2017-01-06 14:00:00

കാണാനും ആരാധിക്കാനും കിഴക്കു നിന്നെത്തിയവര്‍


നക്ഷത്രം വഴികാട്ടിയായി, പൗരസ്ത്യദേശത്തു നിന്ന് ജ്ഞാനികള്‍ ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ എത്തി ഉണ്ണിയേശുവിനെ ആരാധിക്കുന്നതും കാഴ്ചകള്‍ സമര്‍പ്പിക്കുന്നതും അനുസ്മരിക്കുന്ന പ്രത്യക്ഷീകരണത്തിരുന്നാള്‍, അഥവാ, ദനഹാത്തിരുന്നാള്‍, അല്ലെങ്കില്‍ എപ്പിഫനി തിരുസഭ ആചരിച്ച ജനുവരി 6 ന് വെള്ളിയാഴ്ച, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യ കാര്‍മ്മിത്വത്തില്‍ സാഘോഷമായ സമൂഹദിവ്യബലി അര്‍പ്പിക്കപ്പെട്ടു.

റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ന് ആയിരുന്നു തിരുക്കര്‍മ്മം ആരംഭിച്ചത്. മുപ്പതോളം കര്‍ദ്ദിനാളന്മാരും, ആര്‍ച്ചുബിഷപ്പുമാരുള്‍പ്പടെ അത്രയുംതന്നെ മെത്രാന്മാരും ഇരുനൂറ്റിയമ്പതോളം വൈദികരും സഹകാര്‍മ്മികരായി പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ഈ ദവ്യബലിയില്‍ സിസ്റ്റയിന്‍ കപ്പേള ഗായകസംഘം തിരുക്കര്‍മ്മഗാനാലാപനത്തിന് നേതൃത്വമേകി.

പ്രവേശനഗീതം ആരംഭിച്ചപ്പോള്‍ അള്‍ത്താര ശുശ്രൂഷകരാലും സഹകാര്‍മ്മികരാലും അനുഗതനായി ഫ്രാന്‍സീസ് പാപ്പാ പ്രദക്ഷിണമായി ബലിവേദിയിലെത്തുകയും അള്‍ത്താരയെ വണങ്ങി ധൂപാര്‍പ്പണം നടത്തി വിശുദ്ധ കുര്‍ബ്ബാനയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. വചനശുശ്രൂഷാവേളയില്‍ വിശുദ്ധഗ്രന്ഥ വായനകള്‍ക്കു ശേഷം പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവച്ചു.

“എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്‍റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കയാണ്”. മത്തായിയുടെ സുവിശേഷം രണ്ടാം അദ്ധ്യായത്തിലെ രണ്ടാമത്തെതായ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് തന്‍റെ വചനസമീക്ഷയാരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

വിദൂരദേശത്തുനിന്നെത്തിയ പൂജരാജാക്കന്മാര്‍ ഈ വാക്കുകളാലാണ് അവരുടെ നീണ്ടയാത്രയുടെ ഉദ്ദേശ്യം നമുക്കു വെളപ്പെടുത്തിത്തരുന്നത്. കാണുക, ആരാധിക്കുക എന്നീ രണ്ടു ക്രിയകള്‍ ഈ സംഭവവിവരണത്തില്‍ തെളിഞ്ഞു നില്ക്കുന്നു. ഞങ്ങള്‍ ഒരു നക്ഷത്രം കണ്ടു, ഞങ്ങള്‍ക്ക് അവനെ ആരാധിക്ക​ണം.

തങ്ങള്‍ ദര്‍ശിച്ച നക്ഷത്രം ഈ മനുഷ്യര്‍ക്ക് അവരുടെ യാത്രയില്‍ ഉത്തേജനമായി. അസാധാരണമായതെന്തൊ ആകാശത്തു സംഭവിച്ചത് അസംഖ്യം സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് കാരണമായി. അവര്‍ക്ക് വേണ്ടി മാത്രം ഉദയം ചെയ്തല്ല ആ നക്ഷത്രം എന്നുതന്നെയുമല്ല അതു കാണുന്നതിനു വേണ്ടി സവിശേഷമായ ഒരു ജനിതകഘടന അവര്‍ക്കുണ്ടായിരുന്നില്ലതാനും. സഭാപിതാക്കന്മാരില്‍ ഒരാളായ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം സമര്‍ത്ഥിക്കുന്നതു പോലെ ഈ പൂജരാജാക്കന്മാര്‍ നക്ഷത്രം കണ്ടതുകൊണ്ടല്ല യാത്ര ആരംഭിച്ചത്, മറിച്ച് അവര്‍ യാത്ര ആരംഭിച്ചതിനാല്‍ നക്ഷത്രം ദര്‍ശിക്കുകയായിരുന്നു. ചക്രവാളത്തിലേക്കു തുറന്നതായിരുന്നു അവരുടെ ഹൃദയം. ആകയാല്‍ ആകാശം കാട്ടിത്തരുന്നവ കാണാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. എന്തെന്നാല്‍ അവരില്‍ ഉത്തേജകമായ ഒരഭിവാഞ്ഛ കുടികൊണ്ടിരുന്നു: അവര്‍ പുതുമയ്ക്ക് തുറവുള്ളവരായിരുന്നു.

