2016-12-16 13:28:00

മനുഷ്യക്കടത്തിനെതിരെ കടുത്ത നടപടികള്‍ അനിവാര്യം


മനുഷ്യക്കടത്ത്, വിശിഷ്യ, കുട്ടികളെ കടത്തുന്നത്, തടയുന്നതിന് കടുത്ത നടപടികള്‍ അനിവാര്യമെന്ന് യൂറോപ്പിന്‍റെ സുരക്ഷിതത്വത്തിനും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയില്‍,ഒ എസ് സി ഇ യില്‍ (OSCE) പരിശുദ്ധസിംഹാസനത്തിന്‍റെ  സ്ഥിരം നിരീക്ഷകനായ മോണ്‍സിഞ്ഞോര്‍ യാനുഷ് ഉര്‍ബന്‍ചിക്ക്.

ഒ എസ് സി ഇയുടെ സ്ഥിരസമിതിയുടെ യോഗത്തില്‍ വ്യാഴാഴ്ച(15/12/116) സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ ബാധിച്ചിരിക്കുന്ന അര്‍ബുദമായ മനുഷ്യക്കടത്ത് ഏറ്റം നികൃഷ്ഠമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണെന്നും ഇത് പ്രത്യേകിച്ച് കുട്ടികളെ അടിമകളും തൊഴിലാളികളും സൈനികരുമൊക്കെ ആക്കി മാറ്റിക്കൊണ്ട് അവരെ ചൂഷണം ചെയ്യുമ്പോള്‍ ഈ കുറ്റകൃത്യം ഇല്ലാതാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക്   പ്രത്യേക ഊന്നല്‍ നല്കേണ്ടിയിരിക്കുന്നുവെന്നും മോണ്‍സിഞ്ഞോര്‍ ഉര്‍ബന്‍ചിക്ക് പറഞ്ഞു.

മനുഷ്യക്കടത്തിനെതിരെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ടതും ദേശീയ അന്തര്‍ദ്ദേശീയ പോലീസ് മേധാവികളും കുറ്റാന്വേഷണസംഘടനകളുമൊക്കെ അംഗങ്ങളായുള്ളതും ഫ്രാന്‍സീസ് പാപ്പായുടെ വാസയിടമായ “ദോമൂസ് സാംക്തെ മാര്‍ത്തെ”യുടെ നാമത്തിലുള്ളതുമായ “സാന്ത മാര്‍ത്ത ഗ്രൂപ്പി”ന്‍റെ  പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

മനുഷ്യക്കടത്ത് തടയുന്നതിനും അതോടൊപ്പം ഈ കുറ്റകൃത്യത്തിനിരകളായവരുടെ പുനരധിവാസത്തിനും സമൂര്‍ത്തവും കാര്യക്ഷമവും ആയ നടപടികള്‍ ആവശ്യമാണെന്ന് ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മോണ്‍സിഞ്ഞോര്‍ ഉര്‍ബന്‍ചിക്ക് പറഞ്ഞു.

 








All the contents on this site are copyrighted ©.