2016-12-29 08:49:00

“തെയ്സ്സെ” ഒരു വിശ്വാസതീര്‍ത്ഥാടനം : ബ്രദര്‍ ആലോയ്സ്


“തെയ്സ്സെ”  വിശ്വാസ തീര്‍ത്ഥാടനമാണ് പ്രസ്ഥാനത്തിന്‍റെ തലവനും ആത്മീയനേതാവുമായ ബ്രദര്‍ ആലോയിസ് പ്രസ്താവിച്ചു.

ഡിസംബര്‍ 28-Ɔ൦ തിയതി ബുധനാഴ്ച ബാള്‍ട്ടിക് രാജ്യമായ ലാത്വിയയുടെ തലസ്ഥാനത്ത് റീഗായില്‍ ആരംഭിച്ച തെയ്സെ രാജ്യാന്തര സംഗമത്തെ സംബന്ധിച്ച് നല്കിയ വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെയാണ് അദ്ദേഹം പ്രസ്താനത്തെ വിശേഷിപ്പിച്ചത്.  ഡിസംബര്‍ 28-‍Ɔ൦ തിയതി ബുധാനാഴ്ച മുതല്‍ 2017 ജനുവരി 1-വരെയാണ് സംഗമം നടക്കുന്നത്. അന്‍പതിനായിരത്തില്‍ അധികം യുവജനങ്ങളെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. “ഭൂമിയിലെ വിശ്വാസ തീര്‍ത്ഥാടനം,” എന്നാണ് എല്ലാവര്‍ഷവും വ്യത്യസ്ത രാജ്യങ്ങളില്‍ സംഗമിക്കുന്ന സംഗമം ശീര്‍ഷകംചെയ്തിരിക്കുന്നത്. 

ബ്രദര്‍ റോജര്‍ 72 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫ്രാന്‍സിന്‍റെ വടക്കെ അതിര്‍ത്തിയിലെ തെയ്സ്സെ (Taize) ഗ്രാമത്തില്‍ ഈ പ്രാര്‍ത്ഥനാസമൂഹത്തിന് രൂപംനല്കിയത്. ജീവിതത്തില്‍ അര്‍ത്ഥം തേടുന്ന ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് തെയ്സ്സേ മാര്‍ഗ്ഗദീപമാവുകയും അവരെ ദൈവവുമായി അടുപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിലേയ്ക്കുള്ള യുവജനങ്ങളുടെ ആത്മീയയാത്രയെ തുണയ്ക്കുവാനാണ് ബ്രദര്‍ റോജര്‍ തെയ്സ്സേ ‘വിശ്വാസ തീര്‍ത്ഥാടനം’ ആരംഭിച്ചത്.

സുവിശേഷശാന്തിയുടെയും അനുരഞ്ജനത്തിന്‍റെയും പതറാത്ത സാക്ഷികളും സഭൈക്യ സംവാദത്തിന്‍റെ പ്രേഷിതരുമായിക്കൊണ്ട് യുവജനങ്ങള്‍ ലോകത്ത് കൂട്ടായ്മയുടെ പ്രയോക്താക്കളാകണമെന്നാണ് “തെയ്സ്സെ”  പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബ്രദര്‍ റോജര്‍ ലക്ഷൃംവച്ചത്. അദ്ദേഹം സ്വജീവിതത്തിലൂടെ സാക്ഷൃപ്പെടുത്തിയ സഭൈക്യത്തിന്‍റെ ആത്മീയത സ്വാംശീകരിച്ച് ഐക്യത്തിന്‍റെ പ്രായോജകരാകാന്‍ തെയ്സ്സേ ഇന്നും യുവജനങ്ങനെ ക്ഷണിക്കുന്നു. അനുരഞ്ജനത്തിലൂടെ ആര്‍ജ്ജിക്കേണ്ട യഥാര്‍ത്ഥവും പ്രകടവുമായ സഭകളുടെ ഐക്യത്തിനായുള്ള നിരന്തരമായ പരിശ്രമം  (Ecumenical efforts)  ‘തെയ്സ്സേ’ അര്‍പ്പണത്തോടെ തുടരുകയാണ്.

സ്ഥാപകനായ ബ്ര‍ദര്‍ റോജര്‍ 2005 ആഗസ്റ്റ് 16-ന് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജര്‍മ്മന്‍കാരനായ ബ്രദര്‍ ആലോയിസ് തെയ്സേയുടെ തലവാനായി സ്ഥാനമേറ്റത്.  

ജീവിതചുറ്റുപാടുകളില്‍ നമ്മെ സഭൈക്യത്തിന്‍റെയും കൂട്ടായ്മയുടെയും കൂട്ടുത്തരവാദികളാക്കുന്നത് ദൈവമാണെന്ന്. ക്രിസ്തുവിന്‍റെ മൗതിക ശരീരത്തിലെ കൂട്ടായ്മയിലേയ്ക്ക് മറ്റുള്ളവരെയും ക്ഷണിക്കുകയെന്നത് ക്രൈസ്തവന്‍റെ വെല്ലുവിളിയാണ്. സകല ജനതകളോടും സുവിശേഷം പ്രഘോഷിക്കാന്‍ നമ്മുടെ കഴിവുകള്‍ കോര്‍ത്തിണക്കുന്ന സഭാ കൂട്ടായ്മയുടെ ദിവ്യരഹസ്യം യാഥാര്‍ത്ഥ്യമാക്കുന്നത് പരിശുദ്ധാത്മാവാണ്. കൂട്ടായ്മയുടെ ദിവ്യരഹസ്യത്തിലുള്ള പ്രത്യാശ കൈവെടിയാതെ ഇനിയും ക്രിസ്തുവിനെ പ്രഘോഷിക്കാം.

ഈ ലോകത്തുള്ള ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രകാശമാകാനും പ്രകാശമേകാനും നാം മടിക്കരുത്. വെളിച്ചമില്ലാത്തിടത്ത് വെളിച്ചമാകാന്‍ നിങ്ങളെ അയക്കുന്നത് ക്രിസ്തുവാണ്. ഭൂമിയുടെ വിഭവങ്ങള്‍ നീതിപൂര്‍വ്വകമായും തുല്യമായും പങ്കുവയ്ക്കുന്ന വ്യവസ്ഥിതിക്കായി പരിശ്രമിക്കുകയും, അര്‍പ്പണത്തോടെ മുന്നേറുകയും ചെയ്യുമ്പോള്‍ ദൈവത്തിങ്കലേയ്ക്കും സഹോദരങ്ങളിലേയ്ക്കും ഒരുപോലെ നമ്മെ അടുപ്പിക്കുന്ന സുവിശേഷ മൂല്യങ്ങള്‍ പ്രഘോഷിക്കപ്പെടാന്‍ ഇടയാകും. ബ്രദര്‍ ആലോയ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.