2017-01-10 08:53:00

നമ്മു‌ടെ യഥാര്‍ഥ മിഷന്‍ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കലാണ്: ഫ്രാന്‍സീസ് പാപ്പാ


ജലധാരകളെ ഐസുകട്ടകളായി മാറ്റുന്ന അതിശൈത്യത്തിലായിരുന്നു വത്തിക്കാന്‍  നഗരം.  യേശു തന്‍റെ പരസ്യ ജീവിതത്തിനൊരുക്കാമായി ജോര്‍ദാനില്‍വച്ച് സ്നാപകയോഹന്നാനില്‍നിന്നു മാമ്മോദീസ സ്വീകരിച്ചതിന്‍റെ അനുസ്മരണത്തിരുനാളാഘോഷിക്കുന്ന ഞായറാഴ്ചയില്‍ ആഘോഷമായ ദിവ്യബലിക്കുശേഷമാണ് പാപ്പാ ത്രികാലജപം ചൊല്ലുന്നതിനും സന്ദേശവും അപ്പസ്തോലികാശീര്‍വാദവും നല്‍കുന്നതിനുമായി എത്തിയത്. 

ത്രികാലപ്രാ൪ഥന നയിക്കുന്നതിനും അതോടനുബന്ധിച്ചുള്ള സന്ദേശം നല്കുന്നതിനുമായി ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലെ അരമന കെട്ടിടസമുച്ചയത്തിലെ പതിവു ജാലകത്തിങ്കലണഞ്ഞപ്പോൾ തീര്‍ഥാടകര്‍ ഹര്‍ഷാരവം മുഴക്കി.  യേശുവിന്‍റെ ജ്ഞാനസ്നാനത്തെക്കുറിച്ചു വി. മത്തായിയുടെ സുവിശേഷത്തില്‍നിന്നുള്ള ഭാഗത്തെ (3,13-17) അടിസ്ഥാനമാക്കി പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള നല്‍കി. സന്ദേശത്തിന്‍റെ പരിഭാഷ പൂര്‍ണരൂപത്തില്‍ താഴെച്ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം,

ഇന്ന്, യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുനാളില്‍, സുവിശേഷം (മത്താ 3,13-17) നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് ജോര്‍ദാന്‍നദിയിലുണ്ടായ ഒരു സംഭവത്തിലേക്കാണ്. പശ്ചാത്താപമുള്ള ഒരു ജനത്തിനൊപ്പം ജ്‍ഞാനസ്നാനം സ്വീകരിക്കുന്നതിനായി സ്നാപകയോഹന്നാന്‍റ സമീപത്തേയ്ക്ക് യേശുവും വരികയാണ്.  യേശുവും അവിടെ നിരയിലുള്ളവരുടെ കൂടെ ചേരുകയാണ്.  ഇപ്രകാരം പറഞ്ഞുകൊണ്ട് യേശുവിനെ യോഹന്നാന്‍ തടയാനാഗ്രഹിച്ചു: ഞാന്‍ നിന്നില്‍നിന്നു സ്നാനം സ്വീകരിക്കേണ്ടിയിരിക്കേ, നീ എന്‍റെ അടുത്തേയ്ക്കു വരുന്നുവോ (മത്താ 3,14). യേശുവും താനും തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ച് സ്നാപകന്‍ ബോധ്യമുള്ളവനായിരുന്നു.  എന്നാല്‍ യേശു വന്നത് തീര്‍ച്ചയായും മനുഷ്യനും ദൈവവും തമ്മിലുള്ള ഈ വ്യത്യാസത്തിന്‍റെ വിടവില്‍ പാലം തീര്‍ക്കുന്നതിനായിരുന്നു.  യേശു ദൈവത്തിന്‍റെ ഭാഗത്തുനിന്നുള്ളവനാണെങ്കിലും അവിടുന്നു മനുഷ്യന്‍റെ ഭാഗവുമായിരുന്നു.  വിഭജിക്കപ്പെട്ടിരുന്നതെന്തോ അതിനെ ഒരുമിച്ചുകൊണ്ടുവരികയായിരുന്നു യേശു.  അതുകൊണ്ടാണ് യേശു തന്നെ  സ്നാനപ്പെടുത്താന്‍ യോഹന്നാനോട്  ആവശ്യപ്പെടുന്നത്.  അതുവഴി അവിടുന്ന് സര്‍വനീതിയും പൂര്‍ത്തിയാക്കുകയായിരുന്നു (വാ. 15),  അതായത്, ദുര്‍ബലനും പാപത്തിനധീനനുമായ മനുഷ്യനോടുകൂടി അനുസരണത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പാതയിലൂടെ പിതാവിന്‍റെ പദ്ധതി പൂര്‍ത്തിയാക്കപ്പെടുകയായിരുന്നു. വിനയത്തിന്‍റെ പാതയില്‍ ദൈവത്തിന്‍റെ മക്കള്‍ക്ക് ദൈവത്തിന്‍റെ സാന്നിധ്യമാവുകയായിരുന്നു. എന്തുകൊണ്ടെന്നാല്‍, ദൈവം നമ്മോടേറ്റവും അടുത്താണ്.

