2017-01-12 14:56:00

ദൈവത്തിന്‍റെ വഴി പ്രകാശിപ്പിക്കുന്നവരാകുക: ഫ്രാന്‍സീസ് പാപ്പാ


 

ഒരു സ്നേഹവിപ്ലവത്തിനു ഒരുക്കുന്നതിനു തക്കവിധത്തില്‍ നവസുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അനുമതിയോടെ, ഓസ്ര്ടിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് തയ്യാറാക്കി പ്രസിദ്ധീകരിച്ച  ഡുക്യാറ്റ് എന്ന ഗ്രന്ഥത്തിന് ഫ്രാന്‍സീസ് പാപ്പാ നല്കിയിരിക്കുന്ന അവതാരിക, പാപ്പായുടെ പതിവുപ്രബോധനങ്ങളെന്നപോലെ, ഊഷ്മളതയും ഉയിരും പ്രകടമാക്കുന്ന ഒന്നാണെന്നു കഴിഞ്ഞ ദിവസം നിരീക്ഷിച്ചതാണ്.  ആദ്യഭാഗത്ത് എന്താണ് പാപ്പാ പറഞ്ഞിരിക്കുന്നതെന്തെന്ന് ചുരുങ്ങിയ വാക്കുകളില്‍ അനുസ്മരി ച്ചുകൊണ്ട് ഈ ആമുഖത്തിന്‍റെ രണ്ടാം ഭാഗത്തിലേക്കു നമുക്കു കടക്കാം. 

അവതാരികയുടെ ആദ്യഖണ്ഡികയില്‍ ഈ ഗ്രന്ഥം യുവജനങ്ങള്‍ക്കു സമര്‍പ്പിച്ച ശേഷം ഡുക്യാറ്റ് എ ന്ന ഗ്രന്ഥശീര്‍ഷകം വിശദീകരിക്കുകയാണ് പാപ്പാ. 'എന്താണ് ചെയ്യേണ്ടത്?' എന്നാണ് ഗ്രന്ഥശീര്‍ഷകം തന്നെ നമ്മോടു ചോദിക്കുന്നത്. അതുകൊണ്ട്, എന്താണ് ചെയ്യേണ്ടതെന്നു ആദ്യംതന്നെ വിശുദ്ധഗ്രന്ഥവും വിശുദ്ധരുടെ ജീവിതവും നിരീക്ഷിച്ചുകൊണ്ട് യുക്തിസഹമായ ഉദ്ബോധനം പാപ്പാ നല്കുന്നു.

ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്തതെല്ലാം നിങ്ങള്‍ എനിക്കുതന്നെയാണ് ചെയ്തത് എന്ന വി. ഗ്രന്ഥവചനത്താല്‍ അനേകം വിശുദ്ധര്‍ ചലിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ വാക്കുകളാല്‍ വി. ഫ്രാന്‍സീസ് അസ്സീസ്സി തന്‍റെ ജീവിതത്തിനു മുഴുവന്‍ മാറ്റം വരുത്തി.  വി. മദര്‍തെരേസയുടെ പ്രേഷിതവഴിയില്‍ ഈ വചനമുണ്ടായിരുന്നു. വി. ചാള്‍സ് ദ് ഫുക്കോ ഇപ്രകാരം അംഗീകരിച്ചു പറയുന്നു: സു വിശേഷംമുഴുവന്‍ നോക്കിയാല്‍, എന്നെ ‌ഇത്രമേല്‍ അഗാധമായി സ്വാധീനിച്ചതും എന്‍റെ ജീവിതത്തെ പരിവര്‍ത്തിതമാക്കിയതുമായ മറ്റൊരു വാക്യം ഇല്ല. നാം ചെയ്യേണ്ടതെന്ത് എന്ന ശീര്‍ഷകത്തിനു ത്തരം ഇവിടെയാണ്.  ഈ ചെറിയവര്‍ക്കു ശുശ്രൂഷ ചെയ്യുക.

