2016-12-22 08:11:00

കോംഗോയുടെ സമാധാനത്തിനായി പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന


മദ്ധ്യാഫ്രിക്കന്‍ രാജ്യമായ കോംഗോയുടെ സമാധാനത്തിനായി പാപ്പാ ഫ്രാന്‍സിസ് പൊതുവായ അഭ്യര്‍ത്ഥന നടത്തി.

ഡിസംബര്‍ 21-Ɔ൦ തിയതി ബുധനാഴ്ച രാവിലെ വത്തിക്കാന്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് കോംഗോയുടെ അനുരഞ്ജനത്തിനും സമാധാനത്തിനുമായി പാപ്പാ പൊതുഅഭ്യര്‍ത്ഥന നടത്തിയത്.

രാഷ്ട്രീയ ഉത്തരവാദിത്ത്വമുള്ളവര്‍ ജനങ്ങളുടെ ക്ലേശങ്ങളോട് മനസാക്ഷിയുള്ളവരായിരിക്കണമെന്നും, ഈ ക്രിസ്തുമസ് നാളിലെങ്കിലും സമാധാനത്തിന്‍റെയും പ്രത്യാശയുടെയും വഴികള്‍ തുറക്കണമെന്നും പാപ്പാ അഭ്യാര്‍ത്ഥിച്ചു. തന്‍റെ തുടര്‍ന്നുള്ള പിന്‍തുണയും സ്നേഹവും പ്രാര്‍ത്ഥനയും കോംഗളീസ് ജനതയ്ക്കുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്‍റ് ജോസഫ് കബിലയുടെ ഭരണത്തില്‍ അപ്രീതി പ്രകടിപ്പിച്ച് പ്രതിപക്ഷവും വിമതകക്ഷികളും ചേര്‍ന്നു നടത്തുന്ന അഭ്യാന്തരകലാപങ്ങളില്‍ മരണമടയുകയും ക്ലേശിക്കുകയും ചെയ്യുന്ന നിര്‍ദ്ദോഷികളായ ജനങ്ങള്‍ക്കുവേണ്ടിയാണ് പാപ്പാ അഭ്യാര്‍ത്ഥന നടത്തിയത്.  പ്രസി‍ഡന്‍റ് കബീലയുമായി സെപ്തംബറിലും തുടര്‍ന്ന് ദേശീയ മെത്രാന്‍ സംഘത്തിന്‍റെ തലവാന്മാരുമായി നവംബറിലും വ്യക്തിപരമായി നടത്തിയ കൂടിക്കാഴ്ചകളുടെയും സംവാദത്തിന്‍റെയും വെളിച്ചത്തിലാണ് സമാധാനാഭ്യാര്‍ത്ഥന പാപ്പാ ലോകത്തോട് നടത്തിയത്.

പ്രസിഡന്‍റെ ജോസഫ് കബിലയുടെ കാലപരിധി ഡിസംബറില്‍ തീരുന്നതോടെ തിരഞ്ഞെടുപ്പു നടത്തേണ്ടിടത്ത്, 2018-ലേയ്ക്ക് അത് നീട്ടിവച്ചുകൊണ്ടുള്ള പ്രഖ്യാപനം ദേശീയ തിരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തിയതോടെയാണ്, ഭരണകൂടത്തിനെതിരായി രാജ്യത്ത് ആകമാനം, പ്രത്യേകിച്ച് തലസ്ഥാനനഗരമായ കിന്‍ഷാസിലും പരിസരത്തും കൊലയും കൊള്ളയും കൊള്ളിവയ്പും നടക്കുന്നത്.  








All the contents on this site are copyrighted ©.