2016-12-31 12:14:00

ലൊസ്സെര്‍വത്തൊരെ റൊമാനൊയുടെ നവീകൃത സാന്നിധ്യം അര്‍ജന്തീനയില്‍


തന്‍റെ ജന്മനാടായ അര്‍ജന്തീനയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ ദിനപ്പത്രമായ ലൊസ്സെര്‍വത്തൊരെ റൊമാനൊയുടെ ആഴ്ച്ചപ്പതിപ്പ് പ്രാദേശികസഹകരണത്തോടെ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയതില്‍ ഫ്രാന്‍സീസ് പാപ്പാ തന്‍റെ ആനന്ദവും അഭിനന്ദനവും അറിയിച്ചു.

സ്വന്തം കൈപ്പടയില്‍, അതായത്, കൈറോഗ്രാഫായി, പാപ്പാ എഴുതിയ അഭിനന്ദന-ആനന്ദപ്രകടന സന്ദേശം 2016ന്‍റെ ഉപാന്ത്യദിനത്തില്‍, വെള്ളിയാഴ്ച (30/12/16) പുറത്തിറങ്ങിയ ഈ വാരികയില്‍ ആദ്യതാളില്‍ത്തന്നെ ചേര്‍ത്തിട്ടുണ്ട്.

പാപ്പായുടെ ശുശ്രൂഷയെക്കുറിച്ച് നേരിട്ടറിയാന്‍ പരിശുദ്ധസിംഹാസനത്തിന്‍റെ   ഈ ആനുകാലികപ്രസിദ്ധീകരണം വഴി ജനങ്ങള്‍ക്കു സാധിക്കുമെന്നതിലുള്ള തന്‍റെ   സംതൃപ്തി പ്രകടിപ്പിക്കുന്ന ഫ്രാന്‍സീസ് പാപ്പാ ദൈവരാജ്യത്തെപ്രതിയുള്ള ഈ പ്രസിദ്ധീകരണത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ത്താവിന്‍റെ അനുഗ്രഹങ്ങള്‍ പ്രാര്‍ത്ഥിക്കുകയും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന് അനുവാചകരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

അര്‍ജന്തീനയില്‍ 1951 മുതല്‍ “ലൊസ്സെര്‍വത്തൊരെ റൊമാനൊയുടെ” സാന്നിധ്യമുണ്ടെങ്കിലും ഇപ്പോള്‍ വാരികയായി പ്രൊട്ടസ്റ്റന്‍റ് ബൈബിള്‍ പണ്ഡിതനായ മര്‍സേലൊ ഫിഗ്വാറൊവയുടെ (Marcelo Figueroa). നേതൃത്വത്തില്‍ പ്രാദേശികസഹകരണത്തോടെ ഇറങ്ങുന്നത് നവീകൃത സാന്നിധ്യമായി കാണപ്പെടുന്നു.

ലൊസ്സെര്‍വത്തൊരെ റൊമാനൊയുടെ മലയാളത്തിലുള്ള ആഴ്ച്ചപ്പതിപ്പ് തിരുവനന്തപുരത്തു നിന്ന് കാര്‍മല്‍ പബ്ലിക്കേഷന്‍സിന്‍റെ അന്താരാഷ്ട്രവിഭാഗം പുറത്തിറക്കുന്നുണ്ട്.








All the contents on this site are copyrighted ©.