ഇതുറപ്പിച്ചു പറഞ്ഞശേഷം യുവജനങ്ങളെ വീണ്ടും സംബോധന ചെയ്തുകൊണ്ട് മേല്‍പ്പറഞ്ഞ സുവിശേഷവാക്യത്താല്‍ ഹൃദയപരിവര്‍ത്തനം ഉണ്ടാകണമെന്നു തന്നെ പാപ്പാ ഉദ്ബോധിപ്പിക്കുന്നു.  ഹൃദയപരിവര്‍ത്തനംകൊണ്ടു മാത്രമേ, ഭീകരതയും അക്രമവും നിറഞ്ഞ ഈലോകത്തെ കൂടുതല്‍ മാനുഷികമാക്കാന്‍ കഴിയൂ. അതര്‍ഥമാക്കുന്നത്, ക്ഷമ, നീതി, വിവേകം, സംവാദം, സമഗ്രത എന്നിവയും ദുരന്തത്തിനിരകളായവരോട്, ആവശ്യത്തിലിരിക്കുന്നവരോട്, ഏറ്റവും ദരിദ്രരായവരോട് ഉള്ള ഐക്യ ദാര്‍ഢ്യം, അതിരില്ലാത്ത സമര്‍പ്പണം, അപരനുവേണ്ടി മരണംവരെ പോലുമുള്ള സ്നേഹം എന്നിവയുമാണത്. 

വ്യാവസായികവിപ്ലവത്തിന്‍റെ കാലത്ത് തൊഴിലാളികളെക്കുറിച്ച് ചിന്തിക്കുന്നതിന് സമയംകണ്ടെത്തി യ പതിമൂന്നാം ലെയോ മാര്‍പ്പാപ്പാ, 1891-ല്‍ റേരും നൊവാരും, 'മൂലധനത്തെയും തൊഴിലിനെയും കുറിച്ച്' എന്ന ചാക്രികലേഖനം ലോകത്തിനു മുമ്പില്‍ സമര്‍പ്പിച്ചു. തുടര്‍ന്നും സഭ സാമൂഹിക പ്രബോധനങ്ങള്‍ നല്കുന്നതിന് ഉത്സാഹിച്ചിരുന്നുവെന്നും സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ക്ക് അനേകരെ സഹായിക്കാന്‍ കഴിവുണ്ട് എന്നും  പാപ്പാ വ്യക്തമാക്കുകയാണ്. തൊഴിലാളികളെ പ്രത്യേകമായി കരുതുന്ന ഫ്രാന്‍സീസ് പാപ്പാ, ആ ചാക്രികലേഖനത്തില്‍ നിന്നുദ്ധരിക്കുന്നതിതാണ്:  ആര്‍ക്കാണെങ്കിലും ന്യായമായ കൂലി നിഷേധിക്കുകയെന്നത് സ്വര്‍ഗത്തോടു പ്രതികാരത്തിനായി കേഴുന്ന ഒരു പാതകമാണ്. (റേരും നൊവാരും, 17). അതെ, സഭ, അവളുടെ പൂര്‍ണാധികാരത്തോടെ, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്നു.  ഈ ആമുഖത്തിന്‍റെ തുടര്‍ന്നുള്ള ഭാഗം നാലു ഖണ്ഡികകളിലാണ്. ഇന്ന് അവ നമുക്കു ശ്രവിക്കാം.