അങ്ങനെ, ഈ ജ്ഞാനികള്‍ വിശ്വാസിയായ മനുഷ്യനെ, ദൈവത്തില്‍ തിരിച്ചെത്തുന്നതിനു തീക്ഷ്ണമായാഗ്രഹിക്കുന്ന മനുഷ്യനെ പ്രതിനിധാനം ചെയ്യുന്നു. ജീവിതത്തില്‍ ഹൃദയത്തെ മന്ദീഭവിപ്പിക്കാത്ത മനുഷ്യരുടെ ചിത്രത്തെ അവര്‍ പ്രതിഫലിപ്പിക്കുന്നു.

ദൈവത്തിനായുള്ള ദാഹം വിശ്വാസിയുടെ ഹൃദയത്തില്‍ ഉളവാകുന്നു, കാരണം സുവിശേഷം ഗതകാലസംഭവമല്ല, പ്രത്യുത, വര്‍ത്തമാനകാലത്തിന്‍റെതാണ്. ജീവിതത്തെ തരംതാഴ്ത്തുന്നതിനും ഫലരഹിതമാക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും മുന്നില്‍ കണ്ണു തുറന്നു പിടിക്കാന്‍ നമ്മെ സഹായിക്കുന്നു ദൈവത്തിനായുള്ള പരിശുദ്ധമായ ദാഹം. നാശത്തിന്‍റെ നിരവധിയായ പ്രവാചകര്‍ക്കെതിരെ സമരംചെയ്യുന്ന വിശ്വാസിയുടെ സ്മരണയാണ് ദൈവത്തിനായുള്ള ഈ നിര്‍മ്മല ദാഹം. ഈ അഭിവാഞ്ഛയാണ് കര്‍ത്താവായ യേശുവേ വരേണമെ എന്ന് ആഴ്ചതോറും വിളിച്ചപേക്ഷിക്കുന്ന വിശ്വാസീസമൂഹത്തിന്‍റെ പ്രത്യാശയെ സജീവമായി നിലനിറുത്തുന്നത്. ‌

