2016-11-21 17:36:00

ജൂബിലിയുടെ സമാപനപരിപാടിക്ക് വത്തിക്കാനില്‍ 70,000 വിശ്വാസികള്‍


നവംബര്‍ 20-Ɔ൦ തിയതി ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍‍മ്മികത്വത്തില്‍ രണ്ടു പരിപാടികളാണ് വത്തിക്കാനില്‍ നടന്നത്. വിശുദ്ധകവാടം അടയ്ക്കലും, തുടര്‍ന്ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ താല്‍ക്കാലിക വേദിയില്‍ അരങ്ങേറിയ ക്രിസ്തുരാജമഹോത്സവത്തിലെ ജൂബിലിസമാപന ബലിയര്‍പ്പണവും. പരിപാടികളില്‍ പങ്കെടുത്തവര്‍ 70,000-ലും അധികമായിരുന്നു. ‘ജെന്താര്‍മേരിയ’ എന്നറിയപ്പെടുന്ന  വത്തിക്കാന്‍റെ പൊലീസ് വിഭാഗവും,  ‘സ്വിസ്ഗാര്‍ഡുകള്‍’ എന്നു വിഖ്യാതമായ സുരക്ഷാവിഭാഗവുംവഴി, പ്രവേശനം സൗജന്യമെങ്കിലും നിയന്ത്രിക്കുന്നതിനാലാണ് പാപ്പായുടെ പരിപാടികളിലെ ജനപങ്കാളിത്തം കൃത്യമായി അറിയാന്‍ സാധിക്കുന്നത്.

വത്തിക്കാന്‍ ടിവി, റോഡിയോ ഉള്‍പ്പെടെയുള്ള മാധ്യമ വിഭാഗങ്ങള്‍ സംയുക്തമായി ഒരുക്കുന്ന പാപ്പായുടെ പരിപാടികളിലൂടെ തത്സമയം പങ്കെടുക്കുന്നവരുടെ കണക്കും ഭീമമാണ്.

ടിക്കറ്റുകള്‍ നേരിട്ടോ ‘ഓണ്‍-ലൈനാ’യോ (On-Line) മുന്‍കൂര്‍ വാങ്ങിയിട്ടുള്ളവര്‍ക്കു മാത്രമേ പരിപാടികളില്‍, അത് പുറത്തെ വേദിയിലോ, ബസിലിക്കയിലെ അള്‍ത്താരയിലോ, ഹോളിലോ, എവിടെ ആയിരുന്നാലും പങ്കെടുക്കാനാവൂ.

‌ടിക്കറ്റുകള്‍ക്കുള്ള ലിങ്കുകള്‍:

http://www.papalaudience.org/tickets

http://www.vatican.va/various/prefettura/en/udienze_en.html

കൂടാതെ വത്തിക്കാന്‍റെ പ്രധാന കമാനങ്ങളിലെ സ്വസ്ഗാര്‍ഡ് പോസ്റ്റുകളിലും ടിക്കറ്റുകള്‍ പരിപാടിക്ക് മുന്നേ ലഭ്യമാണ്.

1981 മെയ് 13-Ɔ൦ തിയതി ഒരു ബുധനാഴ്ച, പൊതുകൂടിക്കാഴ്ചയ്ക്കായി തുറന്ന ജീപ്പില്‍ ജനമദ്ധ്യത്തിലൂടെ വേദിയിലേയ്ക്കു നീങ്ങിയ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കുനേരെ   അലി അഖാ എന്ന യുവാവ് നിറയൊഴിച്ചു. ഒരു കുഞ്ഞിനെ ആശ്ലേഷിക്കാന്‍ ശ്രമിക്കുന്ന പ്രക്രിയയില്‍ സ്ഥാനംതെറ്റിയ ബുള്ളറ്റുകള്‍ നെഞ്ചിനു താഴെയും ഉദരഭാഗത്തുമായി പതിച്ച്, ജീപ്പില്‍ രക്തത്തില്‍ കുളിച്ചു പാപ്പാ ജീപ്പിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍റെ കൈയ്യിലേയ്ക്കു വീണു. തക്കസമയത്തു ലഭിച്ച പ്രാഥിമിക പരിചരണവും, വത്തിക്കാന്‍റെ മേല്‍നോട്ടത്തിലുള്ള ജെമേലി ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ഉടനെ നടത്തിയ ശസ്ത്രക്രിയയും പാപ്പായെ അത്ഭുതകരമായി രക്ഷപ്പെടുത്തി.

വത്തിക്കാനിലെ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന മൈക്കിളാഞ്ചലോയുടെ അതുല സൃഷ്ടിയായ ‘പിയെത്താ’ (Pietà) എന്ന വെണ്ണിലാ ശില്പം മാനസികവിഭ്രാന്തി ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന മനുഷ്യന്‍ (Lazlo Toth,  33)   ചുറ്റികകൊണ്ട് അടിച്ച് കേടുപാടു വരുത്തി. 1974 മെയ് 21-ന് ആയിരുന്നു സംഭവം.   ശില്പത്തിന്‍റെ നെറുകയും, മൂക്കിന്‍റെ ഭാഗവും, വിരലുകളും അടിച്ച് കേടുപാടുണ്ടാക്കി. നാലിടങ്ങളില്‍ ചിന്നിത്തകര്‍ന്ന മാര്‍ബിള്‍ ശില്പം ജപ്പാനില്‍നിന്നും എത്തിയ പുരാശില്പങ്ങളുടെ പുനരുദ്ധാരകരാണ് കേടുപാടുകള്‍ തീര്‍ത്ത് പുനര്‍പ്രതിഷ്ഠിച്ചത്. മൈക്കിളാഞ്ചലോ കൈയ്യൊപ്പിട്ട് അവകാശം ഉന്നയിക്കുന്ന അന്യൂനവും ആശ്ചര്യമൂറുന്നതുമായ ഏകശില്പം, “പിയെത്താ”  ഇന്ന് ഭീമമായ ‘ബുള്ളറ്റ് പ്രൂഫ്’ (Bullet proof) ഗ്ലാസ്സ്-ഭിത്തിക്കു പിന്നിലാണ്.

 ഈ രണ്ടു സംഭവങ്ങള്‍ക്കും ശേഷമാണ് നിത്യനഗരത്തിലേയ്ക്കും ബസിലിക്കയിലേയ്ക്കും പാപ്പായുടെ പരിപാടികള്‍ക്കുമുള്ള തീര്‍ത്ഥാടകരുടെ പ്രവേശത്തിന് വത്തിക്കാന്‍റെ ഗവര്‍ണേറേറ്റ് കര്‍ശനമായ നിയന്ത്രണംവച്ചത്.  








All the contents on this site are copyrighted ©.