2016-11-18 15:29:00

പണത്തോടുള്ള സ്നേഹം, ദൈവരാജ്യത്തെ നശിപ്പിക്കുന്ന വിത്ത്


ദേവാലയത്തില്‍ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെ യേശു പുറത്താക്കുന്ന വചനഭാഗം വി. ലൂക്കായുടെ സുവിശേഷം പത്തൊമ്പതാം അധ്യായത്തില്‍നിന്നു വായിച്ചശേഷം ധ്യാനവിചിന്തനം നല്കുകയായിരുന്നു പാപ്പാ. ദൈവത്തിന്‍റെ ഭവനം, അത് പ്രാര്‍ഥനയുടെ ഭവനമാണ്. പണത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്ന ഹൃദയം വിഗ്രഹാരാധനയിലാണ്. യേശു പറയുന്നു, രണ്ടു യജമാനന്മാരെ ഒരുമിച്ചു സേവിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.  

വത്തിക്കാന്‍ സ്റ്റേറ്റ് സംഘടിപ്പിച്ച പേപ്പല്‍ പ്രതിനിധിമാരുടെ സെക്രട്ടറിമാരും മറ്റു ജോലിക്കാരുടെ യും ജൂബിലിയാചരണത്തിന് എത്തിയവരായിരുന്നു പാപ്പായോ‌‌ടൊത്തു ദിവ്യബലിയര്‍പ്പിച്ചത്. പണത്തോടുള്ള നിങ്ങളുടെ മനോഭാവം എന്താണ് എന്നു ചോദിച്ചുകൊണ്ട് പാപ്പാ പറഞ്ഞു,  ദൈവജനം വൈദികരുടെ ഒരുപാടു തെറ്റുകുറ്റങ്ങളും ക്ഷമിക്കും.  എന്നാല്‍ അവര്‍ക്കു ക്ഷമിക്കാന്‍ കഴിയുകയില്ലാത്ത രണ്ടു തെറ്റുകള്‍ ഇവയാണ്: പണത്തോടുള്ള അവരുടെ അന്യായമായ ആഗ്രഹവും   വിശ്വാസികളോടുള്ള അപമര്യാദയായ പെരുമാറ്റവും.

പഴയനിയമത്തില്‍നിന്ന് റാഹേല്‍, യാക്കോബിന്‍റെ ഭാര്യ, കുലദൈവങ്ങളെ ഒളിച്ചുവെച്ച സംഭവത്തെ അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പാ വചനസന്ദേശം ഇപ്രകാരം അവസാനിപ്പിച്ചു. ഹൃദയങ്ങളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കുലദൈവം പണമെന്ന വിഗ്രഹമാണോ എന്നു ചിന്തിക്കുക. തെരഞ്ഞെടുപ്പില്‍ ധൈര്യമുള്ളവരായിരിക്കുക. ക്രീസ്തീയദാരിദ്ര്യം, അതു കര്‍ത്താവു നമ്മുടെ ഹൃദയങ്ങളില്‍ ചൊരിഞ്ഞിരിക്കുന്ന കൃപയാണ്. അവിടുത്തെ സേവകരില്‍ കര്‍ത്താവു ഈ ദാരിദ്യചൈതന്യം നല്‍കട്ടെ, അവകാശപ്പെട്ടതുമാത്രം സ്വീകരിക്കുന്ന, കൂടുതല്‍ അന്വേഷിക്കാത്ത സേവകരെ ദൈവം നല്‍കട്ടെ.








All the contents on this site are copyrighted ©.