2016-12-17 13:41:00

കൊളോംബിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍


കൊളോംബിയായുടെ പ്രസിഡന്‍റ് ഹുവാന്‍ മനുവേല്‍ സാന്തോസ് കല്‍ദെറോണിന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

വെള്ളിയാഴ്ചയായിരുന്നു (16/12/16) ഈ കൂടിക്കാഴ്ച്ച.

സമാഗമ സംസ്കൃതി, ആത്മാര്‍ത്ഥ സംഭാഷണം എന്നിവയുടെ പ്രാധാന്യം പാപ്പായും പ്രസിഡന്‍റും തമ്മിലുള്ള ഈ സൗഹൃദകൂടിക്കാഴ്ചാവേളയില്‍ ചര്‍ച്ചാവിഷയമായി എന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം (പ്രസ്സ് ഓഫീസ്) വെളിപ്പെടുത്തി.

കൊളോംബിയയിലെ രാഷ്ട്രീയശക്തികളുടെ ഐക്യവും ഈ ശക്തികളുടെ കൂടിക്കാഴ്ചയും എഫ് എ ആര്‍ സി – ഇ പി എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന വിപ്ലവപ്രസ്ഥാനത്തിന്‍റെ ഭാഗത്തുനിന്നുള്ള പരിശ്രമവും അന്നാട്ടില്‍ സ്ഥായിയും സുദൃഢവുമായ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിന് ആവശ്യമാണെന്ന വസ്തുതയും ഫ്രാന്‍സീസ് പാപ്പായും പ്രസിഡന്‍റ് ഹുവാന്‍ മനുവേല്‍ സാന്തോസ് കല്‍ദെറോണും തമ്മില്‍ നടന്ന കൂടിക്കാഴ്ച എടുത്തുകാട്ടി.

കൊളോംബിയായുടെ സമാധാനപ്രക്രിയയ്ക്ക് ഫ്രാന്‍സിസ് പാപ്പാ ഏകിയ പിന്തുണയില്‍ പ്രസിഡന്‍റ് കല്‍ദെറോണ് മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

ദേശീയ അനുരഞ്ജനം, പരസ്പരം പൊറുക്കല്‍, ഏകാതനത എന്നിവയ്ക്ക് സംഭാവനയേകുന്നത് തുടരാന്‍ പ്രാദേശിക കത്തോലിക്കാസഭയ്ക്ക് കഴിയുമെന്ന പ്രാത്യാശയും ഈ കൂടിക്കാഴ്ചാവേളയില്‍ പ്രകടമായി.

തെക്കെ അമേരിക്കന്‍ നാടായ കൊളോബിയായും പരിശുദ്ധസിംഹാസനവും തമ്മിലുള്ള നല്ലബന്ധങ്ങളില്‍ പാപ്പായും പ്രസിഡന്‍റും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പ്രസിഡന്‍റിനോടൊപ്പം ഉണ്ടായിരുന്ന പത്നി മരിയ ക്ലെമന്‍സിയയ്ക്കും പാപ്പാ ദര്‍ശനം അനുവദിച്ചു.

2002 മുതല്‍ 2010 വരെ കൊളോംബിയായുടെ പ്രസിഡന്‍റായിരുന്ന ആല്‍വരൊ ഉറിബെ വേലെസ്സിനെയും പാപ്പാ അന്ന് സ്വീകരിച്ചു. 








All the contents on this site are copyrighted ©.