ആദ്യഖണ്ഡികയില്‍ സഭ സാമൂഹികപ്രബോധനങ്ങള്‍ നല്കുന്നതില്‍ തുടര്‍ന്നും ഉത്സുകയായിരുന്നുവെന്നും, കാലഘട്ടത്തിന്‍റെ ആവശ്യങ്ങളെ കണക്കിലെടുത്തുകൊണ്ട് പൂര്‍വാധികം സമ്പന്നമായ പഠനങ്ങള്‍ നല്കുന്നുവെന്നും പറയുന്നു.  മാനവികതയെ, അതിന്‍റെ അടിസ്ഥാനതത്വങ്ങളെ ചര്‍ച്ച ചെയ്യുന്ന ഈ പ്രബോധനങ്ങളാണ് ഡുക്യാറ്റിലും വിശദീകരിച്ചിരിക്കുന്നത്.  സത്യത്തില്‍ ഈ ഉദ്ബോധനങ്ങള്‍ ക്രിസ്തുവിന്‍റേതാണ് എന്ന് പാപ്പാ പറയുന്നു.  നമുക്ക് പാപ്പായുടെ വാക്കുകളില്‍ത്തന്നെ ഇക്കാര്യം കേള്‍ക്കാം.

കാലഘട്ടം ഇതാവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട്, സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും അതിന്‍റെ സമ്പന്നതയും വൈശിഷ്ട്യവും വര്‍ധിതമാകുന്നുണ്ട്.  അനേകമാളുകള്‍ സമൂഹത്തെക്കുറിച്ച്, നീതിയെക്കുറിച്ച്, സമാധാന ത്തെക്കുറിച്ച്, പൊതുനന്മയെ ക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുമുണ്ട്.  ഈ സാമൂഹികപ്രബോധനങ്ങളില്‍, വ്യക്തിത്വം, ഐക്യദാര്‍ഢ്യം എന്നിവയുടെ തത്വങ്ങള്‍ കാണാം, ഡുക്യാറ്റിലും അവയുണ്ട്.  വാസ്തവത്തില്‍ ഈ സാമൂഹികപ്രബോധനങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക പാപ്പായില്‍നിന്നുള്ളതോ ഏതെങ്കിലും പണ്ഡിതനായ വ്യക്തിയില്‍നിന്നുള്ളതോ അല്ല, മറിച്ച്, അവ സുവിശേഷത്തിന്‍റെ ഹൃദയ ത്തില്‍നിന്നുള്ളതാണ്.  അത് യേശുവില്‍നിന്നു തന്നെയുള്ളതാണ്. യേശുവാണ് ദൈവത്തിന്‍റെ സാമൂഹികപ്രബോധനം.

തുടര്‍ന്നുള്ള ഖണ്ഡികയില്‍ ഇന്നത്തെ സാമ്പത്തികവിതരണത്തെക്കുറിച്ചുള്ള കണക്കുകള്‍ നിരത്തിക്കൊണ്ട് നമ്മുടെ ലോകത്തിലെ അനീതിയെക്കുറിച്ച് ചിന്തിക്കാനുള്ള പ്രേരണ നല്കുകയാണ്. എവാഞ്ചെലീ ഗാവുദിയും എന്ന അപ്പസ്തോലികാഹ്വാനത്തില്‍ നല്‍കിയിരിക്കുന്ന പാപ്പായുടെ നിരീക്ഷണം ഇവിടെ നല്കിക്കൊണ്ടാണതു ചെയ്യുന്നത്. ഈ വ്യവസ്ഥിതിയില്‍, ദൈവതുല്യമായ ഒരു ക മ്പോളത്തിന്‍റെ താല്പര്യത്തിനുമുമ്പില്‍, പരിസ്ഥിതിപോലെ ദുര്‍ബലമായ ഒന്നിനും പ്രതിരോധശേഷിയില്ല എന്ന പാപ്പായുടെ നിരീക്ഷണം ഒരിക്കല്‍ക്കൂടി, ഇവിടെ ഈ ഖണ്ഡികയില്‍ പാപ്പാ പറയാതെ പറയുന്നുണ്ട്.

