2017-01-07 12:07:00

പ്രത്യക്ഷീകരണമഹോത്സവം : അദൃശ്യനായ ദൈവത്തെ കണ്ടെത്താം


ഇന്ന് എപ്പിഫനിയാണ്. പ്രത്യക്ഷീകരണമഹോത്സവമാണ്. ഇന്നത്തെ തിരുവചനം തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്. ഹേറോദേസ് രാജാവിന്‍റെ കാലത്ത് യൂദയായിലെ ബേതലെഹേമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നും ജ്ഞാനികള്‍ ജരൂസലേമിലെത്തി. ശ്രദ്ധിക്കേണ്ടത്, ഹേറോദേസു ഭരിക്കുന്നു. ബെതലേഹേം വളരെ അടുത്ത് 8, 9 കി.മീറ്റര്‍ അകലെ. അവിടെ ക്രിസ്തു ജനിച്ചത്. ഹേറോദേസും യഹൂദ പ്രമാണികളും അറിയുന്നില്ല. തൊട്ടടുത്തുള്ള മതകേന്ദ്രം അറിയുന്നില്ല. എന്നാല്‍ കിഴക്കുള്ള ജ്ഞാനികള്‍ അതിനെക്കുറിച്ച് അറിയുന്നു. ഇത് വലിയ വെളിപ്പെടുത്തലാണ്. മനുഷ്യസ്വഭാവത്തിന്‍റെ വെളിപ്പെടുത്തലാണ്. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം, ദൈവത്തിന്‍റെ സാന്നിദ്ധ്യം തൊട്ടടുത്തു തന്നെയുണ്ട്. തൊട്ടടുത്തുള്ള ദൈവിക സാന്നിദ്ധ്യം നിനക്ക് അറിയാന്‍ പറ്റുന്നുണ്ടോ? ഇതാണു ചോദ്യം. നിന്‍റെ തൊട്ടടുത്ത്, നിന്‍റെ പരിസരത്ത്. നിന്‍റെ ബന്ധങ്ങളില്‍ നിന്‍റെ സ്നേഹിതരുടെ ഇടയില്‍ത്തന്നെ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യമുണ്ട്. അത് നമുക്ക് അറിയാനാകുന്നുണ്ടോ? അതാണ് പ്രധാനപ്പെട്ടടൊരു കാര്യം. അറിയാനുള്ള എല്ലാ ‘റിസോഴ്സസും’ ഈ പറയുന്ന ഹേറോദേസിനുണ്ടായിരുന്നു. നിയമജ്ഞനുണ്ടായിരുന്നു, ‘തോറാ’ അറിയുന്നവര്‍,  യഹൂദനിയമം അറിയുന്നവര്‍ക്ക് ഉണ്ടായിരുന്നു. എന്നിട്ട് അവരെ വിളിച്ച് ചേര്‍ത്ത്. എന്നിട്ട് അവര്‍ വചനം അന്വേഷിച്ചു തന്നെയാ കണ്ടെത്തുന്നത്. ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്ന്. 8, 9 കി.മീ. അകലെയുള്ള ബെതലഹേമില്‍...!

