2017-01-13 09:18:00

“ഹൃദയം കഠിനമാക്കാതെ കര്‍ത്താവിന്‍റെ വഴിയെ ചരിക്കുവിന്‍…!”


ഹൃദയം കഠിനമാക്കാതെ ദൈവികവഴികളില്‍ നടക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  ജനുവരി 12-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ, പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ആഹ്വാനംചെയ്തത്.

മരുഭൂമിയില്‍വച്ച് പിതാക്കന്മാര്‍ ദൈവികവഴികള്‍ മനസ്സിലാക്കതെ പാപത്തില്‍ ജീവിച്ച ചരിത്രസ്മരണകള്‍ ഹെബ്രായരുടെ ലേഖനത്തില്‍ പറയുന്നത് അയവിറച്ചുകൊണ്ടാണ്  ഹൃദയകാഠിന്യത്തെക്കുറിച്ച് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത് (ഹെബ്രായര്‍ 3, 7-14).  തിന്മയില്‍ ജീവിക്കുമ്പോള്‍ ദൈവത്തിന്‍റെ ക്രോധം മനുഷ്യരുടെമേല്‍ പഴയതുപോലെതന്നെ നിപതിക്കും. ഇക്കാരണത്താല്‍ ദൈവത്തിന്‍റെ സമാധാനത്തില്‍ പങ്കുചേരാനോ വസിക്കാനോ സാധിക്കാതെവരുമെന്ന് പാപ്പാ താക്കീതു നല്കി. ഈ ഉദ്ബോധനം ആരെയും ഭീതിപ്പെടുത്താനല്ല. മറിച്ച് പരിശുദ്ധാത്മാവിന്‍റെ പ്രേരണയാലാണ്. മരുഭൂമിയിലെ പരീക്ഷണകാലത്ത് പിതാക്കാന്മാര്‍ക്കു സംഭവിച്ചതുപോലെ മനുഷ്യരുടെ ഹൃദയം കഠിനമായി ഇന്ന് തിന്മയില്‍ നിപതിക്കാതിരിക്കട്ടെ! ഹെബ്രായരുടെ ലേഖനഭാഗം വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ ആഹ്വാനംചെയ്തു.

ദൈവസൃഷ്ടിയായ മനുഷ്യരുടെ ഹൃദയങ്ങള്‍ ദൈവോന്മുഖമായിരിക്കണം, സ്രഷ്ടാവിനോടു ചേര്‍ന്നിരിക്കണം.

തങ്ങളുടെ സമര്‍പ്പണത്തിന്‍റെ അവസാനംവരെയുള്ള നിലനില്പിനും വിശ്വസ്തതയ്ക്കുമായി പ്രാര്‍ത്ഥിക്കണമെന്ന് പ്രായമായ ചില സന്ന്യസ്തരും വൈദികരും പതിവായി അഭ്യര്‍ത്ഥിക്കുന്നത് പാപ്പാ അനുസ്മരിച്ചു. ദൈവികകാര്യങ്ങളില്‍ അവര്‍ വ്യാപൃതരാണെങ്കിലും, പ്രേഷിതജോലികള്‍ നന്നായി ചെയ്യുന്നുണ്ടെങ്കിലും ആവര്‍ത്തിച്ചുള്ള അവരുടെ അഭ്യര്‍ത്ഥനയില്‍ പ്രതിഫലിക്കുന്നത് ഭീതിയാണ്. നമ്മുടെ ജീവിതങ്ങള്‍ നന്മയില്‍ പൂര്‍ണ്ണമായി നിലനില്‍ക്കുവാനും പാപത്തില്‍നിന്നും തിന്മയില്‍നിന്നും അഴിമതിയില്‍നിന്നുമെല്ലാം അകന്നിരിക്കാനും, വിശ്വാസത്തില്‍ ഉറച്ചിരിക്കാനും, അതിന്‍റെ പുര്‍ണ്ണിമയില്‍ ജീവിക്കാനും വളരാനും നിരന്തരം നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.

ഒരു ദിനം ആവര്‍ത്തിക്കപ്പെടുന്നില്ല. ജീവിതം ഇന്നെന്നപോലെ എന്നും സഫലമാകേണ്ടിയിരിക്കുന്നു! ഹൃദയം കഠിനമാക്കാതെ അത് കര്‍ത്താവിനായി തുറക്കാം. പാപത്തിന്‍റെ വഞ്ചനയില്‍ വീഴാതെയും, വഴിതെറ്റിപ്പോകാതെയും വിശ്വാസം നഷ്ടമാകാതെയും ജീവിക്കാന്‍ പരിശ്രമിക്കാം.

രക്ഷയുടെ വാഗ്ദാനങ്ങള്‍ക്കും, രക്ഷകനും എതിരായി ഹൃദയം കൊട്ടിയടച്ചവരാണ് നിയമജ്ഞന്മാരും ഫരീസേയരും യഹൂദപ്രമാണികളും. അതുകൊണ്ടാണ് ദൈവരാജ്യത്തിന്‍റെ രക്ഷയും നന്മയും സൗഖ്യവും പകര്‍ന്ന ക്രിസ്തുവിനെ അവര്‍ അവഗണിച്ചതും, പീഡിപ്പിച്ചതും, വകവരുത്തിയതും.

ജീവിതസായാഹ്നം ഇന്നല്ലെങ്കില്‍ നാളെയാകാം...! ചിലപ്പോള്‍ പിന്നെയും വിദൂരത്തായിരിക്കാം! എങ്കിലും ഹൃദയം കഠിനമാക്കാതിരിക്കാം. വിശ്വാസം നഷ്ടപ്പെടാതെ കാത്തുപാലിക്കാം. പാപത്തില്‍ അകപ്പെടാതെയും വഞ്ചിക്കപ്പെടാതെയും ജീവിക്കാം. നാം ദൈവിക സാന്നിദ്ധ്യത്തിലാണോ? നമ്മുടെ ഹൃദയങ്ങള്‍ അവിടുത്തേയ്ക്കായി തുറക്കപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ നമ്മോടുതന്നെ ചോദിക്കാം, ആത്മശോധനചെയ്യാം! പാപമൊഴിഞ്ഞൊരു ജീവിതത്തിന്‍റെ കൃപയ്ക്കായ് നമുക്കിന്ന് പ്രാര്‍ത്ഥിക്കാം.

ആണ്ടുവട്ടം സാധാരണകാലം ഒന്നാംവാരം വ്യാഴാഴ്ചത്തെ വചനചിന്തകള്‍ പാപ്പാ ഇങ്ങനെയാണ് ഉപസംഹരിച്ചത്.  ഹെബ്രായര്‍ 3, 7-14. മാര്‍ക്ക് 1, 40-45.








All the contents on this site are copyrighted ©.