2016-12-30 12:33:00

ഫ്രാന്‍സീസ് പാപ്പായുടെ പ്രശാന്തത


80 വയസ്സായ ഫ്രാന്‍സീസ് പാപ്പായുടെ ശാന്തത തന്നെ സ്പര്‍ശിക്കുന്നുവെന്ന് ഇറ്റാലിയന്‍ ഭാഷയില്‍ ഈശോസഭ പ്രസിദ്ധീകരിക്കുന്ന ദ്വൈവാരികയായ “ചിവില്‍ത്താ   കത്തോലിക്ക”യുടെ പത്രാധിപര്‍ ഈശോസഭാവൈദികനായ അന്തൊണിയൊ സ്പദാറൊ.

2016 അവസാനിക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ സഭാഭരണത്തിലെ സവിശേഷതകളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

തനിക്ക് അനിഷ്ടകരമായവ സംഭവിക്കുമ്പോള്‍ പോലും പ്രശാന്തനായി കാണപ്പെടുന്ന പാപ്പാ ഒരിക്കലും സമാധാനം കൈവിടുന്നില്ലയെന്നും തീക്ഷ്ണമായ പ്രാര്‍ത്ഥനയാണ് പാപ്പായ്ക്ക് ഈ മഹാശാന്തതയേകുന്നതെന്നും ഫാദര്‍ സ്പദാറൊ കൂട്ടിച്ചേര്‍ത്തു.

വിവേചന ശക്തിയും കാരുണ്യവും പാപ്പായുടെ സഭാഭരണത്തിന്‍റെ സവിശേഷ ഘടകങ്ങളായി ചൂണ്ടിക്കാട്ടിയ അദ്ദേഹം സഭയുടെ ആന്തരിക നവീകരണം, പ്രേഷിത നവീകരണം എന്നിവ ഈ കാരുണ്യത്തില്‍ അന്തര്‍ലീനമാണെന്നും കര്‍ത്താവിന്‍റെ സ്നേഹത്തില്‍ നിന്ന് ഒരിക്കലും യാതൊന്നിനും നമ്മെ അകറ്റാനാകില്ല എന്നറിയുകയാണ് കാരുണ്യമെന്നും ദൈവത്തിന്‍റെ ഹൃദയത്തിന്‍റെയും സഭയുടെയും വാതിലുകള്‍ സദാ തുറന്നുകിടക്കുന്നു എന്നാണ് കാരുണ്യം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.    








All the contents on this site are copyrighted ©.