2016-11-23 13:23:00

പാപ്പായുടെ പ്രതിവാര പൊതുദര്‍ശന പരിപാടി


ഈ ബുധനാഴ്ചയും (23/11/16) ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. പൊതുദര്‍ശനപരിപാടിയുടെ വേദി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. പാപ്പാ ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആനന്ദാരവങ്ങളുമുയര്‍ന്നു.പാപ്പാ കൈകള്‍ ഉയര്‍ത്തി, എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ തലോടി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാര്‍പ്പാപ്പാ സാവധാനം നടന്ന്  വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

“ആ സമയംതന്നെ പരിശുദ്ധാത്മാവില്‍ ആനന്ദിച്ച് അവന്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേ പിതാവെ, അതായിരുന്നു അവിടത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്താനാഗ്രഹിക്കുന്നവോ അവനല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല”.  ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 10, 21ഉം 22ഉം വാക്യങ്ങള്‍. 

ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ   കാരുണ്യപ്രവൃത്തികളെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നുകൊണ്ട് ഇറ്റാലിയന്‍ ഭാഷയില്‍  നടത്തിയ പ്രഭാഷണം ഇപ്രകാരം സംഗ്രഹിക്കാം:                         

പ്രിയ സഹോദരീസഹോദരന്മാരെ ശുഭദിനം,

ജൂബിലി സമാപിച്ചു, നമ്മള്‍ സാധാരണ ദിനത്തിലേക്കു വീണ്ടും കടന്നിരിക്കുന്നു. എന്നിരുന്നാലും കാരുണ്യപ്രവൃത്തികളെക്കുറിച്ചുള്ള കുറച്ചു ചിന്തകള്‍ കൂടി ബാക്കിനില്ക്കുന്നു.  ആകയാല്‍ നമുക്ക് കാരുണ്യപ്രവൃത്തികളെക്കുറിച്ചുള്ള പരിചിന്തനം തുടരാം.

ആദ്ധ്യാത്മിക കാരുണ്യപ്രവൃത്തികളെ അധികരിച്ചുള്ള ഇന്നത്തെ ചിന്തകള്‍ പരസ്പരം അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന രണ്ടു പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. അതായത്, സന്ദേഹമുള്ളവര്‍ക്ക് ഉപദേശം നല്കുക, അജ്ഞരെ അവര്‍ക്കറിയാത്ത കാര്യം പഠിപ്പിക്കുക എന്നിവയാണ് ആ പ്രവൃത്തികള്‍. അജ്ഞര്‍ എന്നു പറയുമ്പോള്‍ അത് അല്പം കടുത്ത പ്രയോഗമല്ലേ? ഇവിടെ അര്‍ത്ഥമാക്കുന്നത് ഒരു കാര്യത്തെക്കുറിച്ച് അറിവില്ലാത്ത വ്യക്തിയെ അതു പിഠിപ്പിക്കുക എന്നാണ്. ഈ രണ്ടു പ്രവൃത്തികളും, വളരെ ലളിതവും, കുടുംബപരവും ആയമാനങ്ങളില്‍ ചെയ്യാവുന്നതും എല്ലാവര്‍ക്കും സാധിക്കുന്നതുമാണ്. ഇവ, വശിഷ്യ, രണ്ടാമത്തേത് , അതായത് പഠിപ്പിക്കല്‍, വ്യവസ്ഥാപിതവും ആസൂത്രിതവുമായ രീതിയിലും ചെയ്യാവുന്നതാണ്. ഉദാഹരണമായി, നിരക്ഷരരായ കുഞ്ഞുങ്ങള്‍ നിരവധിയാണ്. സാങ്കേതിക ശാസ്ത്രീയ മണ്ഡലങ്ങളില്‍ ഇത്രയേറെ പുരോഗതിയുണ്ടായിട്ടുള്ള ഒരു ലോകത്തില്‍ നിരക്ഷരരായ കുഞ്ഞുങ്ങള്‍ നിരവധിയാണ് എന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു കാര്യമാണ്. ഇതൊരു അനീതിയാണ്. വിദ്യാഭ്യാസം ലഭിക്കാത്ത കുഞ്ഞുങ്ങള്‍ ഏറെയാണ്. ഇത് മനുഷ്യവ്യക്തിയുടെ ഔന്നത്യത്തിനു തന്നെ ഹാനിവരുത്തുന്നു. വിദ്യഭ്യാസത്തിന്‍റെ  അഭാവത്തില്‍ വ്യക്തി ചൂഷണത്തിനും വിവിധ സാമൂഹ്യതിന്മകള്‍ക്കും എളുപ്പത്തില്‍ ഇരയായിത്തീരുന്നു.

