2016-12-17 13:56:00

കലാപകാരികളുടെ ഹൃദയപരിവര്‍ത്തനത്തിനായി പ്രാര്‍ത്ഥിക്കുക


സിറിയയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരായവരുടെ ഹൃദയപരിവര്‍ത്തനത്തിനായി പ്രാര്‍ത്ഥിക്കാന്‍ കത്തോലിക്ക ഉപവിസംഘടനയായ കാരിത്താസ് ഇന്‍റര്‍ നാസിയൊണാലിസിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയൊ തഗ്ലെ അഭ്യര്‍ത്ഥിക്കുന്നു.

വര്‍ഷങ്ങളായി യുദ്ധത്തിന്‍റെ ശിശിരകാലത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട സിറിയയിലെ ജനങ്ങള്‍ക്ക് ശിശിരാകലാനന്തര സമാധാന വസന്തം ഉണ്ടാകുമെന്ന പ്രത്യാശയും അദ്ദേഹം പകരുന്നു.

തിരുപ്പിറവിത്തിരുന്നാള്‍ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ തഗ്ലെ സിറിയയിലെ ജനങ്ങളുടെ യാതനകള്‍ അനുസ്മരിക്കുകയും  അവര്‍ക്ക് പ്രത്യാശ പകരുകയും രക്തച്ചൊരിച്ചിലുകള്‍ക്ക് കാരണഭൂതരായവരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്നത്.

പാര്‍പ്പിടത്തിന്‍റെയും വൈദ്യുതിയുടെയും തണുപ്പുകാലത്ത് വീടുകള്‍ ചൂടാക്കുന്നതിനുള്ള സംവിധാനങ്ങളുടെയും അഭാവം അനുഭവിക്കുന്ന ദശലക്ഷക്കണക്കിനാളുകള്‍ അവിടെയുണ്ടെന്നും ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ ഈ തണു കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ചൂടേകുന്നതിനുള്ള ചിലവു വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും കര്‍ദ്ദിനാള്‍ തഗ്ലെ തന്‍റെ തിരുപ്പിറവിത്തിരുന്നാള്‍ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.  

സിറിയയില്‍ ഒരിക്കലും തിരുപ്പിറവിത്തിരുന്നാള്‍ ഇല്ല എന്നൊരു പ്രതീതി ചിലപ്പോഴെങ്കിലുമുണ്ടാകുന്നുണ്ടെന്നും അര പതിറ്റാണ്ടായി അന്നാട്ടിലെ ജനങ്ങള്‍ യുദ്ധത്തിന്‍റെ   നിഷ്ഠൂരമായ കാറ്റുകള്‍ ഏല്ക്കുകയാണെന്നും അദ്ദേഹം പറയുന്നു.








All the contents on this site are copyrighted ©.