എല്ലാ സാദ്ധ്യതകളും എല്ലാ ‘റോസോഴ്സ’സ് ഉണ്ടായിരുന്നിട്ടും ദൈവികസാന്നിദ്ധ്യം തിരിച്ചറിയാതെ പോയവര്‍! എല്ലാ സാദ്ധ്യതകളും അയാള്‍ക്ക് ഉണ്ടായിരുന്നു. എന്നിട്ടും ഈ വലിയ അവതാരത്തെ, അവര്‍ ഈ ക്രിസ്തുവിന്‍റെ അവതാരത്തെ  അറിയുന്നേയില്ല. ആയാള്‍ ആ സംഭവത്തെ അറിയുന്നില്ല. നാം തിരിച്ചറിയുന്നുണ്ടോ? നമ്മുടെ തൊട്ടതുത്തുള്ള ദൈവത്തിന്‍റെ സാന്നിദ്ധ്യത്തെ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തെ അറിയുന്നുണ്ടോ? ഹേറോദേസും കിഴക്കുനിന്നും ജ്ഞാനികള്‍ വന്ന് യഹൂദരുടെ രാജാവിനെ അവര്‍ അന്വേഷിക്കുമ്പോള്‍, ഹേറോദേസ് ജ്‍ഞാനികള്‍ വന്ന് അന്വേഷിക്കമ്പോള്‍, വചനം പറയുന്നത് ഇതുകേട്ട് ഹേറോദേസ് രാജാവ് കുപിതനായി. അയാള്‍ അസ്വസ്ഥനായി. ക്രിസ്തുവിന്‍റെ ജനനവാര്‍ത്ത കേട്ട് അസ്വസ്ഥനാകുന്നു. ആ വലിയ നന്മയുടെ മുന്‍പില്‍, ദൈവത്തിന്‍റെ അവതാരത്തിനു മുന്നില്‍ അയാള്‍ അസ്വസ്ഥനാകുകയാണ് ചെയ്യുന്നത്. കാരണം ആ നന്മ തന്‍റെ അസ്തിത്വത്തിനു തന്നെ ഭീഷണിയാണോ? കാരണം ഹേറോദേസു രാജാവാണ്... മറ്റൊരു രാജാവ്! ആ നന്മ തനിക്കു ഭീഷണിയാണോ? എന്ന ചിന്തയിലാണ് അയാള്‍ അസ്വസ്ഥനാകുകയാണ്.

എന്നാല്‍ കിഴക്കുനിന്നു വന്ന ജ്ഞാനികളുടെ കാര്യം വചനം പറയുന്നത്. വീണ്ടും അവര്‍ നക്ഷത്രത്തെ കണ്ടപ്പോള്‍ അവര്‍ സന്തോഷിച്ചു. അവര്‍ സന്തോഷിക്കുകയാണ്. ഇത് മനുഷ്യസ്വഭാവത്തിന്‍റെ വളരെ കൃത്യമായ രണ്ടും മനോഭാവങ്ങളിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. നിന്‍റെ അടുത്ത്, നിന്‍റെ തൊട്ടടുത്ത്, നിന്‍റെ കണ്‍മുന്‍പില്‍ നിന്‍റെ പരിസരത്ത് നന്മ. ഏതു നന്മയാണെങ്കിലും ക്രിസ്തുവി‍ന്‍റെ അവതാരമാണ്. അത് ദൈവത്തിന്‍റെ സാന്നിദ്ധ്യമാണ്. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യമാണ്. അത് അറിയുമ്പോള്‍ നിന്‍റെ ഹൃദയത്തിലുണ്ടാകുന്ന അസ്വസ്ഥതയാണ്. നന്മ അറിയുമ്പോള്‍ നീ അസ്വസ്ഥനാകുകയാണോ ചെയ്യുന്നത്.