യേശു യോഹന്നാനില്‍നിന്നു സ്നാനം സ്വീകരിച്ച്, ജോര്‍ദാനിലെ വെള്ളത്തില്‍നിന്നു കയറിയ ആ നിമിഷത്തില്‍, ദൈവപിതാവിന്‍റെ സ്വരം ഉന്നതത്തില്‍നിന്നു കേട്ടു: ''ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' (വാ. 17).  അതേസമയം തന്നെ, പരിശുദ്ധാത്മാവ്, പ്രാവിനെപ്പോ ലെ, പരസ്യമായി തന്‍റെ രക്ഷാകര ദൗത്യത്തിനു സമാരംഭം കുറിക്കുന്നതിന് യേശുവിനുമേല്‍ ഇറങ്ങി വന്നു.  ദൗത്യംതന്നെ ശൈലിയാക്കിക്കൊണ്ട്, സൗമ്യനും വിനയാന്വിതനുമായ ദാസന്‍റെ ശൈലിയില്‍, എന്നാല്‍ സത്യത്തിന്‍റെ ശക്തിയുമായി യേശു. ഏശയ്യാ പ്രവാചകന്‍ പ്രവചിച്ചപോലെ:

''അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല... ചതഞ്ഞ ഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും'' (ഏശയ്യ 42:2-3).

സൗമ്യനും വിനയാന്വിതനുമായ ദാസന്‍. ഇതാണ് യേശു നല്‍കുന്ന മാതൃക. ഉറപ്പോടും സൗമ്യതയോടും കൂടി സുവിശേഷം പ്രഘോഷിക്കാന്‍, കോലാഹലമില്ലാതെ, ആരെയും കുറ്റപ്പെടുത്താതെ, ധാര്‍ഷ്ട്യമോ അടിച്ചേല്‍പ്പിക്കലോ കൂടാതെ ഉറപ്പോടും സൗമ്യതയോടുംകൂടിയ ക്രിസ്തുശിഷ്യരുടെ മിഷന്‍പ്രവര്‍ത്തനങ്ങളുടെ ശൈലിയാണത്.  യഥാര്‍ഥ മിഷന്‍ പ്രവര്‍ത്തനം മതപരിവര്‍ത്തനമല്ല, മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കലാണ്.  എന്നാലതെങ്ങനെയാണ്?  എങ്ങനെയാണ് മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കുന്നത്?  പ്രഘോഷകരുടെ തന്നെ സാക്ഷ്യത്തിലൂടെ.  പ്രാര്‍ഥനയിലൂടെയും ആരാധനയിലൂടെയും ഏറ്റവും എളിയവരായ സഹോദരരരില്‍ സന്നിഹിതനായിരിക്കുന്ന യേശുവിനെ ശുശ്രൂഷിക്കുന്ന മൂര്‍ത്തമായ ഉപവിയിലൂടെയും ക്രിസ്തുവുമായി നേടുന്ന ശക്തമായ ഐക്യത്തിലൂടെയാണത്.  നല്ലവനും കാരുണ്യവാനുമായ യേശുവിനെ അനുകരിക്കുന്നതിലൂടെ, നമ്മുടെ ജീവിതം ആനന്ദകരമായ ഒരു സാക്ഷ്യമായിരിക്കുന്നതിന്, പ്രത്യാശയും സ്നേഹവും കൈവരുത്തുന്ന പാതയെ പ്രകാശിപ്പിക്കുന്നതിനു അവിടുത്തെ കൃപയുടെ ചൈതന്യമുള്ളവരായി നാം വിളിക്കപ്പെട്ടിരിക്കുന്നു.

