2016-12-15 08:41:00

സിറിയന്‍ പ്രസിഡന്‍റിനോട് വീണ്ടും പാപ്പായുടെ സമാധാനാഭ്യര്‍ത്ഥന


സിറിയയുടെ സമാധാനത്തിനായി പാപ്പാ ഫ്രാന്‍സിസ് വീണ്ടും അഭ്യര്‍ത്ഥന നടത്തി.

സിറിയയിലെ വത്തിക്കാന്‍റെ സ്ഥാനപതി, കര്‍ദ്ദിനാള്‍ മാരിയോ സെനാരിയുടെ പക്കല്‍ കൊടുത്തയച്ച കത്തിലാണ് സിറിയയിലെ ക്ലേശിക്കുന്ന ജനതയ്ക്കായി പ്രസിഡന്‍റ്, ബഷാര്‍ അല്‍-അസാദിനോടും ആഗോളസമൂഹത്തോടും പാപ്പാ ഫ്രാന്‍സിസ് സമാധാനാഭ്യര്‍ത്ഥന നടത്തിയത്.  അതിക്രമങ്ങള്‍ ഉപേക്ഷിച്ച്, പരിഹാരമാര്‍ഗ്ഗങ്ങള്‍ സമാധാനപരമായി തേടണമെന്ന് കത്തിലൂടെ അഭ്യര്‍ത്ഥിക്കുന്ന പാപ്പാ, വിദ്വേഷത്തിന്‍റെ എല്ലാത്തരം മൗലികചിന്താഗതികളെയും ഭീകര പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നുമുണ്ട്.

പൗരന്മാരുടെ മനുഷ്യാവകാശ സംരക്ഷണം സംബന്ധിച്ച്, അവര്‍ ഏതു മതസ്ഥരായാലും രാജ്യാന്തര മാനവിക നിയങ്ങള്‍ ആദരിക്കപ്പെടുമെന്നും, വേദനിക്കുന്നവര്‍ക്ക് സാന്ത്വനവും സഹായവും എത്തിച്ചുകൊടുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും അനുവാദവും നല്‍കണമെന്നും കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് ഡിസംബര്‍ 12-Ɔ൦ തിയതി തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് പാപ്പായുടെ സമാധാനാഭ്യര്‍ത്ഥനയുടെ ഉള്ളടക്കം വെളിപ്പെടുത്തിയത്.

സിറിയിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനംചെയ്യുന്ന ആര്‍ച്ചുബിഷപ്പ് മാരിയോ സെനാരിക്ക് കര്‍ദ്ദിനാള്‍ പദവി നല്കി ആദരിച്ചത്, ക്ലേശിക്കുന്ന സിറിയന്‍ ജനതയോട് സഭയ്ക്കുള്ള സഹാനുഭാവത്തിന്‍റെയും സഹിഷ്ണുതയുടെയും പ്രതീകമാണെന്നും ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

സിറിയയിലെ ഭീകരപ്രവര്‍ത്തനങ്ങളെയും അതിക്രമങ്ങളെയും അപലപിക്കുകയും, രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്നും, മനുഷ്യാവകാശങ്ങള്‍ ആദരിച്ച്, സമാധാനത്തിന്‍റെ പാതയില്‍ നീങ്ങളണമെന്നുമുള്ള ആദ്യത്തെ അഭ്യര്‍ത്ഥന സിറിയന്‍ സര്‍ക്കാരിനോടും ആഗോള സമൂഹത്തോടുമായി പാപ്പാ ഫ്രാന്‍സിസ് പരസ്യമായി നടത്തിയത് കഴിഞ്ഞ ആഗസ്റ്റ് 7-Ɔ൦ തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലായിരുന്നു.

Photo from the file : Pope Francis pensive, in the General Audience of 14th December 2016.








All the contents on this site are copyrighted ©.