നിനക്കൊരു ഭീഷണിയായി തോന്നുന്നുണ്ടോ? അതു തോന്നുന്നത് അപകടകരമാണ്. മറിച്ച് മറുഭാഗത്ത് നന്മയില്‍ സന്തോഷിക്കുക ആ നന്മ കണ്ടു  സന്തോഷിക്കുക, കാരണം അത് ദൈവത്തിന്‍റ സാന്നിദ്ധ്യമാണ്. അങ്ങനെ ക്രിസ്തവിന്‍റെ സാന്നിദ്ധ്യത്തില്‍ അവര്‍ സന്തോഷിക്കുന്നു. ഈ ഒരു മനോഭാവത്തിലേയ്ക്ക് വളര്‍ന്നുവരുമ്പോഴാണ് എപ്പിഫനി, ആവിഷ്ക്കരണം. ഈ വെളിപ്പെടുത്തല്‍, പ്രത്യക്ഷീകരണം. ദൈവസാന്നിദ്ധ്യത്തിന്‍റെ വെളിപ്പെടുത്തല്‍ നിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നത്. ഇങ്ങനെ ക്രിസ്തുവിന്‍റെ ജനനത്തെ അകലെനിന്നുതന്നെ അറിയുകയും എന്നിട്ട് ആ ക്രിസ്തുവിനെ അന്വേഷിച്ച് ഇറങ്ങുകയും അങ്ങനെ കണ്ടെത്തുമ്പോള്‍ സന്തോഷിക്കുയും ചെയ്യുന്ന ജ്ഞാനികള്‍ എന്താണ് ചെയ്യുന്നത്. അവര്‍ മുട്ടുകുത്തി, കുമ്പിട്ട്, തങ്ങള്‍ക്കുണ്ടായിരുന്ന ഏറ്റവും വലിയ നിധികള്‍ ഉണ്ണിയേശുവിനു സമര്‍പ്പിക്കുകയാണ്. പൊന്നും മീറയും കുന്തുരുക്കവും. സമര്‍പ്പിക്കുകയാണ്! തങ്ങള്‍ക്ക് ഉണ്ടായിരുന്നതു മുഴുവന്‍ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്.  എന്നാല്‍ നേരെ വിരുദ്ധമായ മനോഭാവത്തോടുകൂടെ ഇരിക്കുന്ന ഹേറോദേസോ? തനിക്കു ഭീഷണിയായിരിക്കുന്ന കുഞ്ഞിനെ അയാള്‍ കൊല്ലാനായിട്ടു ശ്രമിക്കുകയാണ്. ഇതു രണ്ടും, രണ്ടു വിരുദ്ധമനോഭാവങ്ങളുടെ വളര്‍ച്ചയാണ്. സമ്പൂര്‍ണ്ണ സമര്‍പ്പണം തൊട്ടടുത്തു ദൈവികസാന്നിദ്ധ്യത്തിനു മുന്‍പില്‍. മറ്റേതാകട്ടെ, കാണുന്ന നന്‍മയൊക്കെ തനിക്കു ഭീഷണിയാണെന്നു നിനച്ച്. കുഞ്ഞിനെയൊക്കെ ഇല്ലാതാക്കാന്‍, കുറച്ചു കാണിക്കാനുമുള്ള മനോഭാവം.  ഇന്ന് യേശുവിന്‍റെ ‘എപ്പിഫനി’യില്‍, അവിടുത്തെ വെളിപ്പെടുത്തലില്‍ അവിടുന്ന് എന്നോട് ആവശ്യപ്പെടുന്നത് ഇതാണ്. ഏതു മനോഭാവമാണ് നിനക്കുള്ളത് എന്നു ചിന്തിക്കുക.

ഗംഗാധരന്‍ ഡോക്ടര്‍, ക്യാന്‍സര്‍ ചികിത്സയില്‍ പ്രഗത്ഭനായതും കേരളത്തില്‍ ഏറെ അറിയപ്പെടുകയും ചെയ്യുന്ന മനുഷ്യന്‍...! ഡോക്ടര്‍ അദ്ദേഹത്തിന്‍റെ ആദ്യത്തെ പുസ്തകത്തില്‍ വിവിരിക്കുന്ന ഒരു സംഭവമുണ്ട്. അദ്ദേഹം ചെന്നൈയിലെ അടയാറില്‍ അവിടത്തെ ക്യാസര്‍ ചികിത്സാകേന്ദ്രത്തില്‍ ആയിരുന്ന കാലം. അവിടെ കുട്ടികളുടെ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രണ്ടുവയസ്സുകാരി അനൂഷ. അവളെ ചികിത്സിക്കാന്‍ കേരളത്തില്‍നിന്നു കൊണ്ടുവന്നതാണ്. അവളുടെ വലിയപ്പനം വലിയമ്മയുമാണ് അവളെ കൊണ്ടുവന്നത്. ഖാദി വസ്ത്രധാരിയായ വലിയപ്പന്‍... രാഷ്ട്രീയക്കാരനാണ് കൊണ്ടുവന്ന് അഡിമിറ്റ്ചെയ്തു.

