2016-12-03 14:34:00

സഹോദരങ്ങളെക്കുറിച്ചുള്ള കരുതലോടെ പ്രസാദാത്മകമായി ജീവിക്കാം


പുതിയ നിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പത്രാധിപരുമായ  ഡോക്ടര്‍ ജേക്കബ് നാലുപറ എം.സി.ബി.എസ്സി-ന്‍റെ  സുവിശേഷപരിചിന്തനം :

ഇന്നത്തെ സുവിശേഷഭാഗം സ്നാപകയോഹന്നാന്‍റെ പ്രസംഗമാണ്, ശുശ്രൂഷയാണ് അവതരിപ്പിക്കുന്നത്. ഈ അദ്ധ്യായത്തില്‍ സ്നാപകന്‍ പറയുന്നത്, മാനസാന്തരപ്പെടുവിന്‍ സ്വാര്‍ഗ്ഗരാജ്യം സമീപസ്ഥമായിരിക്കുന്നു. യോഹന്നാന്‍ പറയുന്ന ഇക്കാര്യം, അതായത് സ്വര്‍ഗ്ഗരാജ്യം തൊട്ടടുത്തുണ്ട്, നിങ്ങള്‍ മാനസാന്തരപ്പെടുവിന്‍! ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക്  പദത്തിന്‍റെ അര്‍ത്ഥം ‘മനസ്സുമാറുവിന്‍’, എന്നാണ്. അതായത് നിങ്ങളുടെ ചിന്താരീതി മാറ്റുവിന്. നിങ്ങളുടെ കാഴ്ചപ്പാട് മാറ്റുവിന്‍...! മനസ്സും ചിന്തയും കാഴ്ചപ്പാടും മാറിയാല്‍ എന്താണ് സംഭവിക്കുന്നത്? തൊട്ടടുത്തുള്ള സ്വര്‍ഗ്ഗരാജ്യത്തിന് അര്‍ഹരാകാം! ഇത് വലിയൊരു കാര്യമാണ്. കാരണം, ദൈവരാജ്യം വളരെ അകലെയല്ല. അത് നമ്മുടെ വളരെ അടുത്തുതന്നെയുണ്ട്. അതില്‍ പ്രവേശിക്കണമെങ്കില്‍ എന്തുചെയ്യണം? മനസ്സും ചിന്താരീതിയും കാഴ്ചപ്പാടും മാറിയാല്‍ മതി.

അസ്സീസി മാസിക -  അതിലെ ഒരു പംക്തിയാണ് വെട്ടിക്കാട്ട് അച്ചന്‍ എഴുതുന്ന “ഇടിയും മിന്നലും!” ഏറെക്കാലമായി തുടരുന്ന പംക്തി. നല്ല വായക്കാരുള്ള പംക്തിയായിരിക്കണം. അദ്ദേഹം നന്നായിട്ട് എഴുതുന്നുമുണ്ട്. ഈ കഴിഞ്ഞ ലക്കത്തില്‍ അദ്ദേഹം പറയുന്നൊരു സംഭവമുണ്ട്. അതായത്, അദ്ദേഹം ഒരു ധ്യാനത്തിനു പോവുകയാണ്. ധ്യാനത്തിന്‍റെ പേരുതന്നെ “സീനിയര്‍ സിറ്റിസണ്‍ അനുഭവ ധ്യാനം,” വയോജനങ്ങള്‍ക്കായുള്ള ധ്യാനം! പാലായിലെ ധ്യാനകേന്ദ്രത്തിലാണ് നടത്തുന്നത്. അദ്ദേഹം വണ്ടിയില്‍ ചെന്ന് ഇറങ്ങിയതേ, ഒരു വലിയപ്പന്‍ ഓടിവന്നു. ബാഗു വാങ്ങിച്ചു. വണ്ടി ‘പാര്‍ക്ക്’ചെയ്യേണ്ട സ്ഥലം കാണിച്ചുകൊടുത്തു. ബാഗും  എടുത്തുകൊണ്ടുപോയി മുറി കാണിച്ചുകൊടുത്തു. എന്നിട്ട് അച്ചനെ കാപ്പി കുടിപ്പിക്കാന്‍ കൊണ്ടുപോയി ഇരുത്തി. അതിനുശേഷം അടുത്ത പരിപാടിയിലേയ്ക്കു വന്നപ്പം, വലിയപ്പന്‍ പള്ളിയിലെ ക്രമീകരണങ്ങള്‍ നടത്തുന്നു...! അങ്ങനെ അവിടത്തെ പരിപാടികളെല്ലാം ചെയ്യുന്നത്, ക്രിമീകരിക്കുന്നത് ഇദ്ദേഹമാണ്. പ്രായം 70-നു മുകളില്‍! പേര്, അപ്പിച്ചേട്ടന്‍!  അപ്പിച്ചേട്ടന്‍റെ ഈ ജോലിയും പ്രവര്‍ത്തനങ്ങളും കണ്ടപ്പോള്‍ അച്ചന് അതിശയമായി. അച്ചന്‍ സിസ്റ്റേഴ്സിനോടു പറഞ്ഞു. ബാലവേലപോലെ തന്നെ കഠിനമാണ്, തെറ്റുമാണ്... വൃദ്ധരെക്കൊണ്ട് ഇത്രയും പണിയെടുപ്പിക്കുന്നത്.

