2016-12-16 10:10:00

ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള ഇന്ധനമാണ് പ്രത്യാശ : പാപ്പാ ഫ്രാന്‍സിസ്


ജീവന്‍ ദൈവം തന്ന ദാനമാകയാല്‍ അവിടുന്നില്‍ പ്രത്യാശയര്‍പ്പിച്ച് സന്തോഷത്തോടും ലാളിത്യത്തോടുംകൂടെ മുന്നേറുകയാണ് അഭികാമ്യം. പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

കുട്ടികള്‍ക്കായുള്ള വത്തിക്കാന്‍റെ ആശുപത്രി Gesu Bambino-യുടെ മൂന്നു ശാഖകളില്‍നിന്നുമായി കുട്ടികളും, പിന്നെ ഡോക്ടര്‍മാര്‍, നെഴ്സുമാര്‍, പരിചാരകര്‍, മാതാപിതാക്കള്‍ എന്നിങ്ങനെ  ഏഴായിരത്തോളംപേരാണ് (7000) പാപ്പായെ കാണാനും ആശംസകള്‍ അര്‍പ്പിക്കാനുമായി വത്തിക്കാനില്‍ എത്തിയത്. ഡിസംബര്‍ 15-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലായിരുന്നു സംഗമം. ആശുപത്രിയിലെ ജോലിക്കാരുടെയും ചില കുട്ടികളുടെയും ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രഭാഷണം തത്സമയം നടത്തിയത്.

കുട്ടികളുടെ യാതകള്‍ക്കു മുന്നില്‍ നാം നിസ്സഹായരാണ്. അവിടെ വാക്കുകള്‍ക്കോ ഉപദേശത്തിനോ പ്രസക്തിയില്ല! എന്നാല്‍ സ്നേഹത്തോടെ സഹിക്കുന്നതും, സഹിക്കുന്നവരെ ശുശ്രൂഷിക്കുന്നതും ക്രിസ്തുവിന്‍റെ പ്രബോധനവും അവിടുത്തെ ജീവിതമാതൃകയുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ചെറുമയ്ക്ക് ഭംഗിയും വലിമയുമുണ്ടെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ചെറുമയും വിനയവും ഇക്കാലത്തിന്‍റെ നഷ്ടമാകുന്ന യുക്തിയായി തോന്നാമെങ്കിലും, ക്രിസ്തുമസ് ചെറുമയുടെ വലിമയും, വിനയത്തിന്‍റെ മഹത്വവും പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തില്‍ ചെറുമയാണ് രക്ഷയുടെയും വലിമയായി ലോകത്തിന് അനുഭവവേദ്യമായത്. ഒന്നിനും ഇടമില്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത്. ഇന്ന് എവിടെയും ‘പാര്‍ക്കിങ് സ്പെയ്സ്’  (Parking Space) ഇല്ലാത്തതുപോലെ..!  അപരനുവേണ്ടി ആര്‍ക്കും  അല്പംപോലും ഇടമില്ല. സഹായം നല്കാന്‍ സന്മനസോ, സഹായിക്കാന്‍ സമയമോ സൗകര്യമോ ഇല്ലാത്ത കാലം!  എന്നാല്‍ ഹൃദയത്തില്‍ അപരനായി അല്പം ഇടം ആദ്യം കണ്ടെത്താന്‍ സാധിച്ചാല്‍, ജീവിതത്തിന്‍റെ യഥാര്‍ത്ഥ ചുറ്റുപാടുകളിലും നാം അന്യര്‍ക്കായി, വിശിഷ്യാ നമ്മില്‍ എളിയവര്‍ക്കായി ഇടംകണ്ടെത്തും. അതുപോലെ ഹൃദയം തുറക്കുന്നവര്‍ക്കായി ദൈവപരിപാലനയും ഒരിടം കണ്ടെത്തുമെന്ന് പാപ്പാ പറഞ്ഞു.

