2016-12-17 13:28:00

ദൈവഹിതം തിരിച്ചറിയാം! രക്ഷയുടെ വഴിയൊരുക്കാം!!


പുതിയ നിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പത്രാധിപരുമായ റവറെന്‍റ് ഡോക്ടര്‍ ജേക്കബ് നാലുപറ എം.സി.ബി.എസ്സി-ന്‍റെ വചനവിചിന്തനമാണിത്.

ചെറുപ്പക്കാരായ ഒരു ഭര്‍ത്താവും ഭാര്യയും, യുവദമ്പതികള്‍... അതു ജീസസ് യൂത്തിലെ അംഗങ്ങളാണ്. പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും വളരെ ആഴപ്പെട്ടു ജീവിക്കുന്ന വ്യക്തികള്‍. കല്യാണം കഴിച്ചു. ആദ്യത്തെ കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിച്ചു. കാത്തിരുന്നു. ആദ്യത്തെ കുഞ്ഞു ജനിച്ചു. മുന്നോട്ടു പോയപ്പോള്‍ കുഞ്ഞിന് എന്തോ അപാകതയുള്ളതുപോലെ തോന്നി. ഒരു വര്‍ഷം കഴിയുമ്പഴാണ് മനസ്സിലാകുന്നത്. തങ്ങളുടെ കുഞ്ഞ് ‘ഓട്ടിസം’ ബാധിച്ച കുഞ്ഞാണെന്ന്. അത് അവരുടെ ജീവിതത്തെ ആകെ തകര്‍ത്തുകളഞ്ഞു. ആ പോരായ്മ സ്വീകരിച്ചുകൊണ്ടവര്‍ മുന്നോട്ടു പോയി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ കുഞ്ഞു ജനിക്കുകയാണ്. അവനും ജനിച്ചു കഴിഞ്ഞ് മുന്നോ‌ട്ടു പോകുമ്പോഴാണ് അപാകത മനസ്സിലായത്. ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ചറിയുകയാണ്. ഈ കുഞ്ഞിലും കാണുന്നു ‘ഓട്ടിസ’ത്തിന്‍റെ ലക്ഷണങ്ങള്‍. പിന്നെ ഇവര്‍ രണ്ടുപേരും തകര്‍ന്ന ഹൃദയത്തോടെ ചോദിക്കുന്നൊരു ചോദ്യമുണ്ട്. എന്ത്യേ, തമ്പുരാന്‍ ഞങ്ങളോട് ഇങ്ങനെ ചെയ്തു?

 

ജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ഇന്നത്തെ സുവിശേഷത്തില്‍ വലിയൊരു ജീവിതപ്രശ്നം അഭിമുഖീകരിക്കുകയാണ് യൗസേപ്പിതാണ്. ആ ജീവിതപ്രശ്നത്തെ എങ്ങനെയാണ് യൗസേപ്പിതാവ് പ്രതികരിക്കുന്നത്. രണ്ടു രീതിയിലുള്ള പ്രതികരണങ്ങളാണ് മുന്നോട്ടു വരുന്നത്. പ്രശ്നമിതാണ്. 18-Ɔമത്തെ തിരുവചനം പറയുന്നത്. അവിടുത്തെ മാതാവായ മറിയവും യൗസേപ്പും തമ്മിലുള്ള കല്യാണനിശ്ചയം കഴിഞ്ഞിരിക്കേ, അവര്‍ സഹവസിക്കുന്നതിനു മുന്‍പ് മറിയം ഗര്‍ഭിണിയായി കാണപ്പെട്ടു. സഹവസിക്കുന്നതിനുമുന്‍പ് ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയുന്ന ഔസേപ്പിതാവ് തന്‍റെ ജീവിതത്തില്‍ വലിയപ്രശ്നത്തിന്‍റെ മുന്നില്‍ നില്ക്കുകയാണ്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്ക്, അദ്ദേഹം തന്നെ മുന്നോട്ടു വയ്ക്കുന്ന പ്രതിവിധിയാണ്, 19-Ɔമത്തെ തിരുവചനം പറയുന്നത്.  