അപ്പോള്‍ സിസ്റ്റേഴ്സ് അപ്പിച്ചേട്ടന്‍റെ കഥ പറഞ്ഞുകൊടുത്തു. മാത്രമല്ല, അപ്പിച്ചേട്ടന്‍ തന്നെ ഒരു ദിവസം അച്ചന്‍റെകൂടെ നടക്കാന്‍ പോയി. എന്നിട്ട് തന്‍റെ ജീവിതകഥ വിവരിച്ചു. അപ്പിച്ചേട്ടനെക്കാളും ചെറുപ്പക്കാരായ മനുഷ്യര്‍ അവിടെയുണ്ട്. 30, 50-നു കഴിഞ്ഞവര്... എന്നാല്‍  അവരെയൊക്കെ നോക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നത് ഈ അപ്പിച്ചേട്ടനാണ്. അവരുടെ ആവശ്യങ്ങളിലെല്ലാം എപ്പോഴും ഒരു കണ്ണുമായിട്ടാണ് അപ്പിച്ചേട്ടന്‍ ഓടിനടക്കുന്നത്. നടക്കാന്‍ പോയപ്പഴാ, അദ്ദേഹം ഈ കഥ പറഞ്ഞത്.  അദ്ദേഹം ഇങ്ങിനെയൊരു മനോഭാവത്തിലേയ്ക്ക് വന്നതിന്‍റെ കാരണം അദ്ദേഹത്തിന്‍റെ ഒരു മകള്‍ യു.കെ.-യിലാണ്. ഒരിക്കല്‍ മകളുടെ അടുക്കല്‍ അപ്പിച്ചേട്ടന്‍ ചെന്നു. അപ്പോഴിതാ, അവിടത്തെ ആശുപത്രിയില്‍ ചാപ്ലിനായി ഒരു മലായളിയച്ചന്‍...! അച്ചന്‍ കണ്ടു, വര്‍ത്തമാനം പറഞ്ഞു. വിശേഷമൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ അച്ചന്‍ ഒരു ഡയറി സമ്മാനിച്ചു.  എന്നിട്ട് ആ ഡയറിയില്‍ ഒരു വാചകം ഇങ്ങനെ എഴുതിക്കൊടുത്തു. എങ്ങനെ How to grow old gracefully ?  എങ്ങനെ പ്രസാദാത്മകമായും സമാധാനത്തോടുംകൂടി വാര്‍ദ്ധക്യത്തില്‍ എത്തിച്ചേരാം? എങ്ങനെ സമാധാനത്തോടും പ്രസാദവരത്തോടുംകൂടെ വൃദ്ധനായി മാറാം?

