2016-11-20 19:17:00

കാരുണ്യത്തിന്‍റെ വിശുദ്ധകവാടം പാപ്പാ ഫ്രാന്‍സിസ് അടച്ചപ്പോള്‍


നവംബര്‍ 20-Ɔ൦ തിയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയര്‍പ്പണത്തിന് ആമുഖമായിട്ടാണ് ജൂബിലിയുടെ കാരുണ്യകവാടം അടയ്ക്കുന്ന കര്‍മ്മം നടന്നത്. ജൂബിലിഗാനം ആമുഖമായി ആലാപിക്കപ്പെട്ടതോടെ കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.

‘ദൈവം കരുണയുള്ളവന്‍ ആയിരിക്കുന്നതുപോലെ   നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’  (ലൂക്കാ 32, 6). ജൂബിലിയുടെ ആപ്തവാക്യം വെളിപ്പെടുത്തുന്നതാണ് ജൂബിലിഗാനം. യൂജിന്കോസ്ത എസ്.ജെ. രചിച്ച ഗാനത്തിന് ഈണംപകര്‍ന്നത് പോള്‍ ഈന്‍വൂഡാണ്.  ആലപിച്ചത് വത്തിക്കാനിലെ സിസ്റ്റൈന്ഗായകസംഘവും.  ക്രിസ്തുരാജത്വത്തിന്‍റെ ലാളിത്യവും, ഒപ്പം പ്രഭയും അനുസ്മരിപ്പിക്കുന്ന വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം നവകര്‍ദ്ദിനാളന്മാര്‍ ഉള്‍പ്പടെയുള്ള സഹകാര്‍മ്മികരും വിശ്വാസസമൂഹവും ബസിലക്കയുടെ ഉമ്മറത്ത് വലതുഭാഗത്തുള്ള ജൂബിലികവാടത്തിങ്കല്‍ പ്രദക്ഷിണമായി എത്തിച്ചേര്‍ന്നു.

ത്രിത്വസ്തുതിയോടെ പാപ്പാ ആരംഭിച്ചു. ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ട് വിശ്വാസസമൂഹത്തോടു ചേര്‍ന്നു സങ്കീര്‍ത്തനം-135 ഉരുവിട്ടുകൊണ്ടാണ് ജൂബിലികവാടം അടയ്ക്കുന്ന കര്‍മ്മം തുടര്‍ന്നത്.  ഭൂമിയില്‍ ദൈവരാജ്യം തുറക്കണേ, പുതിയഭൂമിയും പുതിയാകാശവും വിരിയിക്കണേ, എന്ന് സങ്കീര്‍ത്തകനോടു ചേര്‍ന്നു പ്രാര്‍ത്ഥിച്ചശേഷം വിശുദ്ധകവാടം അടയ്ക്കുന്നതിനുള്ള പ്രാര്‍ത്ഥന പാപ്പാ ഫ്രാന്‍സിസ് ചൊല്ലി.

കണക്കുകള്‍പ്രകാരം വത്തിക്കാനിലെ ജൂബിലികവാടം കടന്ന തീര്‍ത്ഥാടകര്‍ മൂന്നു കോടിയിലേറെയാണ്. 2015 ഡിസംബര്‍ 8-ന് അമലോത്ഭവനാഥയുടെ തിരുനാളി‍ല്‍ തുടക്കംകുറിച്ച ആഗോള സഭയുടെ കാരുണ്യത്തിന്‍റെ ജൂബിലയാചരണം പാപ്പാ ഫ്രാന്‍സിസ് വിശുദ്ധകവാടം അടയ്ക്കുന്നതോടെ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം സമാപിക്കുകയാണ്. എന്നാല്‍ ദൈവിക കാരുണ്യത്തിന്‍റെ കവാടം ഒരിക്കലും അടയ്ക്കപ്പെടുന്നില്ല. അത് അളവില്ലാതെ, അതിരില്ലാതെ മനുഷ്യരിലേയ്ക്ക് ഒഴുകുകയാണ് .  ഗായകസംഘം ഏശയായുടെ പ്രവചനവാക്യം ലത്തീന്‍ ഭാഷയില്‍ ആലപിച്ചു. (ഏശയ 22, 22... 42, 7)

ഇസ്രാലിന്‍റെ കമാനവും അതിന്‍റെ നാഥനുമായവനും, ദൈവികകാരുണ്യത്തിന്‍റെ മൂര്‍ത്തരൂപമായ ക്രിസ്തുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ജൂബിലി കവാടത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടന്നടുത്തത്. ഏതാനും നിഷങ്ങള്‍ നമ്രശിരസ്ക്കനായി നിന്ന്. മൗനമായി പ്രാര്‍ത്ഥിച്ചശേഷം, ജൂബിലികവാടത്തിന്‍റെ ഓരോ പാളികളും പാപ്പാ വലിച്ച് അടുപ്പിക്കുകയും, കവാടം അടച്ചു പൂട്ടുകയുംചെയ്തു!

അനിതരസാധാരണമായ ജൂബിലിയുടെ പ്രഖ്യാപനത്തിലൂടെ ലോകത്തിന് ദൈവികകാരുണ്യത്തിന്‍റെ കവാടം പ്രചോദനാത്മാകമായി തുറന്നുതന്ന പാപ്പാ ഫ്രാന്‍സിസ് അതിന്‍റെ ഔദ്യോഗിക സമാപനവും കുറിച്ചു. എന്നാല്‍ ലോകത്ത് ഇനിയും ദൈവികാരുണ്യം വര്‍ഷിക്കപ്പെടാനും, അത് നമ്മിലൂടെ കാരുണ്യപ്രവൃത്തികളായി അനുദിനം പങ്കുവയ്ക്കപ്പെടാനുള്ള സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും കൂട്ടായ്മയുടെയും പാവങ്ങളോടുള്ള പ്രതിപത്തിയുടെയും നവമായൊരു ബലതന്ത്രം ലോകത്തിന് പകര്‍ന്നുനല്കിക്കൊണ്ടാണ് ജൂബിലവത്സരത്തിന് പാപ്പാ ഫ്രാന്‍സിസ് സമാപനംകുറിക്കുന്നത്.

തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് സഭയിലെ നവകര്‍ദ്ദിനാളന്മാരോടും, മറ്റു സഹകാര്‍മ്മികരോടും ചേര്‍ന്ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ താല്‍ക്കാലിക വേദിയിലേയക്ക് പ്രദക്ഷിണമായി നീങ്ങി. ക്രിസ്തുരാജമഹോത്സവനാളിലെ ജൂബിലി സമാപനബലി കാരുണ്യത്തിന്‍റെ ആഘോഷമായി അര്‍പ്പിക്കപ്പെട്ടു. ദൈവികകാരുണ്യത്തിന്‍റെ വറ്റാത്ത നിര്‍ഝരി തന്‍റെ സ്വയാര്‍പ്പണത്തിലൂടെ ലോകത്തിലേയ്ക്ക് ഒഴുക്കിയ ക്രിസ്തുരാജന്‍റെ കാരുണ്യോത്സവത്തില്‍ വിവിധരാജ്യങ്ങളില്‍നിന്നും എത്തിയ ആയിരങ്ങള്‍ ആത്മനിര്‍വൃതിയോടെ പങ്കെടുത്തു. 








All the contents on this site are copyrighted ©.