയാണ് കുടിയേറ്റ പ്രശ്നത്തിനു കാരണം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുട്ടികളാണ് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്. അവര്‍ ഏല്ക്കുന്ന ശാരീരിക വേദനയുടെയും, മാനസികവും ധാര്‍മ്മികവുമായ പീഡനങ്ങളുടെയും മായാത്ത മുറിപ്പാടുകളുമായി എന്നും ജീവിക്കേണ്ടിവരുന്നു.  അതിനാല്‍ അടിസ്ഥാനപരമായി കുടിയേറ്റത്തെ തീവ്രമാക്കുകയും, നാടു വിട്ടിറങ്ങാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന യുദ്ധങ്ങളും കലാപങ്ങളും രാജ്യങ്ങളില്‍ ഇല്ലാതാക്കാനാണ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ശ്രദ്ധിക്കേണ്ടത്. അനീതിക്കും അക്രമങ്ങള്‍ക്കും ഇരയായ ജനതകള്‍ക്ക്, വിശിഷ്യാ അവിടങ്ങളിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി യഥാര്‍ത്ഥമായ വികസനപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. കാരണം കുട്ടികള്‍ ഏതു രാജ്യക്കാരായാലും മാനവികതയുടെ ഭാവിയും പ്രത്യാശയുമാണവര്‍!

അവസാനമായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുവേണ്ടി കുടിയേറ്റമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകരെയും സംഘടകളെയും നന്ദിയോടെ ഓര്‍ക്കുന്നു. സഭ നിങ്ങളുടെ ചാരത്തുണ്ട്, ഇനിയും നിങ്ങളുടെ ഉദാരമായ സേവനത്തെ പിന്‍തുണയ്ക്കുകയും ചെയ്യും. സുവിശേഷമൂല്യങ്ങള്‍ ജീവിക്കുന്നതില്‍ നിങ്ങള്‍ തളരാതിരിക്കുക. നിങ്ങള്‍ കണ്ടുമുട്ടുന്ന എളിയവരിലും പാവങ്ങളിലും  ക്രിസ്തുവിനെ കണ്ടെത്താന്‍ സാധിക്കട്ടെ! കൂട്ടികളായ കുടിയേറ്റക്കാരെയും, അവരുടെ കൂട്ടായ്മയെയും അവരെ സഹായിക്കുന്നവരെയും നസ്രത്തിലെ തിരുക്കുടുംബത്തിനു സമര്‍പ്പിക്കുന്നു. കുടിയേറ്റപ്രയാണത്തില്‍ തിരുക്കുടുംബം സകലര്‍ക്കും കാവലായിരിക്കട്ടെ! തിരുക്കുടുംബം നിങ്ങളെ സംരക്ഷിക്കട്ടെ!!

വത്തിക്കാനില്‍നിന്നും

 പാപ്പാ ഫ്രാ‍ന്‍സിസ് 








All the contents on this site are copyrighted ©.