2016-12-02 13:08:00

“വിദ്യഅഭ്യസിപ്പിക്കുക, പ്രഘോഷിക്കുക, രൂപാന്തരപ്പെടുത്തുക”


ദൈവരാജ്യത്തിനനുയോജ്യമായി ഹൃദയങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും രൂപാന്തരപ്പെടുത്താന്‍ കഴിയുന്ന സുവിശേഷവത്ക്കരണ ബോധനവിദ്യ എന്നത്തെക്കാളുപരി ഇന്ന് ആവശ്യമായിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

സുവിശേഷ സ്നേഹത്തിലും ജ്ഞാനത്തിലും കുഞ്ഞുങ്ങളുടെയും യുവജനത്തിന്‍റെയും രൂപവല്‍ക്കരണം ലക്ഷ്യംവയ്ക്കുന്നതായ ക്രിസ്തീയ വിദ്യഭ്യാസ സ്ഥാപനത്തിന് തുടക്കമിടുകയും പ്രസ്തുത ലക്ഷ്യത്തോടെ സ്കോലോപി വൈദികര്‍ എന്നൊരു സമൂഹത്തിന് രൂപമേകുകയും ചെയ്ത സ്പെയിന്‍ സ്വദേശിയായ വൈദികന്‍ വിശുദ്ധ ജുസേപ്പെ കലസാന്‍സിയായുടെ നാമത്തില്‍ നവമ്പര്‍ 27 ന് ആരംഭിച്ച ജൂബിലിവര്‍ഷത്തോടനുബന്ധിച്ച്, ഫ്രാന്‍സീസ് പാപ്പാ, സ്കോലോപി വൈദികര്‍ എന്ന സന്ന്യാസമൂഹത്തിന്‍റെ പൊതുശ്രേഷ്ഠന്‍ ഫാദര്‍ പോദ്രൊ അഗ്വാദൊ ക്വേസ്തയ്ക്കയച്ച സന്ദേശത്തിലാണ് ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിശുദ്ധ  ജുസേപ്പെ കലസാന്‍സിയൊ യുറോപ്പിലെ ആദ്യത്തെ സൗജന്യ ജനകീയ വിദ്യാലയം റോമില്‍  സ്ക്വോളെ പീയെ (SUCOLE PIE) എന്ന പേരില്‍ ആരംഭിച്ചതിന്‍റെ  നാനൂറാമത്തെയും ജുസേപ്പെ കലസാന്‍സിയൊ വിശുദ്ധപദത്തിലേക്കുയര്‍ത്തപ്പെട്ടതിന്‍റെ  ഇരുന്നൂറ്റിയമ്പതാമത്തെയും വാര്‍ഷികത്തോടനുബന്ധിച്ചാണ് കലസാന്‍സിയന്‍ ജൂബിലിയാചരണം.  

പാവപ്പെട്ടവര്‍ക്കിടയിലും സുവിശേഷത്തിന് അല്പംമാത്രം ഇടം ലഭിച്ചിടങ്ങളിലും  അല്ലങ്കില്‍ സുവിശേഷം ജീവിതത്തിന്‍റെ അരികുകളെ മാത്രം സ്പര്‍ശിക്കുന്നടങ്ങളില്‍, ദൈവരാജ്യത്തിനനുയോജ്യമായി ഹൃദയങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും രൂപാന്തരപ്പെടുത്തുകയെന്ന ലക്ഷ്യപ്രാപ്തിക്ക് ക്രിസ്തീയ വിദ്യഭ്യാസം  സവിശേഷമായ ഒരുപാധിയാണെന്ന് പാപ്പാ പറഞ്ഞു.

ശൈശവം മുതല്‍ തന്നെ ഓരോ മാനവ ഹൃദയത്തിലും, ദൈവസാന്നിധ്യം മാനുഷികവും ദൈവികവുമായ അറിവുകള്‍ ഉപയോഗിച്ച് മനസ്സിലാക്കാനും ആ സാന്നിധ്യത്തെ സ്വാഗതം ചെയ്യാനുമുള്ള സാധ്യത വിദ്യഭ്യാസം തുറക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

“വിദ്യഅഭ്യസിപ്പിക്കുക, പ്രഘോഷിക്കുക, രൂപാന്തരപ്പെടുത്തുക” എന്ന മുദ്രാവാക്യം കലസാന്‍സിയന്‍ ജൂബിലിവര്‍ഷം സ്വീകരിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ ഈ ജൂബിലിവര്‍ഷത്തില്‍ ഈ മുദ്രാവാക്യം സ്കോലൊപി വൈദികര്‍ക്ക്   വഴികാട്ടുകയും  അവരെ നയിക്കുകയും ചെയ്യട്ടെയെന്ന് ആശംസിച്ചു.

1948 ല്‍ പന്ത്രണ്ടാം പീയുസ് പാപ്പാ വിശുദ്ധ ജുസേപ്പെ കലന്‍സാന്‍സിയൊയെ ലോകത്തിലെ ജനകീയ ക്രൈസ്തവവിദ്യാലയങ്ങളുടെ സാര്‍വ്വത്രിക സ്വര്‍ഗ്ഗീയമദ്ധ്യസ്ഥാനായി പ്രഖ്യാപിച്ചു.








All the contents on this site are copyrighted ©.