2016-12-26 14:04:00

‘മാള്‍ട്ടയുടെ അല്‍മായസഖ്യ’ത്തിലെ പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ പേപ്പല്‍ കമ്മിഷന്‍


‘മാള്‍ട്ടയുടെ സമുന്നത സൈന്ന്യം’ (Sovereign Military Order of Malta) എന്ന് അറിയപ്പെടുന്ന അല്‍മായ സന്ന്യാസ സമൂഹത്തിലെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് അഞ്ച്- അംഗ-കമ്മിഷനെ നിയോഗിച്ചു.

അല്‍മായ സഖ്യത്തിന്‍റെ മേലധികാരികളില്‍ ഒരാളായ ഗ്രാന്‍ഡ് ചാന്‍സിലര്‍, ആല്‍ബര്‍ട് ഫ്രയര്‍ ബോസിലാജറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് പുറത്താക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ചേരിതരിവുകള്‍ പ്രസ്ഥാനത്തില്‍ ഉണ്ടായിരിക്കുന്നത്. പ്രസ്ഥാനത്തിന്‍റെ മേല്‍നോട്ടത്തില്‍ ചില രാജ്യങ്ങളില്‍ നടക്കുന്ന ഉപവിപ്രവര്‍ത്തനങ്ങളില്‍ സഖ്യത്തിന്‍റെ നിയമങ്ങള്‍ക്ക് വിപരീതമായി ക്രമക്കേടുകള്‍ ആരോപിച്ചാണ് ഗ്രാന്‍ചാന്‍സലര്‍ ബോസിലാജരെ സമൂഹത്തിന്‍റെ സമുന്നത മേലധികാരി, ഗ്രാന്‍ഡ് മാസ്റ്റര്‍, മാത്യു ഫെസ്റ്റിങ്ങ് പുറത്താക്കിയത്. പ്രസ്ഥാനത്തിന്‍റെ വൈദ്യസഹായകാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിച്ചിരുന്നു ബോസിലാജര്‍.

പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയായി അമേരിക്കക്കാരനായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബേര്‍ക്കാണ് (68) ഈ സമൂഹത്തിന്‍റെ രക്ഷാധികാരി. അല്‍മായ സമൂഹത്തില്‍ ക്രമസമാധാനം കൈവരിക്കാനും ക്രിസ്തുവിനോടും സഭയോടുമുള്ള വിശ്വസ്തതയിലേയ്ക്കും കൂട്ടായ്മയിലേയ്ക്കും അംഗങ്ങളെ തിരിച്ചുകൊണ്ടുവരുവാനുമാണ് ഡിസംബര്‍ 22-ന് അന്വേഷണ കമ്മിഷനെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്. 

വത്തിക്കാന്‍റെ യുഎന്നിലെ മുന്‍നിരീക്ഷകനും ഇപ്പോള്‍ നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള വത്തിക്കാന്‍റെ കൗണ്‍സിലിലെ അംഗവുമായ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, ഫാദര്‍ ജ്യാന്‍ഫ്രാങ്കോ ഗിലാന്താ, അഡ്വക്കേറ്റ് ഷാക് ദ ലീഡര്‍കേര്‍ക്, മാര്‍ക് ഓഡെന്‍റല്‍, മാര്‍വന്‍ സെനവോയ് എന്നിവരെയാണ് അന്വേഷണത്തിനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചിരിക്കുന്നത്. വിശ്വാസ സംരക്ഷണത്തിനായി സഭയോടു കൂറുപുലര്‍ത്തി ജീവിക്കുന്ന അല്‍മായ പ്രസ്ഥാനത്തിന്‍റെ സുസ്ഥിതിയില്‍ താല്പര്യമുള്ളതുകൊണ്ടാണ് പ്രശ്നപരിഹാരത്തിനായി പാപ്പാ കമ്മിഷനെ നിയോഗിച്ചത്.

ഡിസംബര്‍ 22-Ɔ൦ തിയതി വ്യാഴാഴ്ച പുറത്തുവിട്ട് വത്തിക്കാന്‍റെ പ്രസ്താവനയിലാണ് കമ്മിഷന്‍റെ നിയമനം സംബന്ധിച്ച വിവരങ്ങള്‍ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് വെളിപ്പെടുത്തിയത്.

1048-ല്‍ വിശ്വാസസംരക്ഷണത്തിനും വിശുദ്ധ സ്ഥലങ്ങളുടെ പരിരക്ഷണത്തിനുമായി കുരിശുയുദ്ധകാലത്ത് വാഴ്ത്തപ്പെട്ട ജെരാര്‍ഡ് ജരൂസലേമില്‍ സ്ഥാപിച്ച അല്‍മായര്‍ക്കായുള്ള  സന്ന്യാസ സമൂഹമാണ് മാ‌ള്‍ട്ടയുടെ സമുന്നത സൈന്യം (Sovereign Military Order of Malta). സ്ത്രീകളും പുരുഷന്മാരുമായി ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ട്. എണ്‍പതിനായിരം സന്നദ്ധസേവകരും, ഇരുപത്തയ്യായിരത്തോളം രോഗീപരിചാരകരും പ്രസ്ഥാനത്തിന്‍റെ ഭാഗമാണ്.  റോമിലാണ് ഇപ്പോള്‍ അതിന്‍റെ ആസ്ഥാനം.

 

 








All the contents on this site are copyrighted ©.