2016-12-02 09:29:00

“ഉതപ്പാകുന്ന വിധത്തില്‍ അപാരമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ എളിമ...!”


സഭ ആചരിക്കുന്ന ആഗമനകാലത്ത് അതിന്‍റെ കേന്ദ്രമായ ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ മനോഭാവത്തെക്കുറിച്ച് നവംബര്‍ 30-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇറ്റിലിയിലെ അംഗോണ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ എഡ്വേര്‍ഡ് മേനിചേലിയാണ് ഈ ക്രിസ്തുമസ് വിചാരം പങ്കുവച്ചത്.  

പാപ്പാ ഫ്രാന്‍സിസിന്‍റെ എളിമ ‘ഉതപ്പാകുന്ന വിധത്തില്‍’അപരാമെന്ന്,  ലാഘവത്തോടെ പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ മേനിചേലി അഭിമുഖം ആരംഭിച്ചത്. മേന്മയ്ക്കും മേല്‍ഗതിക്കും, സമ്പല്‍സമൃദ്ധിക്കുമായി സകലരും പരക്കംപായുന്ന ലോകത്താണ് താഴ്മകളില്‍ താഴ്മയുമായ് അവതരിച്ച ക്രിസ്തുവിന്‍റെ ജനനത്തിരുനാളിന് എങ്ങനെ ഒരുങ്ങുമെന്നാണ് കര്‍ദ്ദിനാളിന്‍റെ പങ്കുവയ്ക്കല്‍. നാം ജീവിക്കുന്ന ഇന്നിന്‍റെ നിഷേധാത്മകമായ സമൂഹിക പരിസരത്ത് എളിമ അല്ലെങ്കില്‍ വിനയം ഉതപ്പായും മൗഢ്യമായും മനുഷ്യര്‍ മനസ്സിലാക്കാന്‍ ഇടയുണ്ട്. കര്‍ദ്ദിനാള്‍ മേനിചേലി പറഞ്ഞു.

അനങ്ങാതിരിക്കാനാണ് സൗകര്യം. പുറത്തെയ്ക്കിറങ്ങുന്നത് ആസൗകര്യമാണ്. എന്നാല്‍ ജീവിക്കേണ്ടത് അപരിനിലേയ്ക്ക് താഴ്മയില്‍ ഇറങ്ങിച്ചെന്നുകൊണ്ടാണ്, വിശിഷ്യ ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളെ തുണയ്ക്കാന്‍ മുന്‍കൈ എടുത്തുകൊണ്ടാണ്.  ക്രിസ്തുമസ്സിന്‍റെയും ആഗമനകാലത്തിന്‍റെയും പൊരുള്‍ ഇതാണ്. ദൈവം നമ്മിലേയ്ക്ക് ഇറങ്ങിവന്നതിന്‍റെ ഓര്‍മ്മയും,   ആ നല്ല ഓര്‍മ്മയുടെ ആനന്ദോത്സവവുമാണ് ക്രിസ്തുമസ്സ്!

ജീവിതത്തില്‍ മുന്നേറണമെങ്കില്‍, ഓര്‍ക്കുക നാം ഇറങ്ങിപ്പുറപ്പെടുകതന്നെ വേണം!  ജൂബിലിയുടെ സമാപനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം... ‘കാരുണ്യവും കദനവും’ (Misericordia et Misera) തമ്മിലുള്ള കൂടിക്കാഴ്ചയാണ്.  കരുണയായ ദൈവത്തെ കണ്ടെത്തിയ വിശുദ്ധ അഗസ്റ്റിന്‍റെ ദര്‍ശനത്തോടെയാണ് പാപ്പാ നല്കിയ അപ്പസ്തോലിക ലേഖനം ആരംഭിക്കുന്നത്. ക്രിസ്തുവിനെ കണ്ടെത്തിയ പാപിനിയായ സ്ത്രീ രക്ഷപ്രാപിക്കുന്നു. അവള്‍ക്കു കിട്ടിയ രക്ഷ, ജീവിതാനന്ദമാണ്. അവള്‍ ക്രിസ്തുവിനെ തേടിയിറങ്ങി. അതിനാല്‍ കണ്ടെത്തി. അങ്ങനെ രക്ഷപ്രാപിച്ചു. താഴ്മയില്‍ ഇറങ്ങിച്ചെന്നതിനാല്‍ ദൈവത്തിന്‍റെ കാരുണ്യം സ്വീകരിച്ച്, അവള്‍ രക്ഷപ്രാപിച്ചു. ഇത് വിശ്വാസം നല്കിയ കൂടിക്കാഴ്ചയാണ്,  സ്നേഹത്തിന്‍റെ കൂടിക്കാഴ്ചയാണ്.

ഈ ആഗമനകാലത്ത് നമുക്കും പരിശ്രമിക്കാം. നമ്മുടെയും കൂടിക്കാഴ്ചകള്‍ എളിമയിലും സ്നേഹത്തിലുമുള്ളതാവട്ടെ! അപരനിലേയ്ക്ക് എളിമയോടെ ഇറങ്ങിച്ചെല്ലുന്നതാവട്ടെ! അവിടെ ദൈവാനുഭവമുണ്ടാകും. ദൈവം നമ്മിലേയ്ക്ക് ഇറങ്ങിവരും, ദൈവം നമ്മില്‍ പിറക്കും, നമ്മില്‍ വസിക്കും. ഈ ആഗമനകാലം ക്രിസ്തവാനുഭവത്തിന്‍റെ നാളുകളാവട്ടെ!

2015-ല്‍ പാപ്പാ ഫ്രാന്‍സിസ് തിരഞ്ഞെടുത്ത ഇറ്റലിക്കാരനായ കര്‍ദ്ദിനാള്‍ എഡ്വേര്‍ഡ് മേനിചേലി ആഗമനകാലത്തെക്കുറിച്ചുള്ള അഭിമുഖം അവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു.








All the contents on this site are copyrighted ©.