 

“അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.” ഇതാണ് ഔസേപ്പിതാവിന്‍റെ പരിഹാരം. അതായത് ഭാര്യയായ മറിയത്തെ ഉപേക്ഷിക്കുക. അതും രഹസ്യമായി ഉപേക്ഷിക്കുക. ഈ പരിഹാരത്തിന്‍റെ പിറകില്‍ ഒരു കാഴ്ചപ്പാടുണ്ട്. ഈ പരിഹാരത്തില്‍ അദ്ദേഹം എത്തപ്പെടാനുള്ള കാഴ്ചപ്പാട് - അതായത്, ഈ ഗര്‍ഭം അവിഹിതമായിരിക്കണം. ഭര്‍ത്താവ് അറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഗര്‍ഭത്തിലുള്ള കുഞ്ഞ്, അവിശുദ്ധമായൊരു സന്തതിയായിരിക്കണം. അതുകൊണ്ട് ഏറ്റവും ഉദാരമായ, ജെനറസ്സായ തീരുമാനമാണ് ഔസേപ്പിതാവ് എടുക്കുന്നത്. അതായത്, ഭാര്യയെ ഉപേക്ഷിക്കാം. എന്നാല്‍ അത് രഹസ്യമായി.  കാരണം അവള്‍ അപമാനിക്കാതിരിക്കാന്‍. ഏറ്റവും ഉദാരമായ ഒരു തീരുമാനത്തിലേയ്ക്ക് ഔസേപ്പിതാവ് എത്തിച്ചേരുകയാണ്.

 

ഔസേപ്പിതാവിന്‍റെ ഈ തീരുമാനം നടപ്പിലാക്കപ്പെട്ടിരുന്നെങ്കിലോ? അദ്ദേഹത്തിന്‍റെ ഈ തീരുമാനം നടപ്പിലാക്കപ്പെട്ടിരുന്നെങ്കില്‍ പരിശുദ്ധ മറിയം എന്നു പറയുന്ന ദൈവമാതാവ്, നസ്രത്തിലെ മറിയം പാപിനിയായിട്ട് എന്നും അറിയപ്പെട്ടേനേ... ! ദൈവികപദ്ധതി മൊത്തം തകിടംമറിഞ്ഞേനേ! രക്ഷാകരചരിത്രം മുഴുവന്‍ പൊളി‍ഞ്ഞേനേ! സകലരുടെയും രക്ഷതന്നെ ഒരു തരത്തില്‍ അപകടത്തിലേയ്ക്ക് നീങ്ങിയേനേ...!  

 

രണ്ടാമത്തെ പരിഹാരം വരുന്നത് തമ്പുരാന്‍റെ ഭാഗത്തുനിന്നാണ്. കര്‍ത്താവിന്‍റെ ദൂതന്‍ അറിയിക്കുന്നത് ദൈവത്തിന്‍റെ പരിഹാരമാണ്. 20-Ɔമത്തെ വചനത്തില്‍ ഇതാണ് ദൂതന്‍ പറയുന്നത്. ഇതേക്കുറിച്ച് ദൈവദൂതന്‍ പറയുന്നത്.  “കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു, ദാവീദിന്‍റെ പുത്രനായ ജോസഫ് നീ മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍റെ നീ ശങ്കിക്കേണ്ട…” ദൈവത്തിന്‍റെ പരിഹാരമതാണ്, നീ അവളെ സ്വീകരിക്കണം. ഔസേപ്പിതാവിന്‍റെ പരിഹാരമോ, അവളെ ഉപേക്ഷിക്കുക, എന്നതാണ്. എന്നാല്‍ ദൈവത്തിന്‍റെ പരിഹാരം അതിന് കടകവിരുദ്ധമാണ്. നീ അവളെ സ്വീകരിക്കണം. അതിന്‍റെ പിറകില്‍ കാണേണ്ടത് മറ്റൊരു കാഴ്ചപ്പാടാണ്. ഔസേപ്പിതാവു കണ്ടത്തിനു നേരെ കടകവിരുദ്ധമായ കാഴ്ചപ്പാടാണ് ദൈവം കാണുന്നത്.  ഔസേപ്പിതാവു കണ്ടത്, ഇത് അവിഹിതമായ അശുദ്ധമായ  ഗര്‍ഭമായിരിക്കണം. എന്നാല്‍ ഉടനെ തിരുവചനം പറയുന്നു പരിശുദ്ധാത്മാവിനാലാണ് ഇവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത്. അതുകൊണ്ട് ആ കുഞ്ഞ് പരിശുദ്ധനാണ്!