ഈ തിരുനാള്‍ ജ്ഞാനസ്നാനത്തിലൂടെ ഒരു ജനമായിത്തീര്‍ന്ന നമുക്കു ലഭിച്ച സമ്മാനവും സൗന്ദര്യവും വീണ്ടും കണ്ടെത്തുന്നതിനു നാം കഴിവുള്ളവരാകുകയാണ്. നാമെല്ലാവരും പാപികളായിരിക്കെ, പാപികളായ നാം ക്രിസ്തുവിന്‍റെ കൃപയാല്‍ രക്ഷിക്കപ്പെട്ടുവെന്ന്, പരിശുദ്ധാത്മാവിലൂടെ, പിതാവിനോടുള്ള യേശുവിന്‍റെ പുത്രത്വബന്ധത്തിലേക്കു പ്രവേശിച്ചുവെന്ന്, സഭാമാതാവിന്‍റെ മടിയിലേക്കു സ്വാഗതം ചെയ്യപ്പെട്ടുവെന്ന്, അതിരുകളും വേലികളുമില്ലാത്ത ഒരു സാഹോദര്യത്തിനു കഴിവുള്ളവ രാക്കപ്പെട്ടുവെന്ന് നാം തിരിച്ചറിയുകയാണ്.

സജീവമായ ഈ ബോധ്യം വര്‍ധമാനമാകുന്നതിന്, നമുക്കു ലഭിച്ച മാമ്മോദീസയെ വിലമതിക്കുന്നതിന്, ഈ കൂദാശ നമുക്കു തെളിച്ച നവജനനത്തിന്‍റെ പാതയിലൂടെ വിശ്വസ്തതയോടെ നീങ്ങുവാന്‍,  കന്യകാമറിയം എല്ലാ ക്രൈസ്തവരെയും സഹായിക്കട്ടെ; എപ്പോഴും കൂടുതല്‍ വിനയത്തോടെ, സൗമ്യതയോടെ, ഉറപ്പോടെ.

ഈ സന്ദേശത്തിനുശേഷം പാപ്പാ ത്രികാലജപം ചൊല്ലുകയും ആശീര്‍വാദം നല്കുകയും ചെയ്തു.

അതിനുശേഷം അതിശൈത്യംമൂലം കഷ്ടപ്പെടുന്നവരെക്കുറിച്ചു ചിന്തിക്കാന്‍ ക്ഷണിച്ചുകൊണ്ട്, ആനുകാലികസംഭവങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ  ഇപ്രകാരം തുടര്‍ന്നു.

പ്രിയസഹോദരീസഹോദരന്മാരെ,

കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുനാളിന്‍റെ ഈ അവസരത്തില്‍ ഇന്നു പ്രഭാതത്തില്‍ 28 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്കി.  നാം അവര്‍ക്കുവേണ്ടിയും അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.  ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു ഒരു യുവ മാമ്മോദീസാര്‍ഥിക്കു ഞാന്‍ ജ്ഞാനസ്നാനം നല്കി.  ഇക്കാലയളവില്‍ തങ്ങളുടെ കുട്ടിയെ മാമ്മോദിസായ്ക്ക് ഒരുക്കുന്ന എല്ലാ മാതാപിതാക്കള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു.  അവരുടെമേലും കുഞ്ഞുങ്ങളുടെമേലും പരിശുദ്ധാത്മാവ് എഴുന്നള്ളിവരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്തെന്നാല്‍ ഈ കൂദാശ, ലളിതമെങ്കിലും ഏറെ പ്രധാനപ്പെട്ടതാണ്, വിശ്വാസത്തിലും ആനന്ദത്തിലും ജീവിക്കപ്പെടുന്നതാണ്.

