2016-11-24 18:19:00

സഭൈക്യശ്രമത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സഹോദര സാമീപ്യം


സപ്തതി ആഘോഷിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍, പാത്രിയര്‍ക്കിസ് കിരിലിന് പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു! മോസ്ക്കോയുടെയും, റഷ്യയുടെ ആകമാനവും ഓര്‍ത്തഡോക്സ് സഭാതലവനായ പാത്രിയര്‍ക്കിസ് കിരില്‍ സപ്തതിനിറവില്‍ എത്തിയത് നവംബര്‍ 22-Ɔ൦ തിയതിയായിരുന്നു.

പാപ്പാ ഫ്രാന്‍സിസിനെ പ്രതിനിധീകരിച്ച് ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേട് കോഹ് മോസ്ക്കോയിലെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുശേഷിപ്പ് പാപ്പാ ഫ്രാന്‍സിസ് കൊടുത്തയച്ചത് പാത്രിയാര്‍ക്കിസ് കിരിലിന് പിറന്നാള്‍ സമ്മാനമായി നല്‍കി, അനുമോദിച്ചു. മോസ്ക്കോയിലെ പാത്രിയാര്‍ക്കല്‍ വസതിയായ വിശുദ്ധ ഡാനിയേലിന്‍റെ നാമത്തിലുള്ള ഓര്‍ത്തഡോക്സ് ആശ്രമത്തില്‍വച്ചായിരുന്നു പാത്രിയര്‍ക്കിസ് കിരിലിനെ കര്‍ദ്ദിനാള്‍ കോഹ് അഭിവാദ്യംചെയ്ത്, സമ്മാനം നല്കിയത്.

കിഴക്കും പടിഞ്ഞാറും സഭകള്‍ തമ്മില്‍ വളരുന്നുവരുന്ന സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമാണ് തന്‍റെ ജന്മനാളില്‍ പാപ്പാ ഫ്രാന്‍സിസ് കൊടുത്തയച്ച സമാധാനദൂതനായ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുശേഷിപ്പെന്ന് പാത്രിയര്‍ക്കിസ് കിരില്‍ നന്ദിയോടെ വിശേഷിപ്പിച്ചതായി, റഷ്യന്‍ പാത്രിയേര്‍ക്കിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

2016 ഫെബ്രുവരി 12-ന് ക്യൂബയിലെ ഹവാനയില്‍വച്ചു പാപ്പാ ഫ്രാന്‍സിസുമായി നടന്ന കൂടിക്കാഴ്ചയും, ഇരുപക്ഷവും ചേര്‍ന്ന് അന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയും ഓര്‍ത്തഡോക്സ് സഭാതലവന്‍ സന്തോഷത്തോടെ അനുസ്മരിച്ചു.

ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുംചെയ്യുന്ന ദേശത്ത് എവിടെയും സമാധാന നിര്‍മ്മിതിക്കുള്ള വലിയ ഉപകരണമാണ് സഭൈക്യ നീക്കങ്ങളെന്ന് പാത്രിയര്‍ക്കിസ് കിരില്‍ പ്രസ്താവിച്ചു. അഭ്യന്തരകലാപങ്ങളും രാഷ്ട്രീയ ചേരിതിരിവും ഭീകരാക്രമണങ്ങളും നടമാടുന്നിടങ്ങളില്‍ ക്രൈസ്തവ സഭകള്‍ കൈകോര്‍ത്തുനിന്നാല്‍ എവിടെയും സമാധാനത്തിന്‍റെ പ്രയോക്താക്കളാകാനും സാമൂഹിക നന്മ വളര്‍ത്താനും, കൈവരിക്കാനും സാധിക്കുമെന്ന് പാത്രിയര്‍ക്കിസ് കിരില്‍ സമര്‍ത്ഥിച്ചു.

Photo : The first ever meeting of the Pope with the Patriarch Kirill, Head of the Orthodox Christians of Moscow and the whole of Russia. 12th February 2016 in Havana, Cuba.








All the contents on this site are copyrighted ©.