2017-01-06 10:24:00

പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ മിലാന്‍ നഗരം ഒരുങ്ങുന്നു


മാര്‍ച്ച് 25-Ɔ൦ തിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് വടക്കെ ഇറ്റലിയിലെ പുരാതന നഗരവും സഭാപിതാവായ വിശുദ്ധ അബ്രോസിന്‍റെ പട്ടണവുമായ മിലാനിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തുന്നത്.  

മൂവായിരത്തോളം സന്നദ്ധസേവകരെ മിലാന്‍ അതിരൂപതയുടെ എല്ലാ ഇടവകകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും തിരഞ്ഞെടുത്തുകൊണ്ടും, ഉത്തരവാദിത്ത്വങ്ങള്‍ നിജപ്പെടുത്തിക്കൊണ്ടും, പരിശീലനം നല്ക്കിക്കൊണ്ടുമാണ് പാപ്പായുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ക്ക്  തുടക്കംകുറിച്ചിരിക്കുന്നതെന്ന് മാധ്യമകാര്യാലയത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ഫാദര്‍ ഡേവിഡ് മിലാനി പ്രസ്താവനയിലൂടെ അറിയിച്ചു.

പാപ്പാ എത്തിച്ചേരുന്ന മിലാന്‍റെ ലിനാത്തെ വിമാനത്താവളം, ബലിയര്‍പ്പണ വേദിയായ മോണ്‍സാ പാര്‍ക്ക്, ത്രികാല പ്രാര്‍ത്ഥനയ്ക്ക് എത്തുന്ന വിഖ്യാതമായ മിലാന്‍ ഭദ്രാസനദേവാലയത്തിന്‍റെ ചത്വരം, പൊതുകൂടിക്കാഴ്ച വേദിയായ 80,000-പേര്‍ക്ക് ഇരിപ്പിടമുള്ള മിയാസ്സാ സാന്‍ സീറോയുടെ സ്റ്റേഡിയം എന്നിവ പാപ്പാ ഫ്രാന്‍സിസിന്‍റെ വരവിനായി അണിഞ്ഞൊരുകയാണ്. ജനുവരി 4-Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് ഫാദര്‍ മിലാനി ഇത്രയും വിവിരങ്ങള്‍ വെളിപ്പെടുത്തിയത്.

www.papamilano2017.it

കര്‍ദ്ദിനാള്‍ ആഞ്ചെലോ സ്കോളയാണ് മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത.

600 വര്‍ഷങ്ങള്‍ പഴക്കമുള്ള മിലാന്‍ ഭദ്രാസന ദേവാലയം വലുപ്പത്തിലും വാസ്തുഭംഗിയിലും വിഖ്യാതമാണ്.

ക്രിസ്തുവിന്‍റെ പാദങ്ങളില്‍ തറച്ചതെന്ന് വിശ്വസിച്ചുപോരുന്ന ആണി, പ്രധാന അള്‍ത്താരയുടെ മുകളില്‍ പൂജ്യമായി സൂക്ഷിച്ചിരിക്കുന്നു. ദുഃഖവെള്ളിയാഴ്ച ദിവസം അത് പൊതുവണക്കത്തിനായി താഴെ ഇറക്കാറുണ്ട്.

മിലാനിലെ ഡൊമിനിക്കന്‍ ആശ്രമത്തിലാണ് (Santa Maria delle Grazie) ലിയനാര്‍ഡോ ദാ വീഞ്ചിയുടെ അപൂര്‍വ്വ സൃഷ്ടിയായ ചുവര്‍ചിത്രം ‘അന്ത്യത്താഴ’മുള്ളത്.   “നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും,”  (യോഹന്നാന്‍ 13, 21) എന്നു ക്രിസ്തു പറയുന്ന വികാരനിര്‍ഭരമായ രംഗചിത്രീകരണവും അതിന്‍റെ ഭാവപ്പകര്‍ച്ചയുമാണ് 15 x 31 അടി വലുപ്പമുള്ള ചുവര്‍ചിത്രത്തെ വിശ്വത്തരമാക്കുന്നത്. 








All the contents on this site are copyrighted ©.