 

22-Ɔമത്തെ വചനം പറയുന്നു. “ഇവന്‍ പാപങ്ങളില്‍നിന്നും തന്‍റെ ജനത്തെ മോചിക്കും.” മറിയം അതിനാല്‍ പാപിനിയല്ല. രക്ഷകന്‍റെ അമ്മയാണ്. മാത്രമല്ല, ഉടനെ 23-Ɔമത്തെ വചനം പറയുന്നു, “ദൈവം നമ്മോടുകൂടെ!” ഔസേപ്പിതാവ് കണ്ടതിന് നേരേ കടകവിരുദ്ധമായ കാഴ്ചപ്പാടാണ്, ദേ... ദൈവദൂതന്‍ വെളിപ്പെടുത്തുന്നു ദൈവത്തിന്‍റെ കാഴ്ചാപ്പാടായിട്ടാണ്! പരിണിത ഫലമോ? ഭാര്യ മറിയത്തെ സ്വീകരിക്കണം, ഉപേക്ഷിക്കരുത്! അതിനെക്കുറിച്ച് ശങ്കിക്കേണ്ട!  ഇതാണ് ദൈവികമായ പരിഹാരം.

 

ഈ ദൈവികമായ കാഴ്ചപ്പാടിന്‍റെയും ദൈവികമായ പരിഹാരത്തിന്‍റെയും മുന്നില്‍ ഔസേപ്പിതാവ് ശിരസ്സു നമിക്കുകയാണ്. അതാണ് ജോസഫ് നിദ്രയില്‍നിന്നും ഉണര്‍ന്ന് കര്‍ത്താവിന്‍റെ ദൂതന്‍ കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചത്. യൗസേപ്പ് തന്‍റെ ഭാര്യയെ സ്വീകരിച്ചു. മറിയത്തെ സ്വീകരിച്ചു. ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചവളെ തിരിച്ചെടുത്തു.  സ്വീകരിച്ചു. ഈ സ്വീകരണത്തിന്‍റെ ഫലമായിട്ടുണ്ടാകുന്നത് എന്താണ്, രക്ഷ! സകലരുടെയും രക്ഷ! രക്ഷകന്‍റെ ജനനം. ഇതാണ് സംഭവിക്കുന്നത്. ഇവിടെ കാഴ്ചപ്പാട് മാറുകയാണ്. ഔസേപ്പിതാവിനോട് ദൂതന്‍ അതാണ് ആവശ്യപ്പെട്ടത്. നീ കാണുന്ന രീതിയിലൂടെ കണ്ട്, നീ ഉണ്ടാക്കിവച്ചിരിക്കുന്ന പ്രശ്നത്തിനുള്ള പരിഹാരമുണ്ടല്ലോ, അതു മാറ്റുക. അതു ദൈവത്തിന്‍റെ കണ്ണുകളിലൂടെ കാണുക! ദൈവത്തിന്‍റെ കണ്ണുകളിലൂടെ നോക്കുക. ദൈവത്തിന്‍റെ കണ്ണുകളിലൂടെ മനസ്സിലാക്കുക. എന്നിട്ട് ദൈവികമായ പരിഹാരത്തിലേയ്ക്കു വരുക. രക്ഷയും, രക്ഷകനും പിറക്കുന്നത് അങ്ങനെയാണ്.

 

