2016-12-10 13:28:00

വൈദികന്‍ ലാഭക്കണ്ണോടുകൂടിയ "ദല്ലാല്‍" ആകരുത്


ലാഭംകൊയ്യുന്ന ഇടനിലക്കാരാകാതെ ജീവന്‍ വിലയായ് നല്കുന്ന യഥാര്‍ത്ഥ   മദ്ധ്യസ്ഥരാകാന്‍ മാര്‍പ്പാപ്പാ വൈദികരെ ആഹ്വാനം ചെയ്യുന്നു.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ഭവനത്തിലെ, അതായത്, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച(09/12/16) അര്‍പ്പിച്ച പ്രഭാത ദിവ്യബലി മദ്ധ്യേ, ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം 16 മുതല്‍ 19 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന അതൃപ്തിയുടെ മനുഷ്യരെക്കുറിച്ചു പ്രധാനമായും സൂചിപ്പിച്ചുകൊ​ണ്ട് സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ദൈവത്തിനും നമുക്കുമിടയിലുള്ള മദ്ധ്യസ്ഥനാണ് യേശുവെന്നും അവിടത്തെ മാദ്ധ്യസ്ഥ്യത്തിന്‍റെ പാതയാണ് വൈദികര്‍ സ്വീകരിക്കേണ്ടതെന്നും പാപ്പാ വിശദീകരിച്ചു.

വെറും ഇടനിലക്കാരന്‍, അല്ലെങ്കില്‍, ദല്ലാല്‍ അവന്‍റെ ജോലി ചെയ്ത് പ്രതിഫലം പറ്റുന്നവനാണെന്നും, എന്നാല്‍ യേശുവിന്‍റെ യുക്തി പിന്‍ചെല്ലുന്ന മദ്ധ്യസ്ഥനാകട്ടെ ഇരുവിഭാഗങ്ങളെ തമ്മില്‍ ഐക്യപ്പെടുത്തുന്നതിന് ജീവന്‍ പോലും വിലയായ് നല്കുമെന്നും പാപ്പാ പറഞ്ഞു.

ജനങ്ങളെ ഒത്തൊരുമയിലാക്കി യേശുവിന്‍റെ പക്കലെത്തിക്കുന്നതിന് ഇടവകവൈദികന്‍ അദ്ധ്വാനവും, സ്വജീവനുള്‍പ്പടെയുള്ള സകലവും വിലയായ് നല്കുമെന്നും യേശുവിന്‍റെ   യുക്തിക്കനുസൃതമുള്ള മദ്ധ്യസ്ഥനാകാതെ വെറും ദല്ലാല്‍ ആയിത്തീരുന്ന വൈദികനാകട്ടെ എന്നും സന്തോഷരഹിതന്‍, ദു:ഖിതന്‍ ആയിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വെറും ദല്ലാല്‍ ആയി മാറുന്ന വൈദികര്‍ കാര്‍ക്കശ്യത്തിന്‍റെ വഴി സ്വീകരിക്കുമെന്നും അവര്‍ പലപ്പോഴും ജനങ്ങളില്‍ നിന്ന്, മനുഷ്യന്‍റെ വേദനകളില്‍ നിന്ന് അകന്നുനില്ക്കുന്നവരായിരിക്കുമെന്നും പറഞ്ഞ പാപ്പാ ദൈവജനത്തിനിടയില്‍ കാര്‍ക്കശ്യവുമായി, ചാട്ടവാറുമായി നില്ക്കരുതെന്ന് വൈദികരെ ഓര്‍മ്മപ്പെടുത്തി.

എന്തു ലഭിച്ചാലും തൃപ്തിപ്പെടാതെ വാശിപിടിച്ച് കരയുന്ന കുഞ്ഞിനെപ്പോലെ വൈദികര്‍ ഒന്നിലും തൃപ്തിയില്ലാത്തവരായാല്‍ അത് ഏറെ ദോഷം ചെയ്യുമെന്നും അവര്‍ യേശുവിന്‍റെ യുക്തിയില്‍ നിന്ന് വിദൂരത്തിലാണെന്നും എന്നും പരാതിക്കാരും ദു:ഖിതരും ആയിരിക്കുമെന്നും പാപ്പാ പറഞ്ഞു.

യേശുവിന്‍റെ യുക്തിവിട്ട് ലൗകികതയുടെ പാതയില്‍ പാദമൂന്നുന്ന വൈദികന്‍ ഒരു ഉദ്യോഗസ്ഥന് സമാനനായിത്തീരുകയും പ്രകടനപരതയിലും ആധിപത്യത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന അപകടത്തില്‍ നിപതിക്കുമെന്ന മുന്നറിയിപ്പും പാപ്പാ നല്കി.

 കര്‍ത്താവ് നമ്മെ പഠിപ്പിച്ചത് എന്തെന്ന്, സവിശേഷവെളിപാടിന്‍റെ സത്ത എന്താണെന്ന്, മനസ്സിലാക്കാന്‍ കഴിയാത്തവരായ, ഒന്നിലും തൃപ്തിപ്പെടാത്തവരായ, ക്രൈസതവര്‍ ഇന്നുമുണ്ടെന്നും  പാപ്പാ പറഞ്ഞു.

 

 








All the contents on this site are copyrighted ©.