2016-12-22 20:33:00

വത്തിക്കാനിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍


ഡിസംബര്‍ 24-Ɔ൦ തിയതി ശനിയാഴ്ച പ്രാദേശികസമയം രാത്രി 9.30-ന്  (ഇന്ത്യന്‍ സമയം  ഞായറാഴ്ച വെളുപ്പിന് 2 മണിയായിരിക്കും)  പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ക്രിസ്തുമസ് ജാഗരാനുഷ്ഠാനവും ദിവ്യപൂജയും.    കലേന്ത എന്നു ഗ്രീക്കില്‍ പറയുന്ന തിരുപ്പിറവിയുടെ വചനപ്രഘോഷണത്തോടെയാണ് ക്രിസ്തുമസ് ജാഗരാനുഷ്ഠാനത്തിന്‍റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് എല്ലാവരോടുംചേര്‍ന്ന് ക്രിസ്തുമസ് ദിവ്യപൂജയര്‍പ്പിക്കും. വചനപ്രഘോഷണവും പാപ്പാതന്നെ നടത്തും.

ദിവ്യബലിയുടെ അന്ത്യത്തില്‍ ബസിലക്കയില്‍ ഒരുക്കിയിട്ടുള്ള പൂല്‍ക്കൂട്ടിലേയ്ക്ക് അള്‍ത്താര വേദിയില്‍നിന്നും ദിവ്യഉണ്ണിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പാപ്പായും വിവിധ രാജ്യക്കാരായ കൂട്ടികളും പ്രദക്ഷിണമായി നീങ്ങും. ഉണ്ണിയെ ബസിലിക്കയിലെ പുല്‍ക്കൂട്ടില്‍ കിടത്തിയിട്ട് പാപ്പാ ധൂപാര്‍ച്ചന നടത്തി, ചുംബിക്കും. തുര്‍ന്ന് കുട്ടികളും പാപ്പായോടു ചേര്‍ന്ന് ഉണ്ണിയ്ക്ക് പുഷ്പാര്‍ച്ചന നടത്തി വണങ്ങും.

ഡിസംബര്‍ 25-Ɔ൦ തിയതി ഞായറാഴ്ച ക്രിസ്തുമസ്മഹോത്സവനാളിലെ പ്രധാന ഇനം പാപ്പാ ഫ്രാന്‍സിസ് നല്ക്കുന്ന Urbi et Orbi  “നഗരത്തിനും ലോകത്തിനും എന്ന പ്രത്യേക സന്ദേശമാണ്.  ഞായറാഴ്ച പ്രദേശികസമയം മദ്ധ്യാഹ്നം 12 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്നുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം നല്കുന്നത്.

സമാധാനരാജാവായ ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ അനുസ്മരണത്തിനും ആഘോഷങ്ങള്‍ക്കുമിടയില്‍, ലോകം ഇന്നു നേരിടുന്ന പ്രശ്നങ്ങളിലേയ്ക്കും പ്രതിസന്ധികളിലേയ്ക്കും പാപ്പാ വിരല്‍ചൂണ്ടുകയും, ലോകത്തോട് സമാധാനത്തിനായി അഭ്യര്‍ത്ഥന നടത്തുകയും, പ്രാര്‍ത്ഥിക്കുകയുംചെയ്യുന്ന ശ്രദ്ധേയമായ ക്രിസ്തുമസ് പരിപാടിയാണിത് – ഊര്‍ബി എത് ഓര്‍ബി!

 








All the contents on this site are copyrighted ©.