ഫ്രാന്‍സിസ് പാപ്പായുടെ ജീവചരിത്രം എഴുതിക്കൊണ്ടിരുന്നപ്പോള്‍ എനിക്ക് പിടികിട്ടാതിരുന്ന അദ്ദേഹത്തിന്‍റെ ജീവിതത്തിലെ രണ്ടു വര്‍ഷക്കാലമുണ്ട് – 1990-മുതല്‍ 1992-വരെയുള്ള രണ്ടു വര്‍ഷക്കാലം. ഈ കാലഘട്ടത്തില്‍ അദ്ദേഹം എന്തുചെയ്തിരുന്നു എന്നതിനെക്കുറിച്ച് ഒരു വിവരണവും ഇല്ല. അര്‍ജന്‍റീനയിലെ കൊര്‍ദോബയില്‍ ഈശോ സഭയുടെ ആശ്രമത്തില്‍ ആയിരുന്നുവെന്ന് പറയുന്നുണ്ട്. പക്ഷെ എന്തായിരുന്നു ഫാദര്‍ ബര്‍ഗോളിയോ അവിടെ ചെയ്തുകൊണ്ടിരുന്നത്. ഒരു വിവരവുമില്ല. അങ്ങനെ ചരിത്രകാരന്മാര്‍ക്കെല്ലാം അജ്ഞാതമായിരുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഒരു ഇരുണ്ടകാലഘട്ടമായിരുന്നു അത്. ഇതിനെക്കുറിച്ച് കുറെനാള്‍ മുന്‍പ് സിഎന്‍എന്നിന്‍റെ എഡിറ്ററാണ് വെളിച്ചം തരുന്നത്. അദ്ദേഹം കൊര്‍ദോബായിലേയ്ക്ക് ഒരു അന്വേഷണവുമായി പോകുന്നു. അദ്ദേഹം അവിടത്തെ ഈശോസഭയുടെ ആശ്രമത്തില്‍ ചെന്നു. ആശ്രമത്തിന്‍റെ നാളാഗമം, ക്രോണിക്കിള്‍സ് എടുത്തു. അവിടെ താമസിച്ചിരുന്ന അച്ചന്മാരുടെയും മറ്റുസഹോദരങ്ങളുടെയുമെല്ലാം പേരുകണ്ടെത്തി. അവിടെ ജീവിച്ചിരിക്കുന്നവരുമായി അഭിമുഖം നടത്തി. ഈ അഭിമുഖത്തിലൂടെയാണ് ബര്‍ഗോളിയോയുടെ ആ കാലഘട്ടത്തിലെ വിവരങ്ങള്‍ ശേഖരിക്കുന്നത്.

 

അവിടത്തെ ഒരു ‘കുശിനി’ക്കാരനുണ്ട്, അടുക്കള ജോലിക്കാരന്‍.... അദ്ദേഹം വൃദ്ധനായി വിരമിച്ചിരിക്കുകയാണ്. അദ്ദേഹത്തെ കണ്ടപ്പോള്‍ ഹോര്‍ഹെ ബര്‍ഗോളിയോയെക്കുറിച്ച്  ആരാഞ്ഞു, പാപ്പായുടെ പഴയപേര്, അദ്ദേഹം പറയുന്നു.. ഫാദര്‍ ബര്‍ഗോളിയോ എന്നും കൃത്യനിഷ്ഠയുടെ മനുഷ്യനായിരുന്നു. ഞാന്‍ എന്നും രാവിലെ ആശ്രമത്തിലേയ്ക്കു വരുമ്പോള്‍ കാണുന്നത്, അദ്ദേഹത്തിന് ആകെ രണ്ടു ജോഡി സോക്സേയുള്ളൂ... അതിലൊരെണ്ണം എല്ലാദിവസവും രാവിലെ കഴുകി ഉണക്കാന്‍ ഇടുന്നതാണ്. എന്നി‌‌ട്ടോ, അതിനുശേഷം അദ്ദേഹം എപ്പോഴും പളളിയിലാണ്. ഉച്ചയ്ക്കെന്നും അദ്ദേഹം കഴിക്കുന്നത് ഓരേ ഭക്ഷണമാണ്. അങ്ങനെ കൃത്യനിഷ്ഠകളുടെ മനുഷ്യാനായിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ അന്നുണ്ടായിരുന്ന ഏറെ വാര്‍ദ്ധക്യത്തില്‍ എത്തിയ വൈദികന്‍, പറയുന്നത്, താന്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണെന്ന് ഫാദര്‍ ബര്‍ഗോളിയോയ്ക്ക് അറിയാമായിരുന്നു. കാരണം അദ്ദേഹം പ്രൊവിഷ്യാള്‍ സുപ്പൂരിയറായിരുന്ന  കാലഘട്ടത്തില്‍ എടുത്ത ചില തീരുമാനങ്ങളെക്കുറിച്ച് ഈശോസഭയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അതിന്‍റെ പരിണിതഫലമായിട്ടാണ് കൊര്‍ദോബായിലേയ്ക്ക് അദ്ദേഹം അയക്കപ്പെട്ടത്. അങ്ങനെ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നെന്ന് അറിയാമായിരുന്നു. അതുകൊണ്ട് മൗനത്തിലും ഏകാന്തതയിലും എഴുത്തിലും വായനയിലുമായിട്ട് അദ്ദേഹം കഴി‍ഞ്ഞുകൂടുകയായിരുന്നു. അവിടെ പരസ്യമായിട്ട് കുര്‍ബാന ചെല്ലാന്‍ പോലും അനുവാദം ബര്‍ഗോളിയോയ്ക്ക് ഇല്ലായിരുന്നെന്നാണ് വിവരങ്ങള്‍ അന്വേഷിച്ച് കൊര്‍ദോബായില്‍പ്പോയ സി.എന്‍.എന്‍. എഡിറ്റര്‍ റിപ്പോര്‍ട്ചെയ്യുന്നത്. അവിടെ കുമ്പസാരിപ്പിക്കാന്‍ പോലും അനുവാദമില്ലാതെ, ഒരു ജോലിയും തസ്തികയും ഔദ്യോഗികമായി ഇല്ലാതെ രണ്ടുവര്‍ഷം!