കൂടെ നില്ക്കാനായിട്ട് വലയമ്മയെ, തന്‍റെ ഭാര്യയെ ആക്കിയിട്ടുപോയി.  പക്ഷെ പിറ്റേദിവസം മുതലാ പ്രശ്നം തുടങ്ങുന്നത്. കാരണം വല്യമ്മയ്ക്ക് അവിടത്തെ ഭക്ഷണം പിടിക്കുന്നില്ല. അവിടെ ഉണ്ടായിരുന്നവുരം, അടുത്തുണ്ടായിരുന്നവരും സഹാച്ചു. പിന്നെ മലയാളി ഹോട്ടലില്‍ കൊണ്ടുപോയി. എന്നിട്ടും വലിയമ്മയ്ക്കു പിടിക്കുന്നില്ല വലിയ ബുദ്ധിമുട്ട്. ഇക്കാരണത്താല്‍ കുഞ്ഞിനെയുംകൊണ്ട് തിരിച്ചു പോകണം എന്ന ആലോചന വന്നപ്പോള്‍, ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിന്‍റെ അമ്മ വന്ന് കൂടെനില്ക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു വീടു വാടകയ്ക്കെടുത്ത്, നിങ്ങള്‍ക്കുതന്നെ ഭക്ഷണംപാചകംചെയ്ത് കുഞ്ഞിനെ നോക്കാമല്ലോ! നടക്കുകേല! വല്യപ്പന്‍ പറഞ്ഞു കുഞ്ഞിന്‍റെ അമ്മ ഗള്‍ഫിലാണ്. അവിടെ ജോലിയാണ്. അവള്‍ നഴ്സാണ്. ജോലി ഉപേക്ഷിച്ചിട്ട് വരാന്‍ പറ്റില്ല. നഴ്സാണെങ്കില്‍ കുഞ്ഞിന്‍റെ കാര്യത്തില്‍ നല്ലതാണ്, വരട്ടെ. ചികിത്സാക്രമങ്ങള്‍ അറിയാമല്ലോ. നന്നായിട്ട് ശുശ്രൂഷിക്കാന്‍ പറ്റുമല്ലോ!  വലിയപ്പന്‍ പറഞ്ഞു. ഡോക്ടറേ, അവരു ചെറുപ്പമല്ലേ. ഈ ഒരു കുഞ്ഞിനുവേണ്ടി അവരുടെ സമയവും ജീവനും കളയാന്‍ പറ്റുമോ? ഇനിയും അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലേ, ഭാവിയില്ലേ. അതു ഡോക്ടറെ ഒന്നു ഞെട്ടിച്ചു. എന്നിട്ടും കുറേക്കാലം മുന്നോട്ടു പോയി. എന്നാല്‍ ചികിത്സ തുടങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യിച്ച്. കുട്ടിയേയുംകൊണ്ട് വലിയപ്പനും വലിയമ്മയും നാട്ടിലേയ്ക്കു പോയി.

പിന്നീട് ഡോക്ടര്‍ പറയുന്നത്. ഒരു വര്‍ഷത്തിനുശേഷം രാഷ്ട്രീയക്കാരനായ ഈ ഖദര്‍ വലിയപ്പനെ ഒരിക്കല്‍ ട്രെയിനില്‍വച്ചു കണ്ടുമുട്ടി. ഡോക്ടര്‍ വളരെ താല്പര്യത്തോടെ അനുഷയുടെ കാര്യം ചോദിച്ചു. അവള്‍ എങ്ങനെയുണ്ട് നാട്ടിലെ ചികിത്സയ്ക്കുശേഷം ഇപ്പോള്‍? ആദ്യം അയാള്‍ ഒന്നും മിണ്ടിയില്ല. പിന്നെയും ചോദിച്ചപ്പോള്‍ പറഞ്ഞു. അതുപോയി. അനുഷ എന്ന മാലാഖക്കുട്ടിയുടെ പേരുപോലും പറയാതെ, ‘അതുപോയി!’ എന്നു പറഞ്ഞ് അവസാനിപ്പിക്കുനന നിര്‍വികാരത!

