2016-12-01 09:37:00

വത്തിക്കാനിലെ ജൂബിലികവാടം ഭിത്തികെട്ടി അടയ്ക്കപ്പെട്ടു


നവംബര്‍ 29-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരമാണ് ജൂബിലി കവാടത്തിന്‍റെ വാതായനങ്ങളുടെ പിന്‍ഭാഗം ഭിത്തി കെട്ടി പൂര്‍ണ്ണമായും അടയ്ക്കപ്പെട്ടത്.

അടുത്ത ജൂബിലിക്കായി തുറക്കംവരെ വാതില്‍പ്പാളികള്‍ക്കു പിന്നില്‍ ഇഷ്ടികയുടെ ഭിത്തികെട്ടി അടയ്ക്കപ്പെട്ടു. ഭിത്തിയുടെ മദ്ധ്യത്തില്‍ ഒരു കുരിശുകൊണ്ട് അടയാളപ്പെടുത്തിയ ഭാഗത്ത് ജൂബിലി സ്മാരകങ്ങളും ചരിത്രരേഖകളും ഒരു ലോഹപ്പേടകത്തിലാക്കി മുദ്രവയ്ക്കപ്പെട്ടു. ജൂബിലി വാതയനങ്ങള്‍ നവംബര്‍ 20-ന് പാപ്പാ ഫ്രാന്‍സിസ് അടച്ച കര്‍മ്മത്തിന്‍റെ തുടര്‍ച്ച പോലെയായിരുന്നു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വലതുഭാഗത്തുള്ള ജൂബിലികവാടം ഭിത്തികെട്ടി അടച്ച ചെറിയ ചടങ്ങെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് നിരീക്ഷിച്ചു.

കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിയുടെ ആധാര രേഖകളും, പരിപാടികളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചുരുള്‍, പാപ്പാ ഫ്രാന്‍സിസിനെയും അദ്ദേഹത്തിന്‍റെ സഭാശുശ്രൂഷയുടെ നാലുവര്‍ഷങ്ങള്‍ സൂചിപ്പിക്കുന്ന അഞ്ചു (1+4) സ്വര്‍ണ്ണനാളയങ്ങള്‍, 2000-Ɔമാണ്ട് ജൂബിലിയില്‍നിന്നും കാരുണ്യത്തിന്‍റെ ജൂബിലിവരെ എത്തിയ 16 വര്‍ഷങ്ങളെ സൂചിപ്പിക്കുന്ന 16 വെള്ളിനാണയങ്ങള്‍, ജൂബിലിയുടെ മറ്റു സ്മരണികകളും ചരിത്രരേഖകളും പേടകത്തില്‍വച്ച് സീലുചെയ്തശേഷം, ഭിത്തിയുടെ കേന്ദ്രഭാഗത്ത് സ്ഥാപിച്ച് സിമെന്‍റും ഇഷ്ടികക്കട്ടകളും ചേര്‍ത്താണ് ഭദ്രമായി അടയ്ക്കപ്പെട്ടത്.

ചൊവ്വാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6 മണിയോടെ ആരംഭിച്ച ഭിത്തികെട്ടും സ്മരണികകളുടെ മുദ്രവയ്ക്കലും കൈയ്യൊപ്പിടലുമായി ഒരു മണിക്കൂര്‍നീണ്ട ചടങ്ങുകള്‍ക്ക് ജൂബിലി കാര്യങ്ങളുടെ ഉത്തരവാദിത്വംവഹിച്ച, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസികേല, അപ്പസ്തോലിക അരമനയുടെ പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ജാന്‍സ്വെയിന്‍, ബസിലിക്കയുടെ പ്രധാനപുരോഹിതന്‍ കര്‍ദ്ദിനാല്‍ ആഞ്ചലോ കൊമാസ്ട്രി, ആരാധനക്രമ കാര്യാലയത്തിന്‍റെ മേധാവി, മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി, മറ്റു സഹായികള്‍, ബസിലക്കയിലുണ്ടായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി വന്‍സമൂഹം ദൃക്സാക്ഷികളായി.

2000-Ɔമാണ്ടു കഴിഞ്ഞുവരുന്ന 25-Ɔ൦വര്‍ഷം - 2025-Ɔമാണ്ടില്‍ അടുത്ത് ആചരിക്കപ്പെടേണ്ട സാധാരണ ജൂബിലിവത്സരത്തിലായിരിക്കും  (Ordinary Jubilee) ഇനി ജൂബിലികവാടം തുറക്കുക. പതിവുകള്‍ തെറ്റിക്കുന്ന പാപ്പാ ഫ്രാന്‍സിസ് ഇടക്കാലത്ത് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തെ അതുകൊണ്ടുതന്നെ അനിതരസാധാരണമെന്ന് (Extraordinary Jubilee) വിശേഷിപ്പിക്കപ്പെട്ടു.

ജൂബിലി വാതായനം ഭീത്തികെട്ടി അടച്ചതിന്‍റെയും, ചരിത്രരേഖകള്‍ അതില്‍ സൂക്ഷച്ചതിന്‍റെയുമെല്ലാം വിശദാംശങ്ങള്‍ വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തിന്‍റെ മേധാവി ഗ്രെഗ് ബേര്‍ക്കാണ് നവംബര്‍

30-ന് ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചത്.








All the contents on this site are copyrighted ©.