എന്നിട്ട് ഇതിനെ ഉദാഹരിക്കാന്‍വേണ്ടി അപ്പിച്ചേട്ടന്‍ പറഞ്ഞത് – രണ്ടു പട്ടികളുടെ കഥയാണ്. കൊല്ലന്‍റെ വീട്ടില്‍ ഒരു പട്ടിയുണ്ട്. പിന്നെ അയല്‍പക്കത്ത് കള്ളന്‍റെ വീട്ടിലും...! കൊല്ലന്‍റെ വീട്ടിലെ പട്ടിയുടെ പ്രശ്നമെന്താണ്? എന്നും  ആലയിലെ അടിയും തൊഴിയും ബഹളവുമാണ്! അതിനാല്‍ അവന്‍ ഏതു ശബ്ദംകേട്ടാലും ‘മൈന്‍റ്’ചെയ്യുകയില്ല. എന്നാല്‍ കള്ളന്‍റെ വീട്ടിലെ പട്ടിയോ, കുടിലിലെ പട്ടി വളരെ ശ്രദ്ധയോടെയാണ് ഇരിക്കുന്നത്. ചെറി കൂര്‍പ്പിച്ച്, ഏതൊരു അനക്കവും പിടിച്ചെടുക്കാന്‍ വേണ്ടി അവന്‍ തയ്യാറായി ഇരിക്കുകയാണ്. എന്നിട്ട് അപ്പിച്ചേട്ടന്‍ പറഞ്ഞത്, ഇതുപോലെ ഒരു ശ്രദ്ധയാണ് നമുക്ക് ആവശ്യം. ചുറ്റുമുള്ള മനുഷ്യരുടെ ജീവിതങ്ങളിലേയ്ക്കും അതിന്‍റെ ആവശ്യങ്ങളിലേയ്ക്കും ചെവി കൂര്‍പ്പിച്ചു പിടിക്കുക...! എന്നിട്ടോ, അപരനെ സഹായിക്കാനെത്തുക! ഇതുതന്നെയാണ് അപ്പിച്ചേട്ടന്‍ ജീവിതത്തില്‍ ചെയ്യുന്നത്. 70 കഴിഞ്ഞിട്ടും തന്നെക്കാള്‍ ചെരുപ്പമുള്ളവര്‍ ചുറ്റും നിന്നിട്ടും ഓരോരുത്തരുടെയും ജീവിതാവശ്യങ്ങളെ ശ്രദ്ധിച്ചു കണ്ടുപിടിക്കുകയും, എല്ലാവര്‍ക്കും സഹായഹസ്തവുമായി നില്ക്കുകയും ചെയ്യുന്നു. അപ്പിച്ചേട്ടന്‍ പറയുന്നു, How to grow old gracefully? എങ്ങനെ പ്രസാദാത്മകമായി വര്‍ദ്ധക്യത്തില്‍ ജീവിക്കാം!

സുവിശേഷം പറയുന്നു, ദൈവരാജ്യം തൊട്ടടുത്താണ്. അത് സ്വന്തമാക്കണമെങ്കില്‍ എന്താണു ചെയ്യേണ്ടത്? അതു സ്വന്തമാക്കണമെങ്കില്‍ നമ്മുടെ മനസ്സൊന്നു മാറണം. ചിന്താരീതിയൊന്നു മാറണം. കാഴ്ചപ്പാടൊന്നു മാറണം. ഈ കാഴ്ചപ്പാടിന്‍റെ മാറ്റത്തിലൂടെയാണ്  സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ നമുക്കു പറ്റുന്നത്. സ്വര്‍ഗ്ഗാരാജ്യം സ്വന്തമാക്കാന്‍ പറ്റുക. ഇതാണ് സ്നാപകന്‍ ആവശ്യപ്പെടുന്നത്. ഈശോ നമ്മോട് ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. നമ്മുടെ ചിന്താരീതിയും കാഴ്ചപ്പാടുകളും മാറണം. കാഴ്ചപ്പാടു മാറിയാല്‍ സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാന്‍ പറ്റുകയുള്ളൂ. സ്വര്‍ഗ്ഗരാജ്യത്തിന് തൊട്ടടുത്തും, അകത്താകാനും പറ്റുകയുള്ളൂ!