പാപ്പായുടെ പ്രാര്‍ഥനാനിയോഗങ്ങളോടു ചേരുന്ന ആഗോളശൃംഖലയോടു ചേരുന്നതിന് നിങ്ങളെയും ക്ഷണിക്കുന്നു.  ഞാന്‍ ഓരോ മാസവും നിര്‍ദ്ദേശിക്കുന്ന പ്രാര്‍ഥനാനിയോഗങ്ങള്‍ സാമൂഹികമാധ്യമ ശൃംഖലയിലൂടെ എല്ലായിടത്തുമെത്തുന്നുണ്ട്.  പ്രാര്‍ഥനയിലൂടെയുള്ള ഈ പ്രേഷിതത്വം വഴി നമ്മു ടെ ഐക്യം വര്‍ധിക്കുകയാണ്.

ഈ ദിവസങ്ങളിലെ അതിശൈത്യം തെരുവില്‍ ജീവിക്കുന്ന ആളുകളെക്കുറിച്ച്, ശൈത്യത്താലും തങ്ങളോടു കാണിക്കുന്ന നിസ്സംഗതയാലും പ്രഹരിക്കപ്പെടുന്നവരെക്കുറിച്ചു ചിന്തിക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നതിനു ഞാന്‍ വിചാരിക്കുന്നു.  അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം. ഒപ്പം, അവരെ സഹായിക്കുന്നതിനായി നമ്മുടെ ഹൃദയങ്ങളെ ചൂടുള്ളതാക്കുന്നതിനുവേണ്ടിയും.

റോമിലുള്ള വിശ്വാസികളെയും ഇറ്റലിയില്‍നിന്നും വിവിധരാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ തീര്‍ഥാടകരെയും , പ്രത്യേകമായി കാല്യാരിയില്‍നിന്നുള്ള യുവജനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.  സ്ഥൈര്യലേപനകൂദാശയിലൂടെ നിങ്ങളാരംഭിച്ച യാത്ര തുടരുന്നതിനു നിങ്ങളെ ഞാന്‍ ഉത്തേജിപ്പിക്കുന്നു.  സ്ഥൈര്യലേപനകൂദാശയെക്കുറിച്ച് ഊന്നിപ്പറയുന്നതിനു അവസരം തരുന്ന നിങ്ങള്‍ക്കു ഞാന്‍ നന്ദി പറയുന്നു.  ഈ കൂദാശ, ക്രൈസ്തവജീവിതത്തിന് വിരാമമിടുന്ന കൂദാശയല്ല, അത് ക്രൈസ്തവജീവിതം യഥാര്‍ഥത്തില്‍ ആരംഭിക്കേണ്ടതിനുള്ള കൂദാശയാണ്. സുവിശേഷത്തിന്‍റെ ആനന്ദവുമായി മുന്നേറുക. 

എല്ലാവര്‍ക്കും നല്ല ഞായറാഴ്ച ആശംസിച്ചുകൊണ്ട്, തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനു മറക്കരുതേ എന്നപേക്ഷിച്ചുകൊണ്ട്, പാപ്പാ നല്ല ഉച്ചവിരുന്നാശംസിച്ചു. പിന്നെക്കാണാം എന്ന പ്രതീക്ഷയുടെ വചനങ്ങളോടെ പാപ്പാ ത്രികാലജപത്തിനുശേഷമുള്ള സന്ദേശം അവസാനിപ്പിച്ചു.








All the contents on this site are copyrighted ©.