ജീവിതത്തില്‍ സ്വപ്നങ്ങളുള്ളവരായിരിക്കണം കുട്ടികള്‍. ഭാവിയെക്കുറിച്ചും, ജീവിതനന്മകളെക്കുറിച്ചും സ്വപ്നമുള്ളവരായിരിക്കണം. ദൈവം നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍ക്ക് പദ്ധതിയൊരുക്കിയിട്ടുണ്ട്. ദൈവിക സ്വപ്നങ്ങളോടും പദ്ധതികളോടും സഹകരിച്ചും, അതിനു കീഴ്പ്പെട്ടും, അതിനായി പരിശ്രമിച്ചുകൊണ്ടുമായിരിക്കണം നാം ലക്ഷ്യങ്ങളിലേയ്ക്ക് മുന്നേറാന്‍. ജീവിതം അങ്ങനെ സന്തോഷദായകവും പ്രത്യാശപൂര്‍ണ്ണവുമാക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

കുട്ടികളുടെ പരിചരണത്തിനായി വത്തിക്കാന്‍ 1869-ല്‍ റോമാനഗരത്തില്‍ തുറന്ന ആശുപത്രിയാണ്, ഉണ്ണീശോയുടെ നാമത്തിലുള്ള Gesu Bambino Hospital. വത്തിക്കാനോടു തൊട്ടുരുമ്മിയാണ് അത് സ്ഥിതിചെയ്യുന്നത്.  ഇന്നത് രാജ്യാന്തര നിലവാരമുള്ളതും, കുട്ടുകളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സവിശേഷമായ പരിചരണസൗകര്യങ്ങളും ഗവേഷണപദ്ധതികളുമുള്ള വലിയ സ്ഥാപനമായി വളര്‍ന്നിട്ടുണ്ട്. പാവങ്ങളായ കുട്ടികള്‍ക്ക് അവരുടെ അമ്മമാരോടും, അല്ലെങ്കല്‍ ആശ്രിതരായവര്‍ക്കൊപ്പവും താമസിച്ച് ചികിത്സ നേടാനുള്ള ഫ്ലാറ്റുകള്‍ അടുത്തകാലത്ത് നിര്‍മ്മിച്ചത് പാപ്പാ ഫ്രാന്‍സിസിന്‍റെ താല്പര്യത്തിലായിരുന്നു.

ഇന്ന് ഈ ആശുപത്രിക്ക് വിവിധ ശാഖകളുമുണ്ട്. 2015-ല്‍ പാപ്പാ ഫ്രാന്‍സിസ് മദ്ധ്യാഫ്രിക്ക സന്ദര്‍ശിക്കവെ, അവിടത്തെ കുട്ടികളുടെ യാതന കണ്ട് തലസ്ഥാനനഗരമായ ബാംഗ്വിയില്‍  ‘ജേസു ബംബീനോ’യുടെ   മറ്റൊരു ശാഖ തുറന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെയും, നഴ്സുമാരുടെയും മറ്റു സാങ്കേതിക സൗകര്യങ്ങളുടെയും പിന്‍തുണയും റോമില്‍നിന്നും അവിടേയ്ക്ക് ഇപ്പോള്‍ നല്‍കുന്നുണ്ട്. ബാംഗ്വിയിലെ ആശുപത്രിയില്‍നിന്നും സ്ഥലത്തെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ദേവുദോണേ എന്‍സപലേംഗയ്ക്കൊപ്പം ചെറിയൊരു പ്രതിനിധിസംഘം ക്രിസ്തുമസ് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വിശ്വത്തര ‘പോപ്’ ഗായകന്‍ മൈക്കിള്‍ ജാക്സണ്‍ 1988-ല്‍ ആശുപത്രി സന്ദര്‍ശിക്കുകയും ക്യാന്‍സര്‍ ബാധിതരായ കുട്ടികളുടെ വിഭാഗത്തെ സഹായിക്കുകയും ചെയ്ത ചരിത്രവുമുണ്ട് ഉണ്ണീശോയുടെ നാമത്തിലുള്ള ആശുപത്രിക്ക്!








All the contents on this site are copyrighted ©.