സ്നാപകന്‍ ആവശ്യപ്പെടുന്ന ഈ മനസ്സിന്‍റെ മാറ്റം, ചിന്താരീതിയുടെ മാറ്റം, കാഴ്ചപ്പാടിന്‍റെ മാറ്റം – ഇതൊരു ജീവിതദര്‍ശനത്തിന്‍റെ മാറ്റമാണ്. ഇപ്പോള്‍ സാധാരണഗതിയില്‍ നാം നമ്മുടെ കണ്ണുകളിലൂടെയാണ് കാണുന്നത്. എന്നാല്‍ സ്നാപകന്‍ പറയുന്നത്, അതു മാറ്റിയിട്ട് എല്ലാം ദൈവത്തിന്‍റെ കണ്ണുകളിലൂടെ കാണാനാണ്. നമ്മുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താനാണ്. ജീവിതത്തില്‍ നാം നമ്മുടെ ഓരോ നിമിഷത്തിന്‍റെയും ജീവിതത്തെ മാത്രമാണ് കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കണ്ണുകളിലൂടെ കാണുമ്പഴോ...? ജീവിതത്തെ അതിന്‍റെ totality-യില്‍, പൂര്‍ണ്ണതയില്‍ അതിന്‍റെ സമഗ്രതയില്‍ കാണുന്നു. ഇപ്പോള്‍ പ്രായമായെങ്കില്‍, മരണവും ജീവിതവും മരണാന്തരമുള്ള ജീവിതവും കാണാന്‍ പറ്റുമ്പോള്‍... എല്ലാം മാറുകയാണ്.

ഇത് പുതിയൊരു കാഴ്ചപ്പാടാണ്. മനസ്സിന്‍റെ മാറ്റമാണ്! കാഴ്ചപ്പാടിലൂടെ ജീവിതത്തെയും ജീവിതത്തിന്‍റെ അനുഭവങ്ങളെയും ദൈവത്തിന്‍റെ കണ്ണുകളിലൂടെ കാണാന്‍ തുടങ്ങുമ്പോള്‍... നീ സ്വര്‍ഗ്ഗരാജ്യത്തിനു യോഗ്യനാകും എത്തിച്ചേരും. അപ്പോള്‍ ഒരു കാര്യമുള്ളത്, ദൈവം നി‍ന്‍റെ ജീവിതത്തെ കാണുന്നത്, ദൈവത്തിന്‍റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍... നിന്‍റെ ജീവിതത്തെ മാത്രമല്ല ഈ പ്രപഞ്ചവും, നിന്‍റെ അടുത്തുള്ളവരും, ഈ പ്രഞ്ചം മുഴുവനും ദൈവത്തിന്‍റെ കാഴ്ചവട്ടത്തിന്‍റെ ഉള്ളില്‍ വരികയാണ്.  അതിന്‍റെ ഉള്ളില്‍ വരുമ്പോഴോ...? നാം ഒറ്റയ്ക്കല്ല, നമ്മുടെ അടുത്തു നല്ക്കുന്ന മനുഷ്യന്‍ ചെറിയവര്‍, ഇല്ലാത്തവര്‍, അവരെയൊക്കെ ദൈവത്തിന്‍റെ കണ്ണുകളിലൂടെ, അവിടുത്തെ കണ്‍വെട്ടത്തിലൂടെ കാണാന്‍ പറ്റുമ്പോള്‍ നമ്മുടെ കാഴ്ചപ്പാടു മാറുന്നു. നാം സ്വര്‍ഗ്ഗരാജ്യത്തിന് സമീപസ്ഥരായിത്തീരുന്നു.