ഡോക്ടര്‍ തന്‍റെ പുസ്തകത്തില്‍ അനുഷയോടൊപ്പം അഡിമിറ്റായ മറ്റൊരു കൂട്ടിയുടെ കാര്യവും സമാന്തരമായി പറഞ്ഞു പോകുന്നുണ്ട്. അവന്‍റെ പേര്, മുരുകന്‍. ഒരു തമിഴ്ക്കാരന്‍ പാവംകുട്ടി! അവനെ നോക്കുന്നത് അമ്മയാണ്. പക്ഷെ അമ്മയുടെ പ്രശ്നം അവര്‍ ഗര്‍ഭിണിയാണ്. അവര്‍ രാവും പകലും ഇവിടെനിന്നുകൊണ്ട് അവനെ ശുശ്രൂഷിക്കുകയാണ്. വീട്ടുകാരും, അയല്‍പക്കക്കാരും, അറിയുന്നവരുമൊക്കെ അവളെ നിര്‍ന്ധിച്ചു വീട്ടില്‍ പോകാന്‍. അവര്‍ സമ്മതിച്ചില്ല. മാത്രമല്ല, കൃത്യമായിട്ട് അവള്‍ പറഞ്ഞു, എന്‍റെ കുഞ്ഞിനെ ഞാനല്ലാതെ മറ്റാരാ നോക്കാന്‍ പോകുന്നത്. എന്നിട്ട് നിര്‍ബന്ധം പിടിച്ച് പ്രസവത്തിന്‍റെ തലേ ആഴ്ചവരെ അവള്‍ ആശുപത്രിയില്‍ മകന്‍റെ കൂടെനിന്നു. വീട്ടുകാരും ഭര്‍ത്താവും നിര്‍ബന്ധിച്ചിട്ടാണ് അവള്‍ വീട്ടിലേയ്ക്കു പ്രസവത്തിനായി മടങ്ങിയത്.   

രണ്ടും രണ്ടു വിരുദ്ധ മനോഭാവങ്ങളാണ്! പ്രതികരണങ്ങളാണ്! ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം, ദൈവത്തിന്‍റെ മനുഷ്യാവതാരം.. ദൈവിക സാന്നിദ്ധ്യം എന്‍റെ തൊട്ടടുത്തുതന്നെയുണ്ട്. അത് കാണാനും തിരിച്ചറിയാനും പറ്റുന്നുണ്ടോ. എന്‍റെ പ്രിയപ്പെട്ടവരിലും ചുറ്റുമുള്ളവരിലും കാണുന്ന ഏതു നന്മയും ക്രിസ്തുവിന്‍റെ അവതാരമാണ് ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണമാണ്. അത് കാണാന്‍ പറ്റുന്നുണ്ടോ, അത് തിരിച്ചറിയാന്‍ പറ്റുന്നുണ്ടോ?  അങ്ങനെ കാണുന്ന നന്മയുടെ മുന്‍പില്‍ സന്തോഷിക്കാനും, തിരിച്ചറിയാനും, സമര്‍പ്പിക്കാനും കിഴക്കുനിന്നും വന്ന ജ്ഞാനികള്‍ തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം സമര്‍പ്പിക്കാനും സാധിച്ചതുപോലെ നിങ്ങള്‍ക്കും എനിക്കും സാധിക്കുന്നുണ്ടോ? ഇതാണ് ഈശോ ഇന്നു നമ്മോടു ചോദിക്കുന്ന ചോദ്യം. യാഥാര്‍ത്ഥ്യമാകുന്നത് ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണം നമുക്കു ചുറ്റും നടക്കുന്നു എന്നു മാത്രമല്ല, നമുക്കു ചുറ്റുമുള്ള ദൈവിക സാന്നിദ്ധ്യത്തിനു നിന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍, നന്‍മയ്ക്കായി നിന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍, നിന്നിലുള്ള ക്രിസ്തു സാന്നിദ്ധ്യം തെളിഞ്ഞു തെളിഞ്ഞു വരികയാണ്. അത് കൂടുതല്‍ വെളിപ്പെട്ടു വരികയാണ്. ക്രിസ്തു നമ്മില്‍ കൂടുതല്‍ സജീവനാവുകയാണ്.