സഭ, നൂറ്റാണ്ടുകളു‍‌ടെ ഗതിയില്‍, വിദ്യഭ്യാസ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവതിയായി. കാരണം, കൂടുതല്‍ ദരിദ്രരായവര്‍ക്ക് അവരുടെ ഔന്നത്യം വീണ്ടെടുത്തു നല്കാനുള്ള യത്നം സുവിശേഷവത്ക്കരണം എന്ന അവളുടെ ദൗത്യത്തില്‍ അന്തര്‍ലീനമാണ്. ക്രൈസ്തവര്‍ക്ക് തിരുലിഖിതങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുനല്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാം നൂറ്റാണ്ടില്‍, ഇവിടെ, റോമില്‍ വിദ്യാലയം സ്ഥാപിച്ച വിശുദ്ധ ജസ്റ്റിന്‍ മുതല്‍, യുറോപ്പില്‍ സൗജന്യ പൊതു വിദ്യാലയങ്ങള്‍ തുടങ്ങിയ കസലാന്‍ത്സിയൊയിലെ വിശുദ്ധ ജോസഫ് തുടങ്ങിയവരുള്‍പ്പടെ, പാവപ്പെട്ടവര്‍ക്ക്  വിദ്യഭ്യാസമേകുന്നതിന് പല കാലഘട്ടങ്ങളില്‍ പരിശ്രമിച്ച വിശുദ്ധരും വിശുദ്ധകളുമായവരുടെ നീണ്ട പട്ടികതന്നെ നമുക്കുണ്ട്. കുഞ്ഞുങ്ങള്‍ക്കും യുവജനത്തിനും വിദ്യ പ്രധാനം ചെയ്യുന്നതിന് ജീവിതം ഉഴിഞ്ഞുവച്ച അല്മായരും സമര്‍പ്പിതരായ സഹോദരീസഹോദരങ്ങളും വൈദികരുമായ ക്രൈസ്തവര്‍ എത്രയേറെയാണ്. മഹത്തായ കാര്യമാണത്. കരഘോഷമോടെ അവര്‍ക്കാദരവര്‍പ്പിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്.

എത്രമാത്രം വിദ്യഭ്യാസം ലഭിക്കുന്നുവോ അതിനാനുപാതികമായി വ്യക്തികള്‍ നമുക്ക് ജീവിതത്തില്‍ ആവശ്യമുള്ളവയായ നിശ്ചയദാര്‍ഢ്യവും ബോധ്യവും ആര്‍ജ്ജിക്കുന്നു. നല്ല വിദ്യഭ്യാസം നമ്മെ നിരൂപണ ശൈലി പഠിപ്പിക്കുന്നു. കൂടുതല്‍ അറിവു നേടുക എന്ന ലക്ഷ്യത്തോടെ ചോദ്യങ്ങള്‍ ഉന്നയിക്കാനും ലഭിച്ച ഉത്തരങ്ങള്‍ വിലയിരുത്താനും ഉപകാരപ്രദമായ ഒരു തരം സന്ദേഹം നമ്മിലുണര്‍ത്തുന്നതും ഈ ശൈലിയിലുള്‍ക്കൊള്ളുന്നു. സംശയമുള്ളവരെ ഗുണദോഷിക്കുകയെന്നത് ഇത്തരം സന്ദേഹവുമായി ബന്ധപ്പെട്ടതല്ല. എന്നാല്‍ സംശയമുള്ളവരോടുള്ള കാരുണ്യ പ്രവൃത്തി സംശയത്തിന്‍റെ ഫലമായ ഭയം, ഉല്‍ക്കണ്ഠ എന്നിവയുളവാക്കുന്ന സഹനത്തില്‍, വേദനയില്‍, ആശ്വാസം പകരലാണ്.