ഈ ദാഹമാണ് രക്ഷകനെ കയ്യിലേന്താന്‍ കഴിയുന്നതുവരെ ജീവന്‍ അവസാനിക്കില്ല എന്ന ഉറപ്പോടെ അനുദിനം ദോവാലയത്തില്‍ പോകാന്‍ വൃദ്ധനായ ശിമയോന് ഉത്തേജനം പകര്‍ന്നത്. വിനാശകരമായ ഒരു മനോഭാവത്തില്‍ നിന്നു പുറത്തുകടക്കാനും സ്വപിതാവിന്‍റെ കരങ്ങളന്വേഷിക്കാനും മുടിയനായ പുത്രനെ പ്രേരിപ്പിച്ചതും ഈ ദാഹമാണ്. കാണാതെ പോയ ഒരാടിനെ അന്വേഷിക്കാന്‍ 99 ആടുകളെയും വിട്ട് പോയപ്പോള്‍ ഇടയന്‍റെ ഹൃദയത്തില്‍ അനുഭവപ്പെട്ടതും ഈ ദാഹമാണ്. ഞായറാഴ്ച പ്രഭാതത്തില്‍ കല്ലറയിങ്കലേക്കോടിപ്പോകുകയും ഉത്ഥിതനായ നാഥനെ കാണുകയും ചെയ്ത മഗ്ദലന മറിയത്തിന് അനുഭവപ്പെട്ടതും ഈ അഭിവാഞ്ഛതന്നെയാണ്. ഒന്നിനും മാറ്റം വരില്ല എന്ന ചിന്തയിലേക്കു നമ്മെ നയിക്കുന്ന ക്ലിപ്തതയുടെ വേലിക്കെട്ടുകള്‍ക്കു പുറത്തേക്ക് ഈ ദാഹം നമ്മെ കൊണ്ടുവരുന്നു. മടുപ്പുളവാക്കുന്നതായ പതിവാചാരനിഷ്ഠകളുടെതായ മനോഭാവത്തെ ഈ ദാഹം ഭേദിക്കുകയും നാം ദാഹിക്കുന്നതും നമുക്കാവശ്യവുമായ മാറ്റത്തിനായി പരിശ്രമിക്കാന്‍ നമുക്കുത്തേജനം പകരുകയും ചെയ്യും. ദൈവത്തിനായുള്ള ഈ ദാഹത്തിന്‍റെ വേരുകള്‍ ഗതകാലത്തിലാണെങ്കിലും അത് അവിടെ ഒതുങ്ങി നില്ക്കുന്നില്ല: അത് ഭാവി അന്വേഷിച്ചിറങ്ങുന്നു. ദൈവത്തിനായി ദാഹിക്കുന്ന വിശ്വാസി വിശ്വാസത്താല്‍ പ്രേരിതനായി, പൂജരാജാക്കാളെ പോലെ, ചരിത്രത്തിന്‍റെ  വിദൂര ദിക്കുകളിലേക്ക് ദൈവത്തെ അന്വേഷിച്ചു പോകുന്നു., കാരണം കര്‍ത്താവ് അവിടെ തങ്ങളെ കാത്തിരിക്കുന്നുവെന്ന് അവര്‍ക്കറിയാം. കര്‍ത്താവുമായി കണ്ടുമുട്ടുന്നതിന് പ്രാന്തങ്ങളിലേക്ക്, അതിരുകളിലേക്ക്, സുവിശേഷവത്കൃതമല്ലാത്ത ഇടങ്ങളിലേക്ക് പോകുന്നു. അധീശത്വഭാവത്തോടെയല്ല, മറിച്ച്, ഭിക്ഷാംദേഹികളെ പോലെയാണ്.

ബത്ലഹേമില്‍ നിന്ന് എതാനും നാഴികകള്‍ മാത്രം അകലെയുള്ള ഹേറൊദേസിന്‍റെ  കൊ​ട്ടാരത്തില്‍ നിലനിന്നിരുന്നത് ഇതിനു കടകവിരുദ്ധമായ ഒരു മനോഭാവമായിരുന്നു. സംഭവിച്ചുകൊണ്ടിരുക്കന്നവയെക്കുറിച്ചൊരവബോധം അവര്‍ക്കുണ്ടായില്ല. ജ്ഞാനികള്‍ യാത്രയിലായരുന്നപ്പോള്‍ ജറുസലേം ഉറക്കത്തിലായിരുന്നു. അന്വേഷിക്കുന്നതിനു പകരം ഉറങ്ങുകയായിരുന്ന ഹേറോദിനൊപ്പം ഉറക്കത്തിലാണ്ടു. പഴുത്ത കമ്പികൊണ്ടുള്ള പൊള്ളലേറ്റ മനസ്സാക്ഷിയുടെ ബോധക്ഷയത്തില്‍ ഉറങ്ങുകയായിരുന്നു. സംഭ്രാന്തിയും ഭയവും ഹേറോദേസിനെ കിഴടക്കിയിരുന്നു. ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്ന പുതുമയ്ക്കുമുന്നിലുണ്ടാകുന്ന ഈ സംഭ്രാന്തി അതില്‍ത്തന്നെയും അതിന്‍റെ നേട്ടങ്ങളിലും അതിന്‍റെ അറിവുകളിലും സ്വയം തളച്ചിടുന്നതാണ്. അത് സ്വന്തം സമ്പത്തിന്മേല്‍ ഇരിക്കുകയും അതിനപ്പുറം കാണാന്‍ പുറത്തേക്കിറങ്ങാതിരിക്കുകയും ചെയ്യുന്നവന്‍റെ സംഭ്രാന്തിയാണ്. സകലത്തെയും സകലരെയും സ്വന്തം ആധിപത്യത്തിലാക്കാന്‍ ശ്രമിക്കുന്നവന്‍റെ ഹൃദയത്തില്‍ പിറവിയെടുക്കുന്നതാണത്. എന്തുവിലകൊടുത്തും നേട്ടം കൊയ്യുന്ന സംസ്കൃതിയില്‍ ആമഗ്നനായവന്‍റെ സംഭ്രാന്തി. ഈ സംസ്കാരത്തില്‍ എന്തു വിലകൊടുത്തും വിജയം വരിക്കുന്നവര്‍ക്കുമാത്രമെ ഇടമുള്ളു. നമ്മെ ചോദ്യം ചെയ്യുന്നവയുടെയും നമ്മുടെ സുരക്ഷിതത്വങ്ങളെയും സത്യത്തെയും ലോകത്തോടും ജീവിതത്തോടും ബന്ധംപുലര്‍ത്തുന്ന രീതിയെയും വെല്ലുവിളിക്കുന്നവയുടെയും മുന്നിലുള്ള ഭീതിയിലും ആപല്‍സൂചനകളിലും നിന്നുയരുന്ന സംഭ്രാന്തിയാണത്. ഹേറോദേസ് പേടിച്ചു. ആ ഭയം അവനെ കുറ്റകൃത്യത്തില്‍ സുരക്ഷിതത്വം തേടാന്‍ പ്രേരിപ്പിച്ചു. “ കുഞ്ഞുങ്ങളെ അവരുടെ ശരീരങ്ങളില്‍ നീ കൊന്നു, കാരണം ഭയം നിന്‍റെ ഹൃദയത്തെ കൊല്ലുന്നു.”

