2016-12-17 13:08:00

പാര്‍പ്പിടരഹിതര്‍ പിറന്നാള്‍ ആശംസകളുമായി പാപ്പായുടെ ചാരെ


പാപ്പായ്ക്ക് പാര്‍പ്പിടരഹിതരുടെ ജന്മദിനാശംസകള്‍.

ഭവനരഹിതരായ രണ്ടു സ്ത്രീകളും 6 പുരുഷന്മാരുമടങ്ങിയ സംഘമാണ് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തില്‍ ശനിയാഴ്ച(17/12/16) രാവിലെ എത്തി എണ്‍പതാം പിറന്നാളിന്‍റെ മംഗളങ്ങള്‍ നേര്‍ന്നത്.

പാപ്പായുടെ ദാനധര്‍മ്മാദികാര്യങ്ങളുടെ ചുമതലയുള്ള ആര്‍ച്ചുബിഷപ്പ് കൊണ്‍റാഡ് ക്രയേവ്സക്കിയാണ് ഇവരെ പാപ്പായുടെ പക്കലെത്തിച്ചത്.

സൂര്യകാന്തിപ്പൂക്കള്‍കൊണ്ടുള്ള മൂന്നു മഞ്ജരികള്‍ അവര്‍ പാപ്പായ്ക്ക് സമ്മാനിച്ചു.

പാപ്പാ അവരെ ഊട്ടുമുറിയിലേക്കാനയിച്ച് പ്രാതല്‍ നല്കുകയും അവരോടു സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നായി പാപ്പായ്ക്കുള്ള ജന്മദിനാശംസകള്‍ വത്തിക്കാനിലേക്കു പ്രവഹിക്കുകയാണ്.

ശനിയാഴ്ച രാവിലെ വരെ മാത്രം 50000 ത്തിലേറെ ഈ മെയില്‍ പിറന്നാളാംശംകളെത്തിയിരുന്നു.

അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ് ബരാക് ഒബാമയുള്‍പ്പടെയുള്ള പ്രമുഖ വ്യക്തികളും പാപ്പായ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

സഹാനുഭൂതിയുടെയും പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശംകൊണ്ട് ലോകജനതയ്ക്ക് പ്രചോദനമേകിയതിനും ലോകം എപ്രകാരമായിരിക്കണം എന്ന് കാണിച്ചു തന്നതിനും ഫ്രാന്‍സീസ് പാപ്പായ്ക്ക് ബരാക്ക് ഒബാമ തന്‍റെ സന്ദേശത്തില്‍ നന്ദി പറയുകയും ചെയ്യുന്നു.

തന്‍റെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ഔപചാരിക കൂടിക്കാഴ്ച അനുവദിച്ചവരില്‍ മാള്‍ട്ടയുടെ പ്രസിഡന്‍റ് ശ്രീമതി മരീ ലൂയി കൊളെയിരൊ പ്രേക്കയും ഉള്‍പ്പെടുന്നു.

 








All the contents on this site are copyrighted ©.