പിതാവേ, വിശ്വാസത്തെക്കുറിച്ച് എനിക്ക് ഏറെ സംശയങ്ങളുണ്ട്, ഞാന്‍ എന്തു ചെയ്യണം? അങ്ങേയ്ക്ക് സംശയമൊന്നുമില്ലേ? എന്ന് നിങ്ങളിലാരെങ്കിലും എന്നോടു ചോദിച്ചേക്കാം. എനിക്കും നിരവധി സംശയങ്ങളുണ്ട്. തീര്‍ച്ചയായും ചില സന്ദര്‍ഭങ്ങളില്‍ എല്ലാവര്‍ക്കും സംശങ്ങളുണ്ടാകാം. വിശ്വാസസംബന്ധിയായ സംശയങ്ങള്‍, ഭാവാത്മകാര്‍ത്ഥത്തില്‍, ദൈവത്തെക്കുറിച്ച്, യേശുവിനെക്കുറിച്ച്, നമ്മോട് അവിടത്തേക്കുള്ള സ്നേഹത്തെക്കുറിച്ചു, കുടൂതല്‍ ആഴത്തില്‍ അറിയാനുള്ള ആഗ്രഹത്തിന്‍റെ അടയാളമാണ്. ജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് സംശയിക്കുന്നവര്‍ക്കും വിശ്വാസത്തില്‍ ചഞ്ചലരായവര്‍ക്കും ഉപദേശമേകുകയെന്നത് യഥാര്‍ത്ഥ കാരുണ്യ പ്രവൃത്തിയാണ്.

പ്രിയ സഹോദരങ്ങളേ,  നമുക്കു കാണാന്‍ സാധിക്കുന്നതുപോലെ, ഈ രണ്ടു കാരുണ്യപ്രവൃത്തികളും നമ്മുടെ ജീവിതത്തില്‍ നിന്ന് വിദൂരത്തിലല്ല. ദൈവത്തിന്‍റെ  സ്നേഹത്തിന്‍റെ രഹസ്യം അവിടന്ന് വെളിപ്പെടുത്തിയത് ജ്ഞാനികള്‍ക്കും  ബുദ്ധിമാന്മാര്‍ക്കുമല്ല, പ്രത്യുത, ശിശുക്കള്‍ക്കാണ് എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം കര്‍ത്താവിന്‍റെ വാക്ക് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് പരിശ്രമിക്കാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കും എന്നാണ്.  നാം പകര്‍ന്നുകൊടുക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന ഏറ്റം അഗാധമായ പ്രബോധനവും സംശയത്തില്‍ നിന്നു പുറത്തുകടക്കാനുള്ള ഏറ്റം സുരക്ഷിതമായ ഉറപ്പും നാം സ്നേഹിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്‍റെ സ്നേഹമാണ്. എന്നന്നേക്കുമായി സൗജന്യമായി നല്കപ്പെട്ട മഹാ സ്നേഹമാണത്. ദൈവം ഒരിക്കലും അവിടത്തെ സ്നേഹത്തില്‍ പിന്നോട്ടു പോകുന്നില്ല. സദാ മുന്നേറുന്നു. എന്നന്നേക്കുമായി നല്കപ്പെട്ട ആ സ്നേഹത്തിന്, സഹോദരങ്ങള്‍ക്ക്  കാരുണ്യമേകി, സാക്ഷികളായിത്തീരുകയെന്ന ഉത്തരവാദിത്വത്തക്കുറിച്ചുള്ള അവബോധം നമ്മില്‍ ശക്തമാകണം. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ ഇക്കഴിഞ്ഞ ഞായറാഴ്ച(20/11/16) കരുണയുടെ അസാധാരണ ജൂബിലിക്ക് സമാപനം കുറിച്ചക്കപ്പെട്ടത് അനുസ്മരിച്ചു. എന്നാല്‍ ദൈവത്തിന്‍റെ  കാരുണ്യഹൃദയം പാപികളായ നമ്മുടെ മുന്നില്‍ അടയ്ക്കപ്പെട്ടിട്ടില്ലയെന്നും നമ്മുടെമേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നത് അവിടന്ന് ഒരിക്കലും നിറുത്തുകയില്ലെന്നും പാപ്പാ പറഞ്ഞു. അപ്രകാരം തന്നെ നമ്മളും ഹൃദയങ്ങള്‍ അടയ്ക്കരുതെന്നും ശാരീരികവും ആദ്ധ്യാത്മകവുമായ കാരുണ്യപ്രവൃത്തികളില്‍ നിന്ന് വിരമിക്കരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ   അപ്പസ്തോലികാശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.