ഞങ്ങള്‍ക്ക് ആരാധിക്കണം. കിഴക്കു നിന്നു വന്ന ആ മനുഷ്യര്‍ ആരാധിക്കാന്‍ വന്നവരാണ്. ഒരു രാജാവിന്‍റെ ഇടമായ കൊട്ടാരത്തിലാണ് അവര്‍ അതിനായി വന്നത്. ഇത് ശ്രദ്ധേയമാണ്. അവരുടെ അന്വേഷണത്താല്‍ അവര്‍ എത്തിച്ചേര്‍ന്ന ഇടമായിരുന്നു അത്. അതായിരുന്നു ഉചിതമായ സ്ഥാനം. രാജാവ് രാജകൊട്ടാരത്തില്‍ ജനിക്കുകയും അനുചരരും പ്രജകളും ഉണ്ടായിരിക്കുകയും ചെയ്യും. അധികാരത്തിന്‍റെയും നേട്ടത്തിന്‍റെയും വിജയമാര്‍ന്ന ജീവിതത്തിന്‍റെയും അടയാളം. രാജാവ് വണങ്ങപ്പെടുകയും പുകഴ്ത്തപ്പെടുകയും രാജാവിനെ ഭയപ്പെടുകയും ചെയ്യുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം. അതു ശരിതന്നെ, എന്നാല്‍ ആ രാജാവ് സ്നേഹിക്കപ്പെടണമെന്നില്ല. ഇതാണ് ലോകത്തിന്‍റെ ചട്ടക്കൂട്, നാം പൂജിക്കുന്ന കൊച്ചു വിഗ്രഹങ്ങള്‍. അധികാരത്തിന്‍റെയും ഉപരിപ്ലവതയുടെയും ആധിപത്യത്തിന്‍റെയും ബിംബങ്ങള്‍. ഈ വിഗ്രഹങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ദു:ഖവും അടിമത്തവും ഭീതിയുമാണ്.

