2017-01-07 12:50:00

സാഹോദര്യഭാവം കൈമോശം വന്നിരിക്കുന്ന ഈജിപ്ത്


ഈജിപ്തിലെ കോപ്റ്റിക് സഭയുടെ തിരുപ്പിറവിത്തിരുന്നാള്‍ ആഘോഷം നിണസാക്ഷിത്വത്തിന്‍റെ അവസ്ഥയില്‍ത്തന്നെയാണെന്ന് അന്നാട്ടിലെ ഗിസ്സ കോപ്റ്റിക് രൂപതയുടെ മെത്രാന്‍ അന്തോണിയൂസ് അസ്സീസ് മിന.

ജൂലിയന്‍ പഞ്ചാംഗം പിന്‍ചെല്ലുന്ന പൗരസ്ത്യസഭകള്‍ ഏഴാം തിയതി ശനിയാഴ്ച (07/01/17) തിരുപ്പിറവി ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ഈജിപ്തിലെ കോപ്റ്റിസഭയുടെ അവസ്ഥയെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

കര്‍ത്താവില്‍ നിന്നുള്ള രക്ഷ സദാ കാത്തിരിക്കുകയാണ് ഈ സഭയെന്നും ബിഷപ്പ് അസ്സീസ് മിന പറഞ്ഞു.

കഴിഞ്ഞ ഡിസമ്പര്‍ 11 ന് കയ്റൊയില്‍ കോപ്റ്റിക് സഭയുടെ ഭദ്രാസനദേവാലയത്തിനു നേര്‍ക്കു നടന്ന ആക്രമണത്തില്‍ 25 പേര്‍ക്ക് ജീവഹാനി സംഭവിച്ചതും അദ്ദേഹം വേദനയോടെ അനുസ്മരിച്ചു.

അന്നാട്ടില്‍ ക്രൈസ്തവ ഇസ്ലാം സംഭാഷണം മുന്നോട്ടു പോകുന്നുണ്ടെന്നു പറഞ്ഞ ബിഷപ്പ് അസ്സീസ് മിന ഒരിക്കല്‍ ഈജിപ്തിലെ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന വാത്സല്യഭാവം, സാഹോദര്യഭാവം ഇന്നില്ലയെന്ന ഖേദകരമായ വസ്തുത ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഒരു നിസ്സാരകാര്യത്തിനാണെങ്കിലും സഹോദരന്‍ സഹോദരനെ കോടതികേറ്റാന്‍ മടിക്കാത്ത അവസ്ഥയാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രാര്‍ത്ഥനയുടെയും ദൈവസ്നേഹത്തില്‍ ഉറച്ചു നില്ക്കുന്നതിന്‍റെയും ശക്തി എന്തെന്നറിയാമെന്ന് പറഞ്ഞ അദ്ദേഹം അത് തങ്ങള്‍ക്ക് രക്ഷയാകുമെന്ന പ്രത്യാശ പ്രകടിപ്പികുകയും ചെയ്തു.  

   








All the contents on this site are copyrighted ©.