പണ്ട്, ഒരു ധ്യാനകേന്ദ്രത്തില്‍ ഞാന്‍ ജോലിചെയ്യുമ്പോഴുള്ള അനുഭവം പറയട്ടെ. അന്ന് ആ ധ്യാനകേന്ദ്രത്തിലെ ജോയ് തോട്ടാംകരയച്ചന്‍ അറിയപ്പെട്ടയാളാണ്. അന്ന് സി.ഡി., കാസറ്റുകളൊക്കെ ഇറക്കിയിട്ടുള്ള അദ്ദേഹം, ഒരു ദിവസം ആശ്രമത്തിലെ ഫോണ്‍ ബൂത്തില്‍ കയറി, ഏതോ ഒരു കോള്‍  അറ്റന്‍ഡ് ചെയ്യുകയായിരുന്നു. അപ്പോള്‍ സ്വീകരണ മുറിയില്‍ ആരോ വന്ന് മണിയടിച്ചു. അവിടെ നോട്ടക്കാരനായി നിന്നിരുന്ന പയ്യന്‍ ഓടിച്ചെന്നു. ജോയിയച്ചനെ കാണാന്‍ ഒരു വലിയമ്മിച്ചിയാണ്. അച്ചനെ നോക്കിയിട്ട് കാണാനില്ല. അവസാനം ഫോണ്‍ ബൂത്തില്‍ കണ്ടെത്തി. അച്ചനോടു ചെന്നു പറഞ്ഞു. ഒരു വലിയമ്മിച്ചിയാണ് അച്ചനെ കാത്തുനില്ക്കുന്നത്. അച്ചന്‍ പറഞ്ഞു, വലിയമ്മിച്ചോട് അല്പം കാത്തുനില്ക്കാന്‍ പറയൂ! എന്നിട്ട് വീണ്ടും അച്ചന്‍ ഫോണ്‍ ബൂത്തില്‍ പ്രവേശിച്ചു.

അച്ചന്‍റെ ഫോണ്‍ വിളി തീരുന്നില്ല. പിന്നെയും സ്വീകരണമുറിയില്‍നിന്നും മണിയടി കേട്ടു. വലിയമ്മിച്ചിതന്നെ...! ഇത്തവണയും പയ്യന്‍ ഓടിച്ചെന്നു. അച്ചനോടു പറഞ്ഞു. അച്ചോ! വലിയമ്മിച്ചി കാത്തുനില്‍ക്കുന്നു. അച്ചന്‍ പറഞ്ഞു വലിയമ്മിച്ചിയോട് അവിടെ ഇരിക്കാന്‍ പറയൂ...!. അങ്ങനെ മണിയടി മൂന്നാം പ്രാവശ്യവും, നാലാം പ്രാവശ്യവുമായി. വലിയമ്മിച്ചി മടുത്തിട്ട്, അടുത്ത പടി, കൂട്ടമണി അടിക്കാന്‍ തുറങ്ങി. അമ്മിച്ചി മണിയേന്ന് കൈ എടുക്കുന്നുമില്ല. അടിയോട് അടിതന്നെ! അച്ചന്‍ ബൂത്തില്‍നിന്നും അവസാനം സഹികെട്ട് അമ്മിച്ചിയുടെ അടുത്തേയ്ക്ക് ഓടി.   അച്ചന്‍ എന്താണ് ഫോണ്‍ ബൂത്തില്‍തന്നെ പതിവില്ലാതെ ദീര്‍ഘനേരം നിന്നിരുന്നത്. അവിടെ ജോലിചെയ്തിരുന്നൊരു സ്ത്രീ ജീവിതപ്രതിസന്ധിയില്‍പ്പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്നു! ആ പെണ്‍കുട്ടിയുമായി സംസാരിച്ച് അവളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അച്ചന്‍ അവളോട് സംസാരിച്ച് അവളുടെ നിരാശയുടെ കുഴിയില്‍നിന്നും രക്ഷപ്പെടുത്തി എടുക്കാനുള്ള ശ്രമത്തിലായിരുന്നു. 