ദൂരെ നിന്നെത്തിയ ആ മനുഷ്യര്‍ ഏറ്റം ദൈര്‍ഘ്യമേറിയ യാത്ര ആരംഭിക്കേണ്ടിയിരിക്കുന്നത് വാസ്തവത്തില്‍ അവിടെ നിന്നാണ്. സാഹസികവും സങ്കിര്‍ണ്ണവുമായ യാത്ര അവിടെനിന്ന് അവര്‍ ധൈര്യപൂര്‍വ്വം ആരംഭിക്കുന്നു. തങ്ങള്‍ അന്വേഷിച്ചത് രാജകൊട്ടാരത്തിലല്ല ഭൂമിശാസ്ത്രപരമായും അസ്തിത്വപരമായും മറ്റെവിടെയൊ ആണെന്ന് കണ്ടെത്തുക. സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവത്തെ കണ്ടെത്തുന്നതിലേക്കു നയിക്കുകയായിരുന്ന നക്ഷത്രം അവര്‍ ആ മന്ദിരത്തില്‍ കണ്ടില്ല. നിഷ്ഠൂരഭരണത്തിന്‍റയല്ല സ്വാതന്ത്ര്യത്തിന്‍റെ അടയാളത്തിന്‍ കീഴില്‍ മാത്രമെ അതു സാധിക്കുകയുള്ളു. ആഗ്രഹിക്കപ്പെടുകയും അജ്ഞാതവുമായ ഈ രാജാവിന്‍റെ വദനം നമ്മെ നിന്ദിക്കുകയും അടിമയാക്കുകയും തടവിലാക്കുകയും ചെയ്യുന്നതല്ല എന്ന് കണ്ടെത്തുക. ദൈവത്തിന്‍റെ നോട്ടം നമ്മെ ഉയര്‍ത്തുകയും നമ്മോടു പൊറുക്കുകയും നമ്മെ സുഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കണ്ടെത്തുക. നാം ഒരു പക്ഷേ ആഗ്രഹിക്കാത്തതായ, അല്ലെങ്കില്‍ പലപ്പോഴും നാം ദൈവത്തെ നിഷേധിക്കുന്നതായ, പ്രതീക്ഷിക്കപ്പെടാത്തിടത്ത് ജാതനാകാന്‍ ദൈവം തിരുമനസ്സായി എന്നു കണ്ടെത്തുക. മുറിവേറ്റവര്‍ക്കും, പരിക്ഷീണിതര്‍ക്കും, അപമര്യാദയായ പെരുമാറ്റങ്ങള്‍ക്കിരകളാകുന്നവര്‍ക്കും പരിത്യക്തര്‍ക്കും ദൈവത്തിന്‍റെ നോട്ടത്തില്‍ ഇടമുണ്ടെന്ന് മനസ്സിലാക്കുക. അവിടത്തെ ശക്തിയുടെയും അധികാരത്തിന്‍റെയും നാമം കാരുണ്യമാണ്. ചിലര്‍ക്ക് ജറുസലേം ബത്ലഹേമില്‍ നിന്ന് എത്ര അകലെയാണ്!

ഹേറൊദേസിന് ആരാധിക്കാന്‍ കഴിഞ്ഞില്ല, കാരണം അദ്ദേഹം സ്വന്തം കാഴ്ചപ്പാടുകളെ മാറ്റില്ലായിരുന്നു, മാറ്റാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ആത്മാരാധന അവസാനിപ്പിക്കാന്‍ ഹേറൊദേസിനാകുമായിരുന്നില്ല. സകലവും തന്നില്‍ നിന്നു തുടങ്ങുകയും സകലവും തന്നോടൊപ്പം അവസാനിക്കുകയും ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. തന്നെ മറ്റുള്ളവര്‍ ആരാധിക്കണം എന്നതായിരുന്നു ഹേറൊദേസിന്‍റെ ലക്ഷ്യം, ആകയാല്‍ അദ്ദേഹത്തിന് ആരാധന സാധ്യമായിരുന്നില്ല. പുരോഹിതര്‍ക്കും ആരാധിക്കാന്‍ കഴിഞ്ഞില്ല. ഏറെക്കാര്യങ്ങളും പ്രവചനങ്ങളും അറിയാമായിരുന്നെങ്കിലും  യാത്രചെയ്യാനൊ മാറ്റം വരുത്താനൊ അവര്‍ സന്നദ്ധരായിരുന്നില്ല.

പൂജരാജാക്കന്മാര്‍ ദൈവത്തിനായി ദാഹിച്ചു. പതിവുകാര്യങ്ങള്‍ അവര്‍ ഇനി മുതല്‍ വേണ്ടെന്നുവച്ചു. അവരുടെ കാലത്തെ ഹേറൊദേസിനെ അടുത്തറിയാമായിരുന്ന അവര്‍ മടുത്തു. എന്നാലിതാ, ബത്ലഹേമില്‍ പുതുമയുടെ ഒരു വാഗ്ദാനം, സൗജന്യത്തിന്‍റെ ഒരു വാഗ്ദാനം. നവ്യമായതെന്തൊ സംഭവിക്കുന്നു. യാത്രചെയ്യാന്‍ ധൈര്യമുണ്ടായ ജ്ഞാനികള്‍ക്ക് ആരാധിക്കാന്‍ സാധിച്ചു. ദരിദ്രനും പ്രതിരോധിക്കാന്‍ കഴിയാത്തവനുമായ ശിശുവിനു മുന്നില്‍, അസാധാരണവും അജ്ഞാതനുമായ ബത്ലഹേമിലെ ശിശുവിന്‍റെ മുന്നില്‍ മുട്ടുകുത്തിയപ്പോള്‍ അവിടെ അവര്‍ ദൈവത്തിന്‍റെ  മഹത്വം കണ്ടെത്തി.

    








All the contents on this site are copyrighted ©.