2017-01-02 12:26:00

ദൈവിക യുക്തി:സമാഗമത്തിന്‍റെയും സാമീപ്യത്തിന്‍റെയും - പാപ്പാ


പാപത്തിനും ലജ്ജയ്ക്കും മുറിവുകള്‍ക്കും ക്ലേശത്തിനും അവഗണനയ്ക്കുമല്ല ദൈവമക്കളുടെ മേല്‍ അവസാന വാക്ക് എന്ന ദൈവികയുക്തി സ്വന്തമാക്കാന്‍ പുല്‍ക്കൂടു നമ്മെ ക്ഷണിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ദൈവമാതൃത്വത്തിരുന്നാളിന്‍റെ തലേദിനവും വര്‍ഷാന്ത്യദിനവും ആയിരുന്ന ശനിയാഴ്ച (31/12/116) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നയിച്ച സായാഹ്ന പ്രാര്‍ത്ഥനാവേളയില്‍ നടത്തിയ വചനസമീക്ഷയിലായിരുന്നു ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

ഈ ദൈവിക യുക്തി ആനുകൂല്യങ്ങളിലൊ “എന്‍പിള്ള നയത്തിലൊ” കേന്ദ്രീകൃതമല്ലെന്നും അത് സാമാഗമത്തിന്‍റെയും സാമീപ്യത്തിന്‍റെയും അടുത്തേക്കു വരലിന്‍റെയും യുക്തിയാണെന്നും പാപ്പാ വിശദീകരിച്ചു.

ഒരു വിഭാഗത്തിന് ആനുകൂല്യങ്ങളേകുന്നതും മറ്റൊരുവിഭാഗത്തെ അവഗണിക്കുന്നതുമായ യുക്തിവെടിയാന്‍ പുല്‍ക്കൂടു നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, ദൈവം ക്രിസ്തുവില്‍ മനുഷ്യനായിത്തീരുകയും സകലത്തിലും നമ്മുടെ അവസ്ഥ സ്വീകരിക്കുകയും ഒരാശയത്തിലൊതുങ്ങിനില്‍ക്കാതെ എല്ലാവരുടെയും ചാരത്തായിരിക്കാന്‍ തിരുമനസ്സാകുകയും ചെയ്തുവെന്ന് അനുസ്മരിച്ചു.

നമ്മുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാനും തെറ്റുകളെ തരണം ചെയ്ത് മെച്ചപ്പെടാനും നമുക്ക് പുല്‍ക്കൂട്ടില്‍ നിന്നുള്ള ഉണ്ണിയേശുവിന്‍റെ വെളിച്ചം ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.








All the contents on this site are copyrighted ©.