 അച്ചന്‍ പിന്നെ ഓടി, അമ്മിച്ചിയുടെ അടുത്തു ചെന്നു ചോദിച്ചു. അമ്മിച്ചീ, എന്താ കാണാന്‍ വന്നത്? അമ്മിച്ചി പറഞ്ഞു. കൈയ്യിലെ കുപ്പി കാണിച്ചുകൊണ്ടു പറഞ്ഞു. അച്ചാ, എന്‍റെ പശൂന് ഒരു തൂറ്റല്‍! അതുകൊണ്ട് അച്ചന്‍ എനിക്ക് ശകലം വെള്ളം വെഞ്ചിരിച്ചു തരണം. അമ്മച്ചിയെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം താന്‍ വളര്‍ത്തുന്ന പശുവിന്‍റെ തൂറ്റലാണ്! എന്നാല്‍ ഇവിടെ മറ്റൊരാള്‍ ആത്മഹത്യചെയ്യാന്‍ അതിന്‍റെ വക്കില്‍നില്ക്കുന്നു!

എന്‍റെ മുറിവുകള്‍, എന്‍റെ ജീവിതത്തിന്‍റെ പ്രതിസന്ധികള്‍! എന്നാല്‍ എന്‍റെ ജീവിതത്തിന്‍റെ മുറിവുകളിലേയ്ക്കു മാത്രം ശ്രദ്ധപതിച്ചിരുന്നാല്‍, പിന്നെ ചുറ്റുമുള്ള മനുഷ്യന്‍റെ വേദന കാണാനാവില്ല. കാഴ്ചപ്പാടാണ് മാറേണ്ടത്. ദൈവത്തിന്‍റെ കണ്ണുകളിലൂടെ കാണുമ്പോള്‍....!    നിന്‍റെ കണ്ണുകളിലൂടെ മാത്രമല്ല, നിന്‍റെ അടുത്തുള്ള മനുഷ്യരുമുണ്ട്, അവരുടെ നൊമ്പരങ്ങളും സഹനങ്ങളുമൊക്കെ ദൈവത്തിന്‍റെ കാഴ്ചവട്ടത്തിന് അകത്തുവരണം, അപ്പോള്‍ കാഴ്ചപ്പാടു മാറുന്നതും, മനസ്സ് മാറുന്നതും നമുക്കു കാണാനാകും.  സ്നാപകന്‍ ആവശ്യപ്പെടുന്നത് അത്തരമൊരു മനസ്സിന്‍റെയും കാഴ്ചപ്പാടിന്‍റെ മാറ്റമാണ്. ഈശോ ആവശ്യപ്പെടുന്നതും അതുതന്നെ. സ്നാപകന്‍ പറയുന്നത്, സ്വര്‍ഗ്ഗരാജ്യം സമീപസ്ഥമാണെന്നാണ്. അത് നമ്മുടെയൊക്കെ തൊട്ട് അടുത്താണെന്നാണ്. അതിന് അകത്തു പ്രവേശിക്കണമെങ്കിലോ, അതു സ്വന്തമാക്കണമെങ്കിലോ..? എന്തു ചെയ്യണം? കാഴ്ചപ്പാട് മാറിയാല്‍ മതി. തമ്പുരാന്‍റെ കണ്ണുകളിലൂടെ നമ്മുടെ ജീവിതത്തെയും മറ്റള്ളവരുടെ ജീവിതത്തെയും, ഈ ലോകത്തെ മുഴുവനും കാണാന്‍ ശ്രമിക്കുമ്പോള്‍...  ദൈവത്തിന്‍റെ കണ്ണുകളിലൂടെ കാണുമ്പോള്‍.., കാഴ്ചപ്പാട് മാറുന്നു.