'ഈ സമ്പദ് വ്യവസ്ഥ കൊല്ലുന്നു' എന്ന് എവാഞ്ചെലീ ഗാവുദിയും (Evangelii Gaudium, സുവിശേഷത്തിന്‍റെ ആനന്ദം) എന്ന അപ്പസ്തോലികപ്രബോധനത്തില്‍ ഞാനെഴുതി.  എന്തെന്നാല്‍ ഒഴിവാക്കലിന്‍റെ സാമ്പത്തികതയും വരുമാനത്തിന്‍റെ അങ്ങേയറ്റത്തെ ഏറ്റക്കുറിച്ചിലുകളും ഇന്നു നിലനില്‍ക്കു്നു.  40-50 ശതമാനത്തോളം യുവജനങ്ങള്‍ തൊഴിലില്ലായ്മ അനുഭവിക്കു ന്ന രാജ്യങ്ങള്‍ ഉണ്ട്.  വളരെയധികം സമൂഹങ്ങളില്‍ വൃദ്ധജനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടിരിക്കുന്നു, എന്തെന്നാല്‍, അവര്‍ വിലയില്ലാത്തവരാണ്, ഇനിയൊട്ടും നേട്ടമുണ്ടാക്കാന്‍ കഴിയാത്തവരാണ്. തങ്ങളുടെ അതിജീവനത്തിനായി എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ വന്‍ നഗരങ്ങളിലെ ചേരികളിലേയ്ക്കു തങ്ങളുടെ ഭൂമിയില്‍ നിന്നു പലായനം ചെയ്യേണ്ടി വന്നതിനാല്‍ നിര്‍ജനമാക്കപ്പെട്ടുകിടക്കുന്ന വിസ്തൃതമായ കൃഷിയിടങ്ങള്‍.  ആഗോളവത്കൃത സാമ്പത്തികമേഖലയുടെ ഉല്പാദനരീതികള്‍ അവരുടെ മിതമായ സാമ്പത്തിക, കാര്‍ഷിക ഘടനകളെ നശിപ്പിച്ചു.  ഇന്ന്, ലോകജനസംഖ്യയുടെ ഏതാണ്ട് ഒരു ശതമാനം വ്യക്തികളുടെ കൈകളിലാണ് ആഗോളസമ്പത്തിന്‍റെ നാല്പതുശതമാനവും.  പത്തുശതമാനത്തോളം ആളുകള്‍ ഈ സമ്പത്തിന്‍റെ എണ്‍പത്തഞ്ചു ശതമാനവും കൈവശമാക്കിയിരിക്കുന്നു.  നേരെമറിച്ച്, ഒരു ശതമാനംമാത്രം വരുന്ന ഈ ലോകസമ്പത്താണ് ലോകജനസംഖ്യയുടെ പകുതിയോളം പേര്‍ക്കുവേണ്ടിയുള്ളത്.  ഏതാണ്ട് 140 കോടി മനുഷ്യര്‍ ജീവിക്കുന്നത് ഒരു യൂറോ (72 രൂപ)യിലും താഴെ പ്രതിദിനവരുമാനത്തിലാണ്. 

അവസാനഖണ്ഡികകളില്‍ ഡുക്യാറ്റിനെക്കുറിച്ചുള്ള പാപ്പായുടെ സ്വപ്നത്തെക്കുറിച്ചാണത്. എങ്ങനെ അതിലെ ഉദ്ബോധനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും പ്രായോഗികമാക്കുകയും ചെയ്യണം, എപ്രകാരമുള്ള ഫലങ്ങളുളവാക്കണം എന്നിവയെക്കുറിച്ചുള്ള പാപ്പായുടെ സ്വപ്നമാണത്. ദൈവത്തിന്‍റെ വഴി കൂടുതല്‍ പ്രകാശിപ്പിക്കുന്നതിനുള്ള ടോര്‍ച്ചായി ക്രിസ്തീയ യുവതയും ജനംമുഴുവനും മാറുമെന്ന സ്വപ്നമാണത്.  തുടര്‍ന്നുവരുന്ന ഖണ്ഡികകള്‍ ശ്രവിക്കാം.

സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ മനസ്സിലാക്കുന്നതിനായി ഇന്നു നിങ്ങളെ ഞാന്‍ ക്ഷണിക്കുമ്പോള്‍, വൃക്ഷത്തണലിലിരുന്നു ചര്‍ച്ചചെയ്യുന്ന ഗ്രൂപ്പുകളെയല്ല ഞാന്‍ സ്വപ്നം കാ ണുന്നത്.  അതു നല്ലതാണ്, ചെയ്യുക.  എന്നാല്‍ എന്‍റെ സ്വപ്നം അതിലുമുപരിയായ ഒന്നാണ്.  ഒരു ദശലക്ഷം യുവക്രൈസ്തവര്‍ എനിക്കുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു; കൂടുതലും മെച്ചമായി, മുഴുവന്‍ തലമുറയും അവരുടെ സമകാലീനരോട് സാമൂഹികപ്രബോധനങ്ങള്‍ സംസാരി ച്ചകൊണ്ടു നടക്കുന്നവരായി ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു.  മറ്റൊന്നിനും ലോകത്തെ പരിവര്‍ത്തനപ്പെടുത്താനാവില്ല,  എന്നാല്‍, ക്രിസ്തുവിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള, അവനോടുകൂടി അതിരുകളിലേയ്ക്ക്, ചെളിയിലേക്കുതന്നെ നീങ്ങുന്ന ജനത്തിനാണതു കഴിയുക.  രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കുകൂടി ഇറങ്ങുക, എന്നിട്ട്, നീതിക്കും മാനവാന്തസ്സിനുമായി പൊരുതുക, പ്രത്യേകിച്ചും പാവങ്ങളില്‍ പാവങ്ങളായവര്‍ക്കുവേണ്ടി. നിങ്ങളെല്ലാവരുമാണ് സഭ. ഈ സഭ പരിവര്‍ത്തനപ്പെടുന്നതാണെന്ന്, ജീവിക്കുന്നവളാണെന്ന് ഉറപ്പാക്കുവിന്‍. എന്തെ ന്നാല്‍, ഒന്നുമില്ലാതായവരുടെ നിലവിളിയാല്‍, അഗതികളുടെ അപേക്ഷയിന്മേല്‍, ആരാലും ശ്രദ്ധിക്കപ്പെടാത്തവരാല്‍ വെല്ലുവിളിക്കപ്പെട്ടവളാകാന്‍ തന്നെത്തന്നെ അനുവദിക്കുന്നു.
നിങ്ങള്‍ത്തന്നെ പ്രവര്‍ത്തനനിരതരാകുവിന്‍.  ഒരുപാടുപേര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഈ ലോകത്തിന് അഭിവൃദ്ധി ഉണ്ടാകും. നിങ്ങളിലൂടെ ദൈവത്തിന്‍റെ അരൂപി പ്രവര്‍ത്തിക്കുന്നെന്ന് അപ്പോള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകും.  അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ ജനങ്ങള്‍ക്കായി ദൈവത്തിന്‍റെ വഴി കൂടുതല്‍ പ്രകാശിപ്പിക്കുന്നതിന് ഒരു ടോര്‍ച്ചെന്നപോലെ ആയിത്തീരു കയും ചെയ്യും.

തുടര്‍ന്ന് ഈ ഗ്രന്ഥം യുവജനങ്ങള്‍ക്കായി സമര്‍പ്പിച്ചുകൊണ്ട് പാപ്പാ ഈ അവതാരിക ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്:

അതിനാല്‍, ഈ വിസ്മയനീയമായ ഈ ചെറുഗ്രന്ഥം ഞാന്‍ നിങ്ങള്‍ക്കു തരുന്നു, ഇതു നിങ്ങളില്‍ ഒരു തീ കൊളുത്തും എന്ന പ്രതീക്ഷയോടെ, എല്ലാദിവസവും നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു, എനിക്കുവേണ്ടിക്കൂടി പ്രാര്‍ഥിക്കുവിന്‍. 







All the contents on this site are copyrighted ©.