2016-12-03 19:55:00

യുഎസ്സ് സ്റ്റേറ്റ് സെക്രട്ടറി വത്തിക്കാനില്‍


അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി, ജോണ്‍ കെരി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 2-Ɔ൦ തിയതി വെള്ളിയാഴ്ച രാവിലെയാണ് പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ ഓഫിസില്‍ എത്തി, അമേരിക്കയുടെ രാജ്യാന്തര നയതന്ത്രജ്ഞന്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. തികച്ചും സ്വകാര്യമായിരുന്നു കൂടിക്കാഴ്ച.

റോമില്‍ ഡിസംബര്‍ 2-മുതല്‍ സംഗമിക്കുന്ന മെഡിറ്ററേനിയന്‍ രാജ്യങ്ങളുടെ കുടിയേറ്റത്തെ സംബന്ധിച്ച ത്രിദിന ഉച്ചകോടില്‍ (Mediterranean Dilogues Summit – Rome) പങ്കെടുക്കാനാണ് ജോണ്‍ കെരി റോമില്‍ എത്തിയത്.

അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും രാഷ്ട്രങ്ങള്‍‍ സ്വീകരിക്കണമെന്ന തുറവുള്ള നയം പാപ്പാ ഫ്രാന്‍സിസിന്‍റെ അടിസ്ഥാന നിലപാടാണ്. എന്നാല്‍ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും വിവേചിച്ച് അറിയണമെന്നും പാപ്പാ വ്യക്തമായി പറയുന്നുണ്ട്. മെച്ചപ്പെട്ട ജീവിതാവസ്ഥ തേടിയും, തൊഴിലിനും വിദ്യാഭ്യാസത്തിനുമായി കുടിയേറുന്നവര്‍ ഓരോ രാജ്യാതിര്‍ത്തിയുടെയും നിയമങ്ങള്‍ പാലിക്കേണ്ടതാണ്. എന്നാല്‍ യുദ്ധം അഭ്യന്തരകലാപം, കാലാവസ്ഥക്കെടുതി, പ്രകൃതിവിനാശം, ദാരിദ്ര്യം എന്നിവയാല്‍ കുടിയേറാന്‍ നിര്‍ബന്ധിതരാകുകയും, അഭയം തേടി രാജ്യാതിര്‍ത്തികളില്‍ മുട്ടുകയുംചെയ്യുന്നവരോട് രാഷ്ട്രങ്ങള്‍ സഹാനുഭാവവും കരുണയും കാട്ടണമെന്നും, അവരെ ഉള്‍ക്കൊള്ളണമെന്നും പാപ്പാ അഭ്യര്‍ത്ഥിക്കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ കൊട്ടിയടയ്ക്കുന്നത് മനുഷ്യത്വത്തിനു ചേരാത്ത പ്രവൃത്തിയാണെന്നും പാപ്പാ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഗ്രീസിലെ ലെസ്ബോസ് ദ്വീപ് സന്ദര്‍ശിച്ച പാപ്പാ ഫ്രാന്‍സിസ് (16 ഏപ്രില്‍ 2016), നിരാലംബരായ അഞ്ച് സിറിയന്‍ കുടുംബങ്ങളെ മടക്കയാത്രയില്‍ തന്‍റെ വിമാനത്തില്‍ കയറ്റിക്കൊണ്ടുവന്ന് സഹാനുഭാവത്തിന്‍റെയും കാരുണ്യത്തിന്‍റെയും മാതൃക കാട്ടിയിട്ടുണ്ട്.

 








All the contents on this site are copyrighted ©.