 

ഇതിനെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് പറയുന്നത്, സമാനമായൊരു സാഹചര്യത്തില്‍ ജീവിക്കുന്ന ബ്യൂനസ് ഐരസുകാരനായ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ഒരിക്കല്‍ ബര്‍ഗോളിയോയെ കാണാന്‍ വന്നു. അദ്ദേഹം തിരഞ്ഞെടുപ്പില്‍ തോറ്റു. തോല്‍വി ഏറ്റുവാങ്ങി. അണികളൊക്കെ കൈയ്യൊഴിഞ്ഞു. ഏകനായ അദ്ദേഹം ബ്യൂനസ് ഐരസിലെ അന്നത്തെ സഹായമെത്രാനായിരുന്ന ബര്‍ഗോളിയോയെ കാണാന്‍ വന്നിരിക്കുകയാണ്. കണ്ടപ്പോള്‍ ഹോര്‍ഹെ ബര്‍ഗോളിയോ, പാപ്പാ ഫ്രാന്‍സിസ് പറയുന്നുണ്ട്. നമ്മുടെ പരാജയം, നമ്മുടെ ഏകാന്തത, നമ്മുടെ ഒറ്റപ്പെടല്‍ എല്ലാം നാം ജീവിച്ചു തീര്‍ക്കണം. എങ്കിലേ, കൂടുതല്‍ ആര്‍ദ്രതയോടെ, കൂടുതല്‍ കാരുണ്യത്തോടെ ജനത്തെ സേവിക്കാനായിട്ട് ഒരു തിരിച്ചുവരവു നടത്താന്‍, വീണ്ടുവരവിന് നമുക്ക് പറ്റുകയുള്ളൂ. ശ്രദ്ധിക്കണം, അത് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്‍റെ ജീവിതാനുഭവം തന്നെയാണ് കാണാന്‍ വന്ന രാഷ്ട്രീയ നേതാവിനു പങ്കുവച്ചുകൊടുക്കുന്നത്. നമ്മുടെ പരാജയം, ഏകാന്തത, നമ്മുടെ ഒറ്റപ്പെടുത്തലുകള്‍ നാം ജീവിച്ചു തീര്‍ക്കണം, എങ്കിലേ കൂടുതല്‍ ആര്‍ദ്രതയോടും സമര്‍പ്പണത്തോടുംകൂടെ ജനത്തെ സേവിക്കാനായി നമുക്ക് തിരിച്ചുവരാന്‍ സാധിക്കൂ!  

ഒന്ന് ഓര്‍ത്തു നോക്കൂ! ഈ ഹോര്‍ഹെ ബര്‍ഗോളിയോയ്ക്ക് വേണമെങ്കില്‍ മറ്റൊരു രീതിയിലും പ്രതികരിക്കാമായിരുന്നു. വെറും മാനുഷികമായ രീതിയില്‍, കാരണം അദ്ദേഹത്തിന് ഇപ്പോള്‍ ഒരു ജോലിയും കൊടുക്കാതെ ഒറ്റപ്പെടുത്തി ശിക്ഷിച്ചിരിക്കുന്നതു തെറ്റാണ്, അതിനെതിരെ പ്രതിഷേധിക്കാനും, എതിരെ നീങ്ങാനും ശ്രമിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന പരിണിതഫലം എന്താണ്?