എട്ടാമത്തെ വചനത്തില്‍ ഒരു കാര്യംകൂടി സ്നാപകന്‍ പറയുന്നുണ്ട്. “മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍!”  (മത്തായി 3, 8). ഇങ്ങനെ മനസ്സു മാറിയാല്‍... മാനസാന്തരത്തിനു യോജിച്ച ഫലം നമുക്ക് കൊയ്യാനാകും...! ഫലം പുറപ്പെടുവിക്കുവിന്‍. കാഴ്ചപ്പാടു മാറിയപ്പോള്‍.. അതിനു യോജിച്ച ഫലങ്ങള്‍ പ്രവൃത്തികളായിട്ട് നിന്‍റെ ജീവിതത്തില്‍ വന്നു നിറയുമെന്നാണ് സ്നാപകന്‍ ഇന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഇതുതന്നെയല്ലേ, അവസാനം ഈശോയും പറയുന്നത്. മുന്നോട്ടു പോകുമ്പോള്‍ പിന്നെയും സ്നാപകന്‍ പറയുന്നുണ്ട്, സ്വര്‍ഗ്ഗാരാജ്യം നിങ്ങളുടെ ഉള്ളില്‍ത്തന്നെ! അതായത്, നമ്മുടെ കാഴ്ചപ്പാടു മാറി, ജീവിതത്തെക്കുറിച്ചുള്ള ദര്‍ശനം മാറി.. പോരാ, അതിനു യോജിച്ച ഫലങ്ങളും പുറപ്പെടുവിച്ചു കഴിയുമ്പോല്‍,.... എന്താ സംഭവിക്കുന്നത്? നാം ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നു. നമ്മുടെ ഉള്ളില്‍ ദൈവരാജ്യത്തിന്‍റെ അനുഭവങ്ങള്‍ ഉണ്ടാകുന്നു, ഉണരുന്നു. അപ്പിച്ചേട്ടനെ നമുക്ക് മറക്കാതിരിക്കാം. കാഴ്ചപ്പാടിന്‍റെ മാറ്റത്തിലൂടെ How to grow old gracefully! വാര്‍ദ്ധക്യം എങ്ങനെ, എത്ര പ്രസാദവരത്തോടെ വളര്‍ത്തിയെടുക്കാം,  ജീവിതത്തില്‍ എങ്ങനെ പ്രസാദാത്മകമായി വാര്‍ദ്ധ്യത്തില്‍ എത്തിച്ചേരാം? എങ്ങനെ സമാധാനത്തോടും പ്രസാദവരത്തോടുംകൂടെ വൃദ്ധനായി ജീവിക്കാം? കാഴ്ചപ്പാടിന്‍റെ മാറ്റത്തിലൂടെ  സ്വര്‍ഗ്ഗരാജ്യത്തിന് യോഗ്യനാകാം, പ്രവേശിക്കാം!  എങ്ങനെ നമ്മുടെ ഉള്ളില്‍ ദൈവരാജ്യാനുഭവം വളര്‍ത്താം, എന്നാണ് സ്നാപകയോഹന്നാന്‍ ഇന്നു നമ്മെ പഠിപ്പിക്കുന്നത്.                

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയേ, അങ്ങേ വരവിനായി ഒരുങ്ങുന്ന ദിവസങ്ങളാണിത്. സ്നാപകനിലൂടെ അങ്ങ് ഞങ്ങളെ പഠിപ്പിക്കുന്നത് ഇതാണ്, ദൈവരാജ്യം എന്‍റെ സമീപത്താണ്, തൊട്ട് അടുത്താണ്. അത് ഞാന്‍ സ്വന്തമാക്കണമെങ്കില്‍, അതില്‍ ഞാന്‍ പ്രവേശിക്കണമെങ്കില്‍ എന്‍റെ മനസ്സു മാറണം, കാഴ്ചപ്പാടുകള്‍ മാറണം, എന്‍റെ ജീവിതരീതികള്‍ മാറണം. യേശുവേ, എന്‍റെ ജീവിതത്തെയും എന്‍റെ ചുറ്റുമുള്ളവരുടെ ജീവിതത്തെയും അങ്ങേ കണ്ണുകളിലൂടെ കാണാനുമുള്ള കാഴ്ചപ്പാടു തരണമേ! അങ്ങേ മനസ്സിലൂടെ കാണാനും...  അങ്ങനെ അത് എന്‍റെ ഹൃദയത്തിന്‍റെ ഭാവമാകാനും...! അതിന്‍റെ പരിണിതഫലമായി അങ്ങയുടെ പ്രവൃത്തികളുമായി ജീവിക്കാനുമുള്ള വലിയ കൃപയിലേയ്ക്ക് അങ്ങെന്നെ ഈ ദിവസങ്ങളില്‍ നയിക്കണമേ, ഒരുക്കണമേ!  ആമേന്‍.  








All the contents on this site are copyrighted ©.