2016-12-16 13:05:00

സ്നാപകയോഹന്നാന്‍റെ സാക്ഷ്യത്തിന്‍റെ മാതൃക സ്വീകരിക്കുക-പാപ്പാ


ദൈവപുത്രന്‍റെ ആഗമനം അറിയിക്കുന്നതിന് മരണം ഏറ്റുവാങ്ങിപ്പോലും സ്വയം ഇല്ലാതാക്കിയ സ്നാപകയോഹന്നാന്‍റെ സാക്ഷ്യത്തിന്‍റെ മാതൃക സ്വീകരിക്കാന്‍ മാര്‍പ്പാപ്പാ ക്രൈസ്തവവിശ്വാസികളെ ക്ഷണിക്കുന്നു.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിനകത്തുള്ള കപ്പേളയില്‍ വെള്ളിയാഴ്ച(16/12/16) അര്‍പ്പിച്ച പ്രഭാത ദിവ്യബലി മദ്ധ്യേ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ചുള്ള സുവിശേഷവായനകള്‍ ഈ ദിനങ്ങളില്‍ സ്നാപകയോഹന്നാനെ സാക്ഷിയായി അവതരിപ്പിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ യേശുവിന് സാക്ഷ്യം വഹിക്കുക, വിളക്ക് വെളിച്ചം കാണിക്കുന്നതു പോലെ യേശുവിന് സാക്ഷ്യമേകുകയായിരുന്നു സ്നാപകയോഹന്നാന്‍റെ വിളിയെന്നു വിശദീകരിച്ചു.

വെളിച്ചം എവിടെയെന്ന് കാണിക്കുന്നത് വിളക്കാണ്, അത് വെളിച്ചത്തിന് സാക്ഷ്യം നല്കുന്നു, സ്നാപകയോഹന്നാന്‍ സ്വരമായിരുന്നു... നിയതമായതിനെ അതായത് യേശുവിനെ ചൂണ്ടിക്കാണിക്കുന്ന ക്ഷണികനായിരുന്നു സ്നാപകന്‍. ക്ഷണികമെങ്കിലും ശക്തമായിരുന്നു ഈ സാക്ഷ്യം. ആ ദീപ നാളം പൊങ്ങച്ചത്തിന്‍റെ  കാറ്റിനാല്‍ അണയുന്നതായിരുന്നില്ല. എളിയവനായ സ്നാപകന്‍ സ്വയം ഇല്ലാതായിത്തീരുന്നു. അത് യേശു പീന്നീട് സഞ്ചരിക്കുന്ന സ്വയം ശൂന്യവത്ക്കരണത്തിന്‍റെ പാതയായിരുന്നു – പാപ്പാ പറഞ്ഞു.

യേശുവിന്‍റെ പാതയിലേക്ക് ക്രിസ്തീയജീവിതത്തെ തുറന്നിട്ടിട്ടുണ്ടോ എന്ന് ആത്മശോധനചെയ്യാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.