ഉറപ്പായിട്ടും പറയാം പരിണിതഫലം നമുക്ക് പാപ്പാ ഫ്രാന്‍സിസിനെ ലഭിക്കില്ലായിരുന്നു, ലോകത്തിനു ഇങ്ങനെ ഒരു ആത്മീയ നേതാവിനെ ലഭിക്കാല്ലായിരുന്നു. മാത്രമല്ല, കരുണ എന്നു പറയുന്ന, കരുണയുള്ള ക്രിസ്തുവിന്‍റെ ഹൃദയം കത്തോലിക്കാസഭയുടെ ഹൃദയത്തിലേയ്ക്ക് എടുത്തു വയ്ക്കപ്പെടുകയില്ലായിരുന്നു. അങ്ങനെ രക്ഷയുടെ ഒരു വലിയവഴി ഈ നൂറ്റാണ്ടിനായി തുറന്നു വരികയില്ലായിരുന്നു!

 

ഇതാണ് നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നത്തെ മാനുഷികമായ രീതിയില്‍ പ്രതികരിക്കുന്നതും, ദൈവത്തിന്‍റെ കണ്ണുകളിലൂടെ കാണാതെ, പ്രതികാരത്തിന്‍റെ വഴികളിലേയ്ക്കു പോകുന്നതും തമ്മിലുള്ള വ്യത്യാസം. ഇന്നത്തെ സുവിശേഷത്തില്‍ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഔസേപ്പിതാവ് പറ‍ഞ്ഞുതരുന്നത്, ഏതു പ്രശ്നത്തിനും നമ്മുടേതായ ന്യായപൂര്‍ണ്ണമായ പ്രശ്നങ്ങളും പ്രശ്നപരിഹാരവും ഉണ്ടാകാം. ശരിതന്നെ, അതിലുപരിയായിട്ട്. തമ്പുരാന്‍റെ കണ്ണുകളിലൂടെ പ്രശ്നത്തെ കാണാനും, തമ്പുരാന്‍റെ കണ്ണുകളിലൂടെ പ്രശ്നത്തിന്‍റെ വിശദാംശങ്ങള്‍ കാണാനും സാധിക്കണം തമ്പുരാന്‍റെ പരിഹാരമെന്തെന്ന് തിരിച്ചറിയാന്‍ കഴിയുന്നിടത്താണ് രക്ഷകന്‍ പിറക്കുന്നത്. രക്ഷയുണ്ടാകുന്നത്. നമ്മുടെ രക്ഷയും നമുക്ക് ചുറ്റുമുള്ളവരുടെ രക്ഷയും അങ്ങനെയാണ് യാഥാര്‍ത്ഥ്യമാകുന്നത്.

 

ഈശോയേ, അങ്ങേ ജനനത്തിന് ഒരുങ്ങുന്ന ഞങ്ങളെ ഈ ഹൃദയമാറ്റത്തിലേയ്ക്ക് കൈപിടിച്ചു നടത്തണമേ! അനുദിന ജീവിതത്തില്‍ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങളുടേതായ കണ്ണുകളിലൂടെയാണ് ഞങ്ങള്‍ എപ്പോഴും കാണുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടേതായ പരിഹാരങ്ങള്‍ എടുത്താണ് മുന്നോട്ടുപോകുന്നത്. ഈശോയേ, അപ്പോഴൊക്കെ രക്ഷാകരചരിത്രം ഓര്‍ക്കാന്‍, അങ്ങയെ ഓര്‍ക്കാന്‍, ഔസോപ്പിതാവിനെ ഓര്‍ക്കാന്‍... ദൈവത്തിന്‍റെ കണ്ണുകളിലൂടെ എന്നെയും എന്‍റെ ജീവിതത്തിന്‍റെ നൊമ്പരപ്പെടുത്തുന്ന പ്രശ്നങ്ങളെയും നോക്കിക്കാണാനും  തമ്പുരാന്‍ ആഗ്രഹിക്കുന്ന പരിഹാരം എന്താണെന്നു ചോദിക്കാനും അന്വേഷിക്കാനുള്ള മനസ്സും ശ്രദ്ധയും എനിക്കെപ്പോഴും തരണമേ! ആമേന്‍!!  








All the contents on this site are copyrighted ©.