ദൈവം നമ്മില്‍ മാംസം ധരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ സംഭവിക്കാവുന്നത്, ചെയ്തത് ക്രിസ്തുവിനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. അത് വളരെ പെട്ടന്നുള്ള നടപടിയായിരുന്നു. നമുക്കു ചുറ്റുമുള്ള നന്‍മകളെ നമ്മള്‍ അറിഞ്ഞ്, അതില്‍ സന്തോഷിച്ച് അതു വളര്‍ത്താനായി നമ്മളെത്തന്നെ സമര്‍പ്പിക്കുന്നില്ലെങ്കില്‍, ആ നന്‍മകളെ  ഒരു സാവധാനത്തിലുള്ള ഒരു കൊലപാതകത്തിന് Slow death-നു കൊലപാതകത്തിന് കൂട്ടുനില്ക്കുയാണു ചെയ്യുന്നത്.

പ്രാര്‍ത്ഥിക്കാം.

യേശുവേ, ദൈവമായ അങ്ങ് മനുഷ്യനായിട്ട് അവതരിച്ചതിന്‍റെ ഓര്‍മ്മ, ആ അനുസ്മരണം ജീവിതത്തില്‍ ഞങ്ങളിന്ന് പുതുക്കുമ്പോള്‍ നാഥാ, അങ്ങുതന്നെ ഞങ്ങളുടെ ജീവിതത്തില്‍ സന്നിഹിതനാകണമേ! എനിക്കും എന്‍റെ ചുറ്റിലും എന്‍റെ സഹോദരങ്ങളിളും പ്രിയപ്പെട്ടവരിലുമുള്ള    സാന്നിദ്ധ്യം തിരിച്ചറിയാന്‍, നന്മകള്‍ തിരിച്ചറിഞ്ഞ് അതില്‍ സന്തോഷിക്കാന്‍ മറ്റുള്ളവരില്‍ കാണുന്ന നന്മകള്‍ ഓര്‍ത്തു സന്തോഷിക്കാന്‍, ആ നന്മകള്‍ വളര്‍ത്തിയെടുക്കാനായിട്ട് സഹായിക്കാന്‍ ...! മാത്രമല്ല. അര്‍പ്പിക്കുവാന്‍, എനിക്കുള്ളത് പങ്കുവയ്ക്കാനും സമര്‍പ്പിക്കാനുമുള്ള മനസ്സിന്‍റെ വിശാലത എനിക്കു തരണമേ. അങ്ങനെ സമര്‍പ്പിക്കുന്നതിലൂടെ എന്‍റെ ചുറ്റുമുള്ളവരുടെ നന്മവളരാനും. ഒപ്പം അങ്ങേ സാന്നിദ്ധ്യം എന്നില്‍ ബലപ്പെടുകയാണ്, ദൃഢപ്പെടുയാണെന്നു തിരിച്ചറിയാനുള്ള കൃപതരേണമേ! നാഥാ! അങ്ങ് എന്നിലും എന്‍റെ ചുറ്റിലും കൂടുതല്‍ കൂടുതല്‍ സജീവനായി വളര്‍ന്നു വരണമേ! ആമേന്‍.    








All the contents on this site are copyrighted ©.