2016-12-16 13:20:00

വന്‍ സംഹാരശേഷിയുള്ള ആയുധങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടണം


കനത്ത നശീകരണശേഷയുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക പുരോഗതികളില്‍ പരിശുദ്ധസിംഹാസനം ആശങ്ക പ്രകടിപ്പിക്കുന്നു.

സമൂലനാശം വിതയ്ക്കാന്‍ കഴിയുന്ന ആയുധങ്ങളുടെ പ്രവര്‍ദ്ധനം തടയുന്നതിനെ അധികരിച്ച്, ഐക്യരാഷ്ട്രസഭയുടെ, യു എന്‍ ഒ യുടെ, സുരാക്ഷാസമിതി യു എന്നിന്‍റെ   ആസ്ഥാനമായ, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍ വ്യാഴാഴ്ച (15/12/16) സംഘടിപ്പിച്ച തുറന്നചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന പരിശുദ്ധസിംഹാസനത്തിന്‍റെ  പ്രതിനിധി ആര്‍ച്ചുബിഷപ്പ് ബര്‍ണ്ണര്‍ദീത്തൊ ഔത്സയാണ് ഈ ആശങ്ക പ്രകടിപ്പിച്ചത്.

യു എന്നില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനാണ് അദ്ദേഹം.

പട്ടണങ്ങളെയൊ ഒരു പ്രദേശത്തെയൊ അതിലെ നിവാസികളോടുകൂടി നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയ ഏതൊരു പ്രവര്‍ത്തിയും ആയുധവും സകല അന്താരാഷ്ട്ര മാനവികനിയമങ്ങള്‍ക്കും നാഗരികതയെക്കുറിച്ചുള്ള ആശയങ്ങള്‍ക്കും വിരുദ്ധവും അപലപനീയങ്ങളുമാണെന്നു ആര്‍ച്ചുബിഷപ്പ് ഔത്സ പറഞ്ഞു.

വന്‍ സംഹാരശേഷിയുള്ള ആയുധങ്ങള്‍ ഉല്പാദിപ്പിക്കുകയും, ഒരു രാജ്യം മറ്റൊരു രാജ്യത്തിനൊ സംഘടനകള്‍ക്കൊ സമ്മാനിക്കുകയൊ വില്ക്കുകയൊ ചെയ്യുന്നതും നിയന്ത്രിക്കുന്നതിന് നിയമങ്ങളും ഉടമ്പടികളും ശക്തിപ്പെടുത്തേണ്ടതിന്‍റെ   ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം ആയുധങ്ങളെയും എല്ലാ ആയുധ സംവിധാനങ്ങളെയും സംബന്ധിച്ച നയങ്ങള്‍ നൂതനമായൊരു ആഗോളധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ പരിഷ്ക്കരിക്കണമെന്നും ആര്‍ച്ചുബിഷപ്പ് ഔത്സ പറഞ്ഞു.     

 

 

 